നയപ്രഖ്യാനത്തിൽ ഒപ്പ് വച്ച് ഗവർണർ... കേന്ദ്രത്തെ കുറ്റം പറഞ്ഞാൽ അധോഗതി... തിങ്കളാഴ്ച ഏറെ നിർണായകം

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചു. തിങ്കളാഴ്ചയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ 23നു നിയമസഭയിൽ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ അത്യാവശ്യത്തിനു മാത്രമേ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഉണ്ടാകൂ എന്ന സൂചന ലഭ്യമായിട്ടുണ്ട്.
പ്രസംഗത്തിന്റെ കരടിനു മന്ത്രിസഭ നേരത്തേ അംഗീകാരം നൽകിയിരുന്നു പിന്നാലെയാണ് ഗവർണറും അംഗീകാരം നൽകിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ പോലെ ഗവർണറുമായി ഏറ്റുമുട്ടലിനു പോകേണ്ടതില്ലെന്ന് തമാശരൂപേണയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സഭാ യോഗത്തിൽ അറിയിച്ചു. ഗവർണറെ പ്രകോപിപ്പിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ടായി.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിന് 192 ഖണ്ഡികയുണ്ട്. ഇനി ചെറിയ മാറ്റങ്ങൾ വന്നേക്കും. കഴിഞ്ഞ വർഷത്തെ നയപ്രഖ്യാപനത്തിൽ വകുപ്പു തിരിച്ച് 212 ഖണ്ഡിക ഉണ്ടായിരുന്നു. ഖണ്ഡികകളുടെ വലുപ്പവും കുറച്ചിട്ടുണ്ട്. ഒന്നോ ഒന്നരയോ മണിക്കൂർ കൊണ്ടു ഗവർണർക്കു വായിച്ചു തീർക്കാനായേക്കും.
ഉന്നത വിദ്യാഭ്യാസമേഖലയിൽ വരുത്താൻ പോകുന്ന മാറ്റങ്ങൾ പ്രസംഗത്തിലുണ്ടാകും. എന്നാൽ ചാൻസലർ എന്ന നിലയിൽ ഗവർണർ നടത്തിയ ഇടപെടലും മറ്റും പരാമർശിക്കില്ല. സംസ്ഥാനത്തിന്റെ വായ്പപരിധി ഉയർത്താൻ അനുമതി നൽകാത്തതടക്കമുള്ള നയപരമായ കാര്യങ്ങളിൽ മാത്രമായിരിക്കും കേന്ദ്ര വിമർശനം.
രാഷ്ട്രീയ വിമർശനങ്ങൾ ഗവർണറെക്കൊണ്ടു വായിപ്പിക്കേണ്ടതില്ല എന്നാണു ധാരണ. മന്ത്രിസഭാ ഉപസമിതി ഒരിക്കൽകൂടി ചർച്ച നടത്തിയശേഷം പ്രസംഗത്തിന് അന്തിമരൂപം നൽകും. മുൻ നയപ്രഖ്യാപനങ്ങളിൽനിന്നു വ്യത്യസ്തമായി വകുപ്പു തിരിച്ചുള്ള വിപുല പദ്ധതിപ്രഖ്യാപനങ്ങൾ ഉണ്ടാകാനിടയില്ല.
കൃഷി, സേവനം, വ്യവസായം തുടങ്ങി മേഖല തിരിച്ച് ഓരോ വകുപ്പിലെയും നയം ചുരുക്കത്തിൽ പറയും. കാർഷിക മേഖലയിൽ കൃഷിയും ക്ഷീരവികസനവും പരാമർശിക്കുമ്പോൾ സേവന മേഖലയിൽ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ വരും. ഓരോ വകുപ്പിലും നടപ്പാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ നയപ്രഖ്യാപനത്തിൽ വിശദീകരിക്കില്ല. ചെയ്തതും ചെയ്യാനുള്ളതുമായ കാര്യങ്ങളുടെ ചുരുക്കിയ പരാമർശമേ ഉണ്ടാകൂ.
https://www.facebook.com/Malayalivartha






















