നാണം കെട്ടുപോയി... മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റന്‍ ബലൂണിന്റെ ലക്ഷ്യം അമേരിക്കയുടെ രഹസ്യം ചോര്‍ത്തലോ; കൃത്യമായി മിസൈല്‍ അയച്ച് തകര്‍ത്തതോടെ ചൈന നാണം കെട്ടു; അമേരിക്കന്‍ നടപടിക്കെതിരെ ചൈന; ഉചിതമായ മറുപടി അമേരിക്കയ്ക്ക് നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

ഒരു ബലൂണ്‍ കാരണം അമേരിക്കയുടെ ഉറക്കം കെടുത്തി. മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റന്‍ ബലൂണ്‍ ചൈന എന്തിന് അയച്ചു എന്നത് ഇപ്പോഴും വ്യക്തമല്ല. മറ്റൊന്നും നോക്കാതെ അമേരിക്ക മിസൈല്‍ അയച്ച് ബലൂണിനെ തകര്‍ത്തു. അതോടെ നാണം കെട്ട ചൈന രംഗത്തെത്തി.
ബലൂണ്‍ വീഴ്ത്തിയത് അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണെന്നും അതിരുവിട്ട പ്രതികരണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ചൈന പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഉചിതമായ മറുപടി അമേരിക്കയ്ക്ക് നല്‍കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രഹസ്യം ചോര്‍ത്താന്‍ ചൈന അയച്ച ചാര ബലൂണ് വെടിവെച്ചിട്ടതെന്ന നിഗമനത്തിലാണ് അമേരിക്ക.
ബലൂണ്‍ തകര്‍ത്തതിന് ഉചിതമായ മറുപടി നല്‍കുമെന്ന് ചൈന പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റന്‍ ബലൂണ്‍, കാലാവസ്ഥ പഠനത്തിനുള്ള സിവിലിയന്‍ എയര്‍ഷിപ്പ് വഴിതെറ്റി പറന്നതെന്നാണ് ചൈന വിശദീകരിക്കുന്നത്. എന്നാല്‍ ആണവായുധ കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ അടക്കം പറന്ന ബലൂണ്‍ രഹസ്യം ചോര്‍ത്താന്‍ ചൈന മനഃപൂര്‍വം അയച്ചതെന്നാണ് അമേരിക്കയുടെ വാദം.
ജനുവരി 28 ന് അലാസ്‌ക സംസ്ഥാനത്തിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ചൈനീസ് ബലൂണ്‍ അന്ന് മുതല്‍ പെന്റഗന്റെ നിരീക്ഷണത്തിലായിരുന്നു. സൗത്ത് കാരലൈന തീരത്തു നിന്നും ആറു നോട്ടിക്കല്‍ മൈല്‍ അകലെ സമുദ്രത്തിന് മുകളില്‍ എത്തിയപ്പോഴാണ് അമേരിക്ക ബലൂണ്‍ വീഴ്ത്തിയത്.
വിര്‍ജീനിയയിലെ വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-22 പോര്‍ വിമാനം 58,000 അടി മുകളില്‍ വച്ച് എഐഎം-9എക്‌സ് സൈഡ്വിന്‍ഡെര്‍ മിസൈല്‍ ഉപയോഗിച്ചാണ് ബലൂണ്‍ തകര്‍ത്തത്. പ്രസിഡന്റ് ജോ ബൈഡനാണ് ജനങ്ങള്‍ക്ക് അപായം ഉണ്ടാകാതെ ബലൂണ്‍ വെടിവച്ചിടാന്‍ നിര്‍ദേശം നല്‍കിയത്.
കടലില്‍ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ വീണ ബലൂണ്‍ അവശിഷ്ടങ്ങള്‍ ഓരോന്നും മുങ്ങിയെടുത്തു പരിശോധിക്കാന്‍ വലിയ ഒരുക്കമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. കപ്പലുകളും മുങ്ങല്‍ വിദഗ്ധരും രഹസ്യാന്വേഷണ ഔദ്യോഗസ്ഥരുമടക്കം വലിയ സംഘം സ്ഥലത്തുണ്ട്. തീരത്തുനിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണു ബലൂണ്‍ പതിച്ചത്. ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് വിശകലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ.ഓസ്റ്റിന്‍ പറഞ്ഞു.
ജനുവരി 28ന് അലൂഷ്യന്‍ ദ്വീപുകള്‍ക്കു സമീപം തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോഴാണ് ബലൂണ്‍ ആദ്യമായി യുഎസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കാനഡയിലെ അലാസ്‌കയിലൂടെ സഞ്ചരിച്ച് ഐഡഹോയ്ക്കു മുകളിലൂടെ ബലൂണ്‍ വീണ്ടും യുഎസ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. അപകടമില്ലാതെ ബലൂണ്‍ താഴെയിറക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച അനുമതി നല്‍കി. തുടര്‍ന്ന് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 1.09ന് ആണ് ബലൂണ്‍ വീഴ്ത്തിയത്.
വഴിതെറ്റി പറന്ന കാലാവസ്ഥാ ബലൂണ്‍ ആണെന്ന ചൈനയുടെ അവകാശവാദം കളവാണെന്നും യുഎസിലെയും കാനഡയിലെയും സൈനികമേഖലകള്‍ നിരീക്ഷിക്കുകയായിരുന്നു ബലൂണിന്റെ ലക്ഷ്യമെന്നും പ്രതിരോധ സെക്രട്ടറി ആരോപിച്ചു. ബലൂണ്‍ വെടിവച്ചിട്ട യുഎസ് നടപടി അമിത പ്രതികരണമാണെന്നും ഇതിനോട് ഉചിതമായി പ്രതികരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പ്രസിഡന്റ് ട്രംപിന്റെ ഭരണകാലത്ത് 3 തവണയെങ്കിലും ചൈനീസ് ബലൂണുകള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിനു മുകളില്‍ കടന്നുകയറിയെന്ന പ്രതിരോധ സെക്രട്ടറിയുടെ പ്രസ്താവന വിവാദമായി. ബലൂണ്‍ കണ്ടെത്തിയതിനു ശേഷം പ്രസിഡന്റ് ബൈഡന്‍ ദിവസങ്ങളോളം അക്കാര്യം ജനങ്ങളില്‍നിന്നു മറച്ചുവച്ചെന്ന ആരോപണവുമായി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ രംഗത്തുവന്നതോടെയാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റായിരുന്ന ട്രംപിന്റെ കാലത്ത് 3 വട്ടം ബലൂണ്‍ വന്നുപോയെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഏഷ്യയും യൂറോപ്പും ഉള്‍പ്പെടെ 5 ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങള്‍ക്കു മുകളില്‍ ചൈനീസ് ബലൂണുകള്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
"
https://www.facebook.com/Malayalivartha