എല്ലാം വളരെ പെട്ടന്ന്... പൊലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു; കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സിപിഎം അനുകൂല ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ നടപടി

ഇവിടെ സംസ്ഥാന ഗവര്‍ണര്‍ ഒരറ്റത്ത് ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ അങ്ങ് ഡല്‍ഹിയില്‍ നിന്നും ഒരു വാര്‍ത്ത വരികയാണ്. പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള എഎപി പ്രവര്‍ത്തകരുടെ ശ്രമം തടയാനെത്തിയപ്പോള്‍ പൊലീസ് അകാരണമായി ഇടപെട്ടെന്നാണ് ആസിഫിന്റെ പ്രതികരണം. വീട്ടിലെത്തിയ പൊലീസ് സംഘം ബലംപ്രയോഗിച്ചാണ് പിതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരിബ ആരോപിച്ചു.
ഡല്‍ഹി കോര്‍പറേഷനിലേക്ക് ഡിസംബര്‍ 4നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന്‍ ഷഹീന്‍ബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയില്ലാതെ ജാമിയ നഗറില്‍ യോഗം നടത്തുകയും ഇതു തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആസിഫ് പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തതായി ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു.
ആസിഫ് മുഹമ്മദ് ഖാനോടൊപ്പം രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ.എ.പി അംഗം വോട്ടിന് പണം നല്‍കുന്നതറിഞ്ഞാണ് താന്‍ എത്തിയതെന്നും അതിനെതിരെ സംസാരിച്ചപ്പോഴാണ് പൊലീസ് തടഞ്ഞതെന്നും ആസിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൊലീസുമായുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
അതേസമയം ഗവര്‍ണര്‍ സംസ്ഥാനത്ത് ശക്തമായ നടപടിയിലേക്ക് പോകുകയാണ്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സിപിഎം അനുകൂല ജീവനക്കാര്‍ ഒന്നരമാസത്തിലേറെയായി നടത്തുന്ന സമരത്തെക്കുറിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടി. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരോ മന്ത്രിമാരോ ഇടപെടുന്നില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് ഗവര്‍ണറുടെ നടപടി.
സമരം ചെയ്യുന്നവരുടെ വിവരവും ചാന്‍സലര്‍ ആവശ്യപ്പെട്ടതോടെ സര്‍വകലാശാലയില്‍ ഇതിന്റെ വിവര ശേഖരണം തുടങ്ങി. വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന അഗ്രികള്‍ചര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ ഇഷിത റോയിയോടാണു റിപ്പോര്‍ട്ട് തേടിയത്.
സര്‍വകലാശാലയുടെ വിവിധ ജില്ലകളിലെ ഓഫിസുകളില്‍നിന്നു പലരും അവധിയെടുക്കാതെ സമരത്തിനെത്തുന്നുവെന്ന് ആരോപണവുമുണ്ട്. സിപിഎം അനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.വി. ഡെന്നിയെ മുന്‍ വൈസ് ചാന്‍സലര്‍ ആര്‍.ചന്ദ്രബാബു തരം താഴ്ത്തിയതിനെതിരെയാണു സമരം. രമ്യ ഹരിദാസ് എംപിയെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടു എന്ന കാരണം കാണിച്ചാണ് ഡെന്നിക്കെതിരെ ഒക്ടോബര്‍ 3ന് നടപടിയെടുത്തത്.
അസിസ്റ്റന്റ് റജിസ്ട്രാര്‍ തസ്തികയില്‍ നിന്ന് 2 ഗ്രേഡ് താഴ്ത്തി സെക്ഷന്‍ ഓഫിസറാക്കിയത് അസാധാരണ നടപടിയാണ്. സര്‍വകലാശാലയില്‍ 48 ദിവസമായി നടക്കുന്ന സമരത്തില്‍ സിപിഎം, സിപിഐ സര്‍വീസ് സംഘടനകള്‍ തമ്മിലുള്ള ചേരിപ്പോരും പ്രധാന ഘടകമാണ്. സിപിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വജനപക്ഷപാത നിയമനങ്ങള്‍ക്കും ഇന്‍ചാര്‍ജ് ഭരണത്തിനുമെതിരെ പ്രതികരിച്ചതിനുള്ള പകപോക്കലാണ് തരംതാഴ്ത്തലെന്നാണു സിപിഎം സംഘടനകള്‍ ആരോപിക്കുന്നത്.
മുന്‍ വൈസ് ചാന്‍സലര്‍ നടത്തിയ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും രാഷ്ട്രീയപ്രേരിതവും സിപിഐയുടെ നിര്‍ദേശപ്രകാരവുമാണെന്ന് ഡെന്നി ആരോപിച്ചിരുന്നു. സിപിഐ മന്ത്രി കെ.രാജന്‍, സര്‍വകലാശാലാ ആസ്ഥാനമായ മണ്ണുത്തി ഉള്‍പെടുന്ന ഒല്ലൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ്. അദ്ദേഹത്തിന്റെ പിന്തുണയോടെ സര്‍വകലാശാലയിലെ സിപിഎം സംഘടനകളെ തകര്‍ക്കുന്നതിനും സിപിഐ സംഘടനകള്‍ വളര്‍ത്തുന്നതിനും ശ്രമം നടക്കുന്നതായി സമരക്കാര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha