കൂടത്തായി കൊലപാതക പരമ്പര കേസിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ദേശീയ ഫോറൻസിക് ലാബ്: പുറത്തെടുത്ത് പരിശോധന നടത്തിയ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ, വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ല:- കേസ് നിർണ്ണായക വഴിത്തിരിവിൽ

കൂടത്തായി കൊലപാതക പരമ്പര കേസിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ദേശീയ ഫോറൻസിക് ലാബ്. ഇതോടെ കൂടത്തായി കേസ് നിർണായക വഴിത്തിരിവിലേയ്ക്ക് എത്തുകയാണ്. പുറത്തെടുത്ത് പരിശോധന നടത്തിയ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ട അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്.
2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. പൊന്നാമറ്റം വീട്ടിലെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാനായി ആറുപേരെ കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ടു നല്‍കിയ പരാതികളാണ് ജോളിയിലെ കൊലപാതകിയെ പുറത്തു കൊണ്ടുവന്നത്.
ആർക്കും സംശയം തോന്നാതെ വ്യത്യസ്ത ഘട്ടങ്ങളിലായാണ് ജോളി ആറ് പേരെ കൊന്നത്. സംഭവത്തിൽ സംശയം തോന്നിയ ജോളിയുടെ ഭർത്താവിന്റെ സഹോദരൻ ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയാണ് അന്വേഷണത്തിലേക്ക് എത്തിയത്. ഇതോടെ കുഴിച്ച് മൂടിയ മൃതദേഹങ്ങൾ ഓരോന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയാണ് കൊല്ലപ്പെട്ടവരുടെ മരണ കാരണം ഉള്ളിൽ വിഷം ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
അന്വേഷണത്തിനൊടുവിൽ പൊലീസ് ജോളിയിൽ എത്തുകയായിരുന്നു. ഭർത്താവിന്റെ മദ്യപാനം, സ്ഥിരം വരുമാനം ഇല്ലാത്തത്, സ്വത്ത് തട്ടിയെടുക്കൽ തുടങ്ങിയവയാണ് കൃത്യം ചെയ്യുന്നതിന് കാരണമായി ജോളി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുള്ളത്.
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയായിരുന്ന സിലി 2016 ജനുവരി 11നാണു മരിച്ചത്. ക്യാപ്സൂളിൽ സയനൈഡ് നിറച്ചുനൽകി ജോളി ജോസഫ് ഇവരെ കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2002ൽ ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും അതുകഴിഞ്ഞ് മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസും മരണപ്പെട്ടു. നാലാമത്തെ മരണം അന്നമ്മ തോമസിൻ്റെ സഹോദരന്‍ എംഎം മാത്യുവിൻ്റേതായിരുന്നു.
തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിൻ്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈനും മരണപ്പെട്ടു. 2016ല്‍ ഷാജുവിൻ്റെ ഭാര്യ സിലിയും മരിക്കുകയായിരുന്നു. ഇതിൽ റോയ് തോമസിൻ്റെ മരണമാണ് സംശയത്തിനിടയാക്കിയതും അന്വമഷണത്തിലേക്ക് എത്തിച്ചതും. റോയ് തോമസിൻ്റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ റോയിയുടെ സഹോദരന്‍ റോജോ തോമസ് വടകര റൂറല്‍ എസ്︋പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നു.
റൂറല്‍ എസ്︋പി കെജി സൈമണിൻ്റെ നേതൃത്വത്തില്‍ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവില്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. ഇതിനുപിന്നാലെ ജോളി, ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എംഎസ്.മാത്യു. സയനൈഡ് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രിജുകുമാര്‍ എന്നിവർ അറസ്റ്റിലാകുകയും ചെയ്തു. റോയ് തോമസിൻ്റെ ശരീരത്തിൽ നിന്ന് സെെനേഡിൻ്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായതും. ജോളിക്കു സയനൈഡ് എത്തിച്ചു നൽകിയ എം.എസ് മാത്യു, കെ. പ്രജികുമാർ എന്നിവരാണ് കൊലപാതക പരമ്പരക്കേസിലെ രണ്ടും മൂന്നും പ്രതികൾ.
https://www.facebook.com/Malayalivartha