വോള്‍ട്ടേജ് കമ്മിയായി; പരിക്ക് തുന്നിക്കെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ കാലിലെ പരിക്ക് തുന്നിക്കെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍. മൊബൈല്‍ വെട്ടം കാണിച്ച് ശസ്ത്രക്രിയയ്ക്ക് സഹായിച്ചത് പരിക്കേറ്റ യുവാവു തന്നെ. പൈനാവിലെ ഇടുക്കി മെഡിക്കല്‍ കോളേജിലാണ് സംഭവം. വൈദ്യുതി പോകുമ്പോള്‍ പ്രവര്‍ത്തിക്കുവാന്‍ ജനറേറ്റര്‍ ഇല്ലാത്തതാണ് കാരണം. മൂന്ന് വര്‍ഷം മുന്‍പ് ഇതേ ആശുപത്രിയില്‍ മെഴുകുതിരി വെളിച്ചത്തില്‍ രണ്ട് യുവതികള്‍ക്ക് സിസേറിയന്‍ നടത്തിയത് വിവാദമായിരുന്നു.
വാഹന അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ യുവാവിന്റെ കാലിന്റെ തുന്നിക്കെട്ടലുകള്‍ നടത്തുന്നതിനിടയില്‍ വൈദ്യുതിതടസ്സപ്പെട്ടു. തുടര്‍ന്ന് പരിക്കേറ്റ യുവാവ് തന്നെ തന്റെ മൊബൈല്‍ ഫോണില്‍ നിന്നും വെളിച്ചം കാണിച്ചതിനാലാണ് നഴ്‌സിന് കാലില്‍ തുന്നിക്കെട്ടല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞത്.
പ്രധാന ഓപ്പറേഷന്‍ തിയറ്ററില്‍ മാത്രം ഉപയോഗിക്കുവാന്‍ കഴിയുന്ന ഒരു ജനറേറ്റര്‍ ഉണ്ടെങ്കിലും ഐ.സി.യു, മിനി ഓപ്പറേഷന്‍ തീയറ്റര്‍, വാര്‍ഡുകള്‍, അത്യാഹിത വിഭാഗം എന്നിവ ഉള്‍പ്പെടുന്ന ആശുപത്രിയിലെ മറ്റൊരിടത്തും ജനറേറ്റര്‍ സൗകര്യമില്ല. ശസ്ത്രക്രിയ നടക്കുമ്പോള്‍ കറന്റ് പോയാല്‍ മൊബൈല്‍ ഫോണും മെഴുകുതിരിയും മാത്രമാണ് ഏക ആശ്രയം.
എച്ച്.എം.സി അക്കൗണ്ടില്‍ ലക്ഷങ്ങള്‍ ബാലന്‍സുണ്ടായ കാലത്തു പോലും ജനറേറ്റര്‍ വാങ്ങാനോ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനോ അധികൃതര്‍ തയ്യാറായില്ല. പ്രധാന ഓപ്പറേഷന്‍ തിയറ്ററിലേയ്ക്ക് വാങ്ങിയ ജനറേറ്റര്‍ മണ്ണെണ്ണ ഇല്ലാത്തതിനാല്‍ പലപ്പോഴും പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാറില്ല. രോഗികളുടെ ജീവന്‍ വച്ച് പന്താടുന്ന അധികൃതരുടെ നടപടിയില്‍ ജനങ്ങളുടെ ഇടയില്‍ പ്രതിഷേധം വ്യാപകമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























