വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍...

വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ രക്ഷകരായി. അമരവിള മാങ്കോട്ടുകോണം സ്വദേശിനിയായ 32കാരിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ വെളുപ്പിനായിരുന്നു സംഭവം നടന്നത്.
ഭര്‍ത്താവ് ജോലിക്ക് പോയതിനാല്‍ സംഭവസമയം യുവതിയുടെ മറ്റുരണ്ടു കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് ആംബുലന്‍സിന്റെ സേവനം തേടിയത്.
ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് കിരണ്‍ യു.എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ അജീഷ് രാജ് എന്നിവര്‍ ഉടന്‍സ്ഥലത്തെത്തി. അപ്പോഴേക്കും യുവതി വീടിന്റെ ഹാളില്‍ പ്രസവിച്ചിരുന്നു. ഉടന്‍ അജീഷ് രാജ് പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി.
തുടര്‍ന്ന് ആംബുലന്‍സിലേക്ക് മാറ്റിയ ഇരുവരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കള്‍.
https://www.facebook.com/Malayalivartha






















