കോഴിക്കോട് മോഷണം ആരോപിച്ച് വിദ്യാർത്ഥിയെ ആക്രമിച്ചു : കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്

കോഴിക്കോട് മോഷണം ആരോപിച്ച് വിദ്യാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ കേസ്. ബാലുശ്ശേരി കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയെ മോഷണം ആരോപിച്ച് സ്കൂൾ കാന്റീൻ ജീവനക്കാരൻ ആക്രമിച്ചതിരെയുള്ള പരാതിയിൽ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.
സംഭവത്തിൽ ജില്ല പൊലീസ് മേധാവി (റൂറൽ) 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. മാത്രമല്ല ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ടോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവിശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 26-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം സ്കൂൾ കാന്റീനിൽ നിന്ന് മിഠായി വാങ്ങി വരുമ്പോഴാണ് കാന്റീൻ ജീവനക്കാരൻ സജി ആക്രമിച്ചതെന്ന് വിദ്യാർത്ഥി പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ സംഭവത്തെ തുടർന്ന് ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ലെന്ന് പരാതിക്കാരന്റെ കുടുംബം പറയുന്നു. തുടർന്ന് കേസെടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമല്ലെന്നും പരാതിയിൽ പറയുന്നു. അതേസമയം, കേസ് നവംബർ 29-ന് കോഴിക്കോട് സിറ്റിങ്ങിൽ മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കും.
https://www.facebook.com/Malayalivartha






















