തലസ്ഥാനത്തെ അക്ഷരപൂജയ്ക്കായി നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്ര തുടങ്ങി

തലസ്ഥാനത്തെ അക്ഷരപൂജയ്ക്കായി പുരാതന രാജധാനിയില്‍നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്ര തുടങ്ങി. ഞായറാഴ്ച രാവിലെ 8ന് പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ വിഗ്രഹയാത്രയ്ക്കുള്ള ഉടവാള്‍ ഗവര്‍ണര്‍ പി.സദാശിവം കന്യാകുമാരി ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പദ്മനാഭപുരം തെക്കതെരുവില്‍ തിങ്ങിനിറഞ്ഞ ജനസാന്നിദ്ധ്യത്തില്‍ വിഗ്രഹയാത്രയ്ക്ക് മംഗളകരമായ തുടക്കം.
പദ്മനാഭപുരം തേവാരക്കെട്ട് സരസ്വതിദേവീ, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ ദേവവിഗ്രഹങ്ങളെയാണ് എഴുന്നള്ളിച്ചത്. സരസ്വതിയെ ആനപ്പുറത്തും മറ്റ് വിഗ്രഹങ്ങളെ പല്ലക്കിലും എഴുന്നള്ളിച്ചപ്പോള്‍ തെക്കേതെരുവില്‍ വായ്ക്കുരവയും വാദ്യഘോഷവും മുഴങ്ങി. കൊട്ടാരമുറ്റത്തെ സ്വീകരണത്തിനും പോലീസിന്റെ ആചാരമര്യാദയ്ക്കും ശേഷം രാവിലെ 9ന് വിഗ്രഹയാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
മന്ത്രി വി.എസ്.ശിവകുമാര്‍, കന്യാകുമാരി ജില്ലാ കളക്ടര്‍ സജന്‍സിങ് ആര്‍.ചവാന്‍, എ.ടി.േജാര്‍ജ് എം.എല്‍.എ., പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഡോ. ജി.പ്രേംകുമാര്‍, കൊട്ടാരം സൂപ്രണ്ട് ആര്‍.രാജേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തമിഴ്‌നാട് ദേവസ്വം ജോയിന്റ് കമ്മിഷണര്‍ പൊന്‍ സ്വാമിനാഥനാണ് ഗവര്‍ണര്‍ക്ക് ഉടവാള്‍ കൈമാറിയത്. യാത്രയ്ക്ക് അകമ്പടി പോകുന്ന ദേവസ്വം മാനേജര്‍ സുദര്‍ശനകുമാര്‍ അദ്ദേഹത്തില്‍നിന്ന് ഉടവാള്‍ ഏറ്റുവാങ്ങി.
തമിഴ്കവി കമ്പര്‍ പൂജിച്ച വിഗ്രഹമാണ് തേവാരക്കെട്ട് സരസ്വതി എന്നാണ് വിശ്വാസം. പദ്മനാഭപുരം കൊട്ടാരത്തിലെ നവരാത്രിമണ്ഡപത്തില്‍ നടന്നിരുന്ന വിഗ്രഹപൂജ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
വിഗ്രഹഘോഷയാത്രയ്ക്ക് ഞായറാഴ്ച രാത്രി കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ ഇറക്കിപ്പൂജ നടത്തി. തിങ്കളാഴ്ച രാവിലെ ജില്ലാ അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വിഗ്രഹയാത്രയെ കേരളം വരവേല്‍ക്കും.
തിങ്കളാഴ്ച നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലാണ് ഇറക്കിപ്പൂജ. ചൊവ്വാഴ്ച വൈകീട്ട് കരമനയില്‍നിന്ന് വിഗ്രഹയാത്രയെ സാഘോഷം വരവേല്‍ക്കും. സന്ധ്യക്ക് കിഴക്കേക്കോട്ടയിലെത്തുന്ന വിഗ്രഹങ്ങളില്‍ സരസ്വതിദേവിയെ പദ്മതീര്‍ത്ഥക്കരയിലെ നവരാത്രിമണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. നവരാത്രിപൂജ ബുധനാഴ്ച ആരംഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha