കേന്ദ്രത്തിന്റെ അപ്രതീക്ഷിത ഇടപെടൽ, പ്രവാസികളുടെ വലിയ പ്രശ്‌നത്തിന് പരിഹാരം, ഇനി വിദേശത്ത് നിന്നും എത്തുന്ന പ്രവാസികൾക്ക് ലഭ്യമായ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസായോ പ്രിക്കോഷന്‍ ഡോസായോ സ്വീകരിക്കാം

വിദേശത്ത് നിന്നും വരുന്നവർക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്‌സിൻ രണ്ടാം ഡോസായോ പ്രിക്കോഷൻ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിദേശത്ത് ലഭ്യമായ വാക്‌സിൻ ഒരു ഡോസോ, രണ്ട് ഡോസോ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികൾക്ക് അതേ വാക്‌സിൻ ഇവിടെ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു.
ഇക്കാര്യം സംസ്ഥാനമുൾപ്പെടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തും അതനുസരിച്ചുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ വളരെയധികം പ്രവാസികൾക്കാണ് സഹായകമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പിന്റെ ശിപാർശ പ്രകാരമാണ് നടപടി. ഇതനുസരിച്ച് ഭാഗികമായി വാക്‌സിൻ എടുത്ത ഇന്ത്യക്കാർക്കും വിദേശികൾക്കും ആഭ്യന്തരമായി ലഭ്യമായ കോവിഡിന്റെ രണ്ടാമത്തെ ഡോസ് അല്ലെങ്കിൽ മുൻകരുതൽ ഡോസ് സ്വീകരിക്കാവുന്നതാണ്.
വിദേശത്ത് നിന്നും വരുന്നവരുടെ വാക്‌സിനേഷനായി പോർട്ടലിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ 12 മുതൽ 14 വരെ വയസുള്ള കുട്ടികൾക്ക് കോർബിവാക്‌സ് വാക്‌സിനും 15 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് കോവാക്‌സിനുമായിരിക്കും ലഭിക്കുക.
വാക്‌സിനെടുക്കാത്ത 12 വയസിന് മുകളിലുള്ള മുഴുവൻ പേരും വാക്‌സിനെടുക്കേണ്ടതാണ്. ഒന്നും രണ്ടും ഡോസ് കോവിഡ് വാക്‌സിൻ സമയബന്ധിതമായി എടുത്താൽ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കൂ. 18 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് 6 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങൾക്കോ വിദേശത്ത് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും കരുതൽ ഡോസ് എടുക്കാവുന്നതാണ്. സംസ്ഥാനത്ത് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കരുതൽ ഡോസ് സർക്കാർ കോവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ സൗജന്യമാണ്. സൗജന്യ കരുതൽ ഡോസ് വാക്‌സിൻ സെപ്റ്റംബർ മാസം അവസാനംവരെ മാത്രമേയുണ്ടാകൂ.
12 മുതൽ 14 വരെ പ്രായമുള്ള 79 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്‌സിനും 47 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 15 മുതൽ 17 വരെ പ്രായമുള്ള 86 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്‌സിനും 61 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ള 89 ശതമാനം പേർക്ക് രണ്ടാം ഡോസും 13 ശതമാനം പേർക്ക് കരുതൽ ഡോസും നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























