വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തനിക്കോ തന്റെ രാജിക്കോ ബന്ധമില്ലെന്ന് ശങ്കര്‍ മോഹന്‍

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തനിക്കോ തന്റെ രാജിക്കോ ബന്ധമില്ലെന്ന് കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍. 'മൂന്ന് വര്‍ഷത്തെ കാലാവധി കഴിഞ്ഞപ്പോള്‍തന്നെ ചെയര്‍മാന്റെ കൈയില്‍ രാജിക്കത്ത് നല്‍കിയിരുന്നു. വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിന്നില്‍ അച്ചടക്ക നടപടി നേരിട്ടവരും സുഹൃത്തുക്കളുമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം താന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. ഉന്നതതല സമിതി അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ആണ് ശങ്കര്‍ മോഹനന്റെ രാജിയെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ ശങ്കര്‍ മോഹന്‍ രാജിവച്ച സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കാണുന്ന ഇടത്ത് വച്ച് അഭിപ്രായം പറയാന്‍ താന്‍ മന്ത്രിയല്ല, പ്രതികരണം മറ്റാരോടെങ്കിലും ചോദിക്കണം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അടൂര്‍ പറഞ്ഞു.
ജാതി വിവേചനം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സമരത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനനെതിരെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ പരാതികള്‍ ശരി വയ്ക്കുന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചതെന്നാണ് സൂചന.
ശങ്കര്‍ മോഹനെ സംരക്ഷിക്കുന്നത് അടൂരാണെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം ശക്തമായ വിമര്‍ശം ഉയര്‍ന്നിരുന്നു. സ്ഥാപനത്തില്‍ ജാതിവിവേചനം ഇല്ലെന്നും അടൂര്‍ പറഞ്ഞിരുന്നു. സ്ഥാപനത്തിലെ അതിരൂക്ഷമായ ജാതി വിവേചനം ചൂണ്ടിക്കാട്ടി ഡയറക്ടര്‍ രാജിവെക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 47 ദിവസമായി വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനൊടുവിലാണ് ശങ്കര്‍ മോഹന്‍ രാജിവെച്ചത്.
പൂര്‍ണ്ണമായും കേരളസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണാവകാശമുള്ള സ്ഥാപനം കൂടിയാണ് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട്. ദളിതനായി പിറന്ന്, ഇന്ത്യയുടെ പ്രഥമപൗരനായി വളര്‍ന്ന സര്‍വ്വാദരണീയനായ കെ.ആര്‍. നാരായണന്റെ പേരിലാണ് ആ സ്ഥാപനം എന്നുള്ളത് മലയാളി എന്ന നിലയില്‍ അഭിമാനത്തോടെമാത്രം ഹൃദയത്തിലേറ്റേണ്ടതാണ്. അവിടെനിന്നാണ് ജാതിയുടെ പേരിലുള്ള പ്രീണനങ്ങളും അവമതിപ്പുകളും ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha






















