ട്രാവന്‍കൂര്‍ ടൈറ്റാനിയം 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസ് ... പോലീസ് റിപ്പോര്‍ട്ട് 26 ന് ഹാജരാക്കാന്‍ ഉത്തരവ്, ടൈറ്റാനിയം ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്, തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് 3 കേസുകളിലായി 3 ഹര്‍ജികള്‍ സമര്‍പ്പിച്ചത്

ട്രാവന്‍കൂര്‍ ടൈറ്റാനിയം 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍ പോലീസ് റിപ്പോര്‍ട്ട് 26 ന് ഹാജരാക്കാന്‍ തിരുവനന്തപുരം ഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസിലെ അഞ്ചാം പ്രതി ടൈറ്റാനിയം ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ജഡ്ജി കെ.വിഷ്ണുവിന്റെ ഉത്തരവ്.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് 3 കേസുകളിലായി 3 ഹര്‍ജികള്‍ സമര്‍പ്പിച്ചത്. കന്റോണ്‍മെന്റ്, പൂജപ്പുര , വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസുകളില്‍ ശശികുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്
കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ നായരെ 2022 ഡിസംബര്‍ 18 ന് അറസ്റ്റ് ചെയ്തിരുന്നു. ശശികുമാരന്‍ തമ്പി അടക്കമുള്ള കേസിലെ മറ്റു പ്രതികളെല്ലാം ഒളിവിലാണ്.
ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് നവംബര്‍ മാസം വെഞ്ഞാറമൂട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 12 ലക്ഷത്തിന്റെ തട്ടിപ്പിനാണ് പൂജപ്പുര സ്റ്റേഷനില്‍ കേസ് വന്നത്. 2018 മുതല്‍ സംഘം പലരില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്നാണ് ആരോപണം.
തട്ടിപ്പിനിരയായവരുടെ പക്കല്‍ നിന്നും പണം വാങ്ങിയ ദിവ്യാ നായരെ തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് വെഞ്ഞാറമൂട് പോലീസ് ഡിസംബര്‍ 18 ന് കസ്റ്റഡിയിലെടുത്തത്. ജോലി ഒഴിവുണ്ടെന്ന വിവരം ഫേസ് ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് അപേക്ഷിക്കുന്നവരില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത് ദിവ്യയാണ്. 18 ന് രാത്രി തന്നെ ദിവ്യാ നായരുടെ ഭര്‍ത്താവും കേസിലെ മറ്റൊരു പ്രതിയുമായ രാജേഷ് മുങ്ങിയെന്നാണ് പോലീസ് പറയുന്നത്.
ദിവ്യാജ്യോതി പണം വാങ്ങിയ ശേഷം ശശികുമാരന്‍ തമ്പിയുടെ സുഹൃത്തുക്കളും കൂട്ടു പ്രതികളുമായ പ്രേംകുമാറും ശ്യാം ലാലും ഈ ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തിലെത്തിക്കും. ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ നടത്തുന്നത് ഡിജിഎം ശശികുമാരന്‍ തമ്ബിയായിരുന്നു. ഇന്റര്‍വ്യൂവിന് മുമ്പ് പകുതി പണവും ഇന്റര്‍വ്യൂവിന് ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്. ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇന്റര്‍വ്യു നടത്തിയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംശയം ഒട്ടു തോന്നിയിരുന്നില്ല. ശശികുമാരന്‍ തമ്പിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
2022 ഒക്ടോബര്‍ ആറിന് കേസെടുത്തിട്ടും കന്റോണ്‍മെന്റ് പോലീസ് നടപടിയെടുക്കാതെ കേസ് പൂഴ്ത്തുകയായിരുന്നു. പിന്നീട് പരാതിയുമായി വന്ന അഞ്ചു പേരില്‍ ആരുടേയും പരാതി സ്വീകരിച്ചുമില്ല. ആദ്യ പരാതിക്കാരി നല്‍കിയ ചെക്കും പ്രോമിസറി നോട്ട് അടക്കമുള്ള നിര്‍ണായക തെളിവുകള്‍ പോലീസ് പൂഴ്ത്തിവെച്ചതായും ആരോപണമുണ്ട്. ഇതടക്കമുള്ള കന്റോണ്‍മെന്റ് പോലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പരാതിക്കാരി ഡിസിപിക്ക് പരാതി കൊടുത്തതോടെയാണ് കേസിന് ജീവന്‍ വെച്ചത്. ഡിസിപി ഈ കേസ് പ്രത്യേക ഉത്തരവിറക്കി പൂജപ്പുര പോലീസിന് കൈമാറിയിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ പണം കൈമാറുന്നതിന്റെ വീഡിയോയും ചാറ്റും ഫോണ്‍ സംഭാഷണങ്ങളും അടക്കം എല്ലാ തെളിവുകളുമായിട്ടാണ് പോലീസിനെ സമീപിച്ചത്. എന്നിട്ടും കന്റോണ്‍മെന്റ് പോലീസ് നടപടി എടുക്കാതിരുന്നത് ഉന്നതങ്ങളിലെ നിര്‍ദേശത്തിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha

























