പ്രാർത്ഥനകൾ വിഫലമായി.... 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....

നിലവിളിച്ച് വീട്ടുകാർ... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽവീണ രണ്ടരവയസ്സുകാരൻ മരിച്ചു. 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം വെള്ളിയാഴ്ച വൈകിട്ടോടെ പുറത്തെടുത്ത കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
രാജസ്ഥാനിലെ പാലി ജില്ലയിലെ ഗുഡൻല ഗ്രാമത്തിലെ ആട്ടിടയനായ പ്രവീൺ ദേവസിയുടെ മകനായ ഭാഗീരഥാണ് മരിച്ചത്. രാജസ്ഥാനിലെ പാലിയിൽ നിന്നും അഞ്ച് ദിവസം മുൻപാണ് പ്രവീൺ ദേവസിയും കുടുംബവും ആടുമേയ്ക്കാനായി ഉജ്ജയിനിൽ എത്തിയത്.
മാതാപിതാക്കളോടൊപ്പം വയലിൽ നിൽക്കുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന ഭാഗീരഥ് തുറന്നുകിടക്കുകയായിരുന്ന കുഴൽക്കിണറിൽ വീഴുകയായിരുന്നു.
ജലാരിയ ഗ്രാമത്തിലെ കുഴൽക്കിണറിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ഭാഗീരഥ് വീഴുന്നത്. തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ നിരവധിപേർ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. കുഴൽക്കിണറിൽ സ്ഥാപിച്ച കാമറയിലൂടെ കുട്ടിയെ നിരീക്ഷിച്ചിട്ടുണ്ടായിരുന്നു. കൂടാതെ ഓക്സിജൻ നൽകുകയും ചെയ്തിരുന്നു. പാറകൾ നിറഞ്ഞ സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം വൈകുകയായിരുന്നു.
ഇരുപത്തിമൂന്നു മണിക്കൂറിന് ശേഷം പുറത്തെടുത്ത കുട്ടിയെ ഉടൻ തന്നെ ആംബുലൻസിൽ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഉജ്ജൈൻ കലക്ടർ റോഷൻ കുമാർ സിങ് പറഞ്ഞു. പരിശോധനയിൽ കുട്ടിയുടെ മരണം സ്ഥീരീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കുടുംബത്തിന് കൈമാറുന്നതാണ്.
"
https://www.facebook.com/Malayalivartha
























