സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

വിഴിഞ്ഞത്തിന് സമീപം ആഴിമല കടല്‍ത്തീരത്തെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പാറപ്പുറത്ത് നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ തിരയടിച്ചതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. പത്തനംതിട്ട ഇടയാറന്‍മുള, പഞ്ചവടിയില്‍ അനീഷ് (45) ആണ് മരിച്ചത്. തീര്‍ത്ഥാടക സംഘത്തിനൊപ്പം വിവിധ സ്ഥലങ്ങള്‍ സഞ്ചരിച്ചതിന് ശേഷം തിരുവനന്തപുരത്ത് എത്തിയതായിരുന്നു അനീഷ് ഉള്‍പ്പെടെയുള്ള സംഘം.
ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് അനീഷിന് അപകടം സംഭവിച്ചത് എന്നാണ് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് പറയുന്നത്. വെള്ളിയാഴ്ചയാണ് അനീഷും സംഘവും പത്തനംതിട്ടയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനം ലക്ഷ്യമിട്ട് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ടത്. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍,കന്യാകുമാരി ഉള്‍പ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ഞായറാഴ്ച ഉച്ചയോടെ ആഴിമല ക്ഷേത്രം സന്ദര്‍ശിക്കാനായി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
അനീഷ് ക്ഷേത്രത്തിന്റെ പുറകിലുളള കടല്‍ത്തീരത്തെ പാറപ്പുറത്ത് കയറി സെല്‍ഫിയെടുക്കുന്നതിനിടയില്‍ ശക്തമായ തിരമാലയടിച്ച് കടലില്‍ വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകള്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം പൊലീസും കോസ്റ്റല്‍ പൊലീസും സ്ഥലത്തെത്തി. പാറപ്പുറത്ത് കയറരുതെന്നും അപകടമേഖലയാണെന്നും ഇവിടെ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും അധികൃതര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha



























