അടിവസ്ത്രമഴിപ്പിച്ചു മാറ്റിയിട്ട് പരീക്ഷയെഴുതിയാൽ മതിയെന്നുള്ള ആ ഉദ്യോഗസ്ഥയിലെ കുറ്റവാളിയുടെ മനസ്സ് കാണാതെ പോകരുത്; കോപ്പിയടിക്കുമെന്നാണ് ഭയമെങ്കിൽ മൊബൈൽ ജാമറുകൾ പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് അത്തരം തിരിമറികൾ ഒഴിവാക്കുവാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്; അല്ലാതെ വിദ്യാർഥിനിയുടെ അടിവസ്ത്രമഴിക്കുന്ന ആ കാട്ടാള നടപടിയങ്ങ് വെള്ളരിക്കാ പട്ടണത്തിൽ കാണിച്ചാൽ മതി; പൊട്ടിത്തെറിച്ച് ഡോ.സുൽഫി നൂഹു

നീറ്റ് പരീക്ഷയിൽ വിദ്യാർഥിനികളുടെ അടിവസ്ത്രം ഊരിപ്പിച്ച സംഭവം വളരെയധികം വിവാദമായിരുന്നു. ഈ വിഷയത്തിൽ പ്രതിക്കരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; അടിവസ്ത്രമഴിപ്പിക്കുന്നവരോട്... അടിവസ്ത്രമഴിച്ച് പരിശോധിക്കണമെന്ന ജീവനക്കാരിയുടെ കുശാഗ്ര ബുദ്ധിക്ക് അടിവരയിട്ട് നമസ്കാരം.
നീറ്റ് പോലെയുള്ള ഒരു പരീക്ഷയിൽ ഒരുത്തരം തെറ്റുമ്പോൾ നൂറുകണക്കിന് റാങ്കുകൾ താഴോട്ട് പോകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥിനിയെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടത് അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്. ഇത്തരം ഒരു പരീക്ഷയിൽ ആൾമാറാട്ടവും തിരിമറിയുമൊക്കെ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലായെന്നുള്ളത് മറ്റൊരു വിഷയം. അടിവസ്ത്രമഴിപ്പിച്ചു മാറ്റിയിട്ട് പരീക്ഷയെഴുതിയാൽ മതിയെന്നുള്ള ആ ഉദ്യോഗസ്ഥയിലെ കുറ്റവാളിയുടെ മനസ്സ് കാണാതെ പോകരുത്.
ഇത്തരം ഒരു പരീക്ഷയ്ക്ക് വർഷങ്ങളോളം തയ്യാറെടുപ്പ് അത്യാവശ്യമാണ്. ആ തയ്യാറെടുപ്പുകളിൽ ഔന്നിത്യം പുലർത്തുന്നവർ തന്നെയാണ് എംബിബിഎസ് പോലെയുള്ള ഒരു കോഴ്സിന് ചേരേണ്ടതും പഠിക്കേണ്ടതും. ഇത്തരം പരീക്ഷകളുടെ കാഠിന്യവും സങ്കീർണതയും മനസ്സിലാക്കാതെ വളരെ നിസ്സാരമായി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാർ ധാരാളമുണ്ടെന്നുള്ളതാണ് വസ്തുത. പണ്ടൊരു കാലത്ത്, എൻട്രൻസ് പരീക്ഷ എഴുതാൻ ഇരുന്നപ്പോൾ ഹാളിലെ അധ്യാപിക അടുത്ത മുറിയിലെ അധ്യാപികയുമായി വീട്ടുകാര്യം ഉറക്കെ സംസാരിച്ച് രസിക്കുന്നു.
പൊതുവേ എനിക്ക് കടു കട്ടിയായിരുന്ന ഫിസിക്സിലെ പല ചോദ്യങ്ങളും കണ്ടു മറന്നതായി തോന്നിത്തുടങ്ങിയപ്പോൾ ഞാൻ പതുക്കെ എണീറ്റ് അധ്യാപികയോട് ഇങ്ങനെ സൂചിപ്പിച്ചു. "ടീച്ചറെ, ഇതെല്ലാം തെറ്റുന്നു. ടീച്ചർ സംസാരിക്കുന്നതുകൊണ്ടാണോയെന്നറിയില്ല" സംസാരം നിർത്തിയെങ്കിലും അടുത്ത് വന്ന് ടീച്ചർ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു. "എന്തെങ്കിലുമൊക്കെ പഠിച്ചതാണോ"?. സംസാരം അപഹരിച്ച മിനിറ്റുകൾ കൂടാതെ ഏതാനും മിനിറ്റുകൾ കൂടി ആ ചോദ്യത്തിൽ കുരുങ്ങി നഷ്ടമായി.
മറ്റൊന്നിലും ശ്രദ്ധ പോകരുതെന്ന് എൻട്രൻസ് ടീച്ചർമാർ പറഞ്ഞു തന്ന ഉപദേശം പ്രാവർത്തികമാക്കാൻ എനിക്ക് കഠിനപ്രയത്നം ചെയ്യേണ്ടി വന്നു. ഇങ്ങനെ തുടങ്ങി ചെറുതും വലുതുമായ ഒട്ടനവധി അനുഭവങ്ങൾ പലർക്കും പറയാനുണ്ടാകും. ഇതിപ്പോ അതിനെയൊക്കെ കടത്തിവെട്ടി അടിവസ്ത്രം ഊരി മാറ്റുന്നു. ഒരുപക്ഷേ മെറ്റാലിക് ക്ലിപ്പിന്റെ രൂപത്തിൽ ബ്ലൂടൂത്ത് പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിക്കുമെന്നാണ് ഭയമെങ്കിൽ മൊബൈൽ ജാമറുകൾ പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് അത്തരം തിരിമറികൾ ഒഴിവാക്കുവാൻ ശ്രമിക്കുകയാണ് പകരം ചെയ്യേണ്ടത്.
കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷകളിൽ ഇൻറർനെറ്റ് കണക്ഷനുകൾ അത്യന്താപേക്ഷിതമാകുമ്പോൾ പോലും മറ്റ് ഫ്രീക്വൻസികളിലുള്ള തരംഗങ്ങളെ തടഞ്ഞുനിർത്താൻ തീർച്ചയായും കഴിയും കഴിയണം. അല്ലാതെ വിദ്യാർഥിനിയുടെ അടിവസ്ത്രമഴിക്കുന്ന ആ കാട്ടാള നടപടിയങ്ങ് വെള്ളരിക്കാ പട്ടണത്തിൽ കാണിച്ചാൽ മതി.
https://www.facebook.com/Malayalivartha


























