മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് വിവിധ രീതിയില്‍ നടക്കുന്ന ചതിക്കുഴികളെ സൂക്ഷിക്കണം; ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി വായ്പ എടുത്ത് ചതിക്കുഴിയില്‍പ്പെടുന്ന സംഭവങ്ങള്‍ കൂടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് വിവിധ രീതിയില്‍ നടക്കുന്ന ചതിക്കുഴികളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി വായ്പ എടുത്ത് ചതിക്കുഴിയില്‍പ്പെടുന്ന സംഭവങ്ങള്‍ കൂടുകയാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. അഡ്വ. വി. ജോയിയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തിൽ ബോധവത്ക്കരണം അടിയന്തിരമായി വേണ്ടതുണ്ട്. ധാരാളം ആളുകള്‍ വലിയ തോതില്‍ തട്ടിപ്പിന് ഇരയാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം തന്നെ വായ്പ കിട്ടുന്നിടത്തുനിന്നെല്ലാം വാങ്ങുന്ന നില പലരും സ്വീകരിക്കുന്നുണ്ട്. അത്തരം മാനസികാവസ്ഥയുള്ളവരെ എളുപ്പത്തില്‍ വായ്പാ വാഗ്ദത്തം വഴി വഞ്ചിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് എങ്ങനെ പ്രാവര്‍ത്തികമാകുന്നുവെന്നാണ് അഡ്വ. വി. ജോയി ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി വായ്പ എടുത്ത് ചതിക്കുഴിയില്‍പ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാതെയും, മണി ലെന്‍ഡേഴ്‌സ് ആക്റ്റിന് വിരുദ്ധമായും മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെന്ന സൂചനകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
കൂടാതെ മണി ലെന്‍ഡിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചശേഷം 30 ശതമാനത്തോളം തുക പ്രോസസ്സിംഗ് ഫീസായി ഈടാക്കി ഒരാഴ്ച കാലാവധിക്ക് ചെറിയ തുകകള്‍ വായ്പയായി നല്‍കുന്നതാണ്. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ അയച്ച് ഉപഭോക്താവിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന രീതിയാണ് വായ്പാ കമ്പനികള്‍ സ്വീകരിച്ചുവരുന്നത്.
എന്നാൽ ഇത്തരം തട്ടിപ്പ് കേസുകളില്‍ ശക്തമായ നടപടികള്‍ പൊലീസ് സ്വീകരിച്ചുവരുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യക്ഷമമായ അന്വേഷണവും നിയമ നടപടികളും ഉറപ്പുവരുത്തുന്നതിനായി 19 സൈബര്‍ പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നത് തന്നെ. ഇതിന് പുറമെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകേസുകളുടെ കുറ്റാന്വേഷണങ്ങളില്‍ സഹായിക്കുവാന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ഹൈടെക് എന്‍ക്വയറി സെല്ലും പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























