ആരോഗ്യ ജാഗ്രത : കോർ-കമ്മിറ്റി യോഗം ചേർന്നു... മാലിന്യനിർമാർജ്ജനം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്

എല്ലാ വകുപ്പുകളും സംയുക്ത പ്രവർത്തനങ്ങളിലൂടെ മാലിന്യനിർമാർജ്ജനം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി 'മഴക്കാലപൂർവ്വ ശുചീകരണ-വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന കോർ-കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണം. ഹരിത കർമ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതിൽപ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണം. കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും, വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കണം.
ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കൊതുകുകളുടെ ഉറവിട നിർമ്മാർജ്ജനം നടത്തും. ഓടകൾ , കാനകൾ വൃത്തിയാക്കൽ ,ജല സ്രോതസ്സുകളുടെ - ക്ലോറിനേഷൻ പ്രവർത്തനങ്ങളും ഊർജിതമായി നടപ്പിലാക്കും. പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കടുത്ത നിയമ നടപടികൾ സ്വീകരിക്കും.
കുടിവെള്ള പദ്ധതികൾക്കുൾപ്പെടെ ആശ്രയിക്കപ്പെടുന്ന ഡാമിൽ മാലിന്യങ്ങൾ തള്ളിയവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബാധകമാകുന്ന എല്ലാ വകുപ്പുകൾക്കും പുറമെ ജലസേചന-ജലസംരക്ഷണ നിയമം 1993, വകുപ്പ് 70 (3 ) 72 സി , ജല മലിനീകരണ നിയമം 1974 , വകുപ്പ് 43 , പരിസ്ഥിതി സംരക്ഷണ നിയമം 1986 ,പഞ്ചായത്ത് രാജ് നിയമം 1994 , വകുപ്പ് 219 എസ് , 219 ടി , മുൻസിപ്പാലിറ്റി ആക്ട്1994 , വകുപ്പ് 340 എന്നിവ അനുസരിച്ച് നടപടി സ്വീകരിക്കും.
ഇത്തരത്തിൽ ഡാമുകളുടെ പരിസരത്തും വനപ്രദേശങ്ങളിലും മാലിന്യം ഉപേക്ഷിക്കുന്നത് നിരന്തരം റിപ്പോർട്ട് ചെയ്യുന്നതിനാൽ പരിശോധന കർശനമാക്കാൻ പോലീസിനോടും വനം വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനൊപ്പം രാത്രികാല പട്രോളിംഗും ശക്തമാക്കും.
ഇതോടൊപ്പം തെളിനീരൊഴുകും ക്യാമ്പയിന്റെ തുടർ പ്രവർത്തനങ്ങൾ സജീവമാക്കും . മലിന ജല സംസ്‌കരണം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ - തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് സോക്കേജ് പിറ്റുകൾ നിർമിക്കും. മലിനീകരിക്കപ്പെട്ട ജലാശയങ്ങളുടെ പട്ടിക തയ്യാറാക്കി ശുചീകരണത്തിന് കർമ്മ പദ്ധതി തയ്യാറാക്കുകായും ചെയ്യും .
ജല സ്രോതസ്സുകളിലേക്ക് തുറന്നിരിക്കുന്ന മലിനജല കുഴലുകൾ കണ്ടെത്തി അടയ്ക്കും. മിനി എം.സി.എഫ് , എം.സി എഫ്.ആർ.ആർ .എഫ് എന്നിവയിലെ അജിവ മാലിന്യങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യും. കൂടാതെ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങൾ തരം തിരിച്ചു സൂക്ഷിക്കണം. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് മാലിന്യം ക്ലീൻ കേരളയും വീടുകളിൽ നിന്നുള്ളത് ഹരിതകർമസേനയെ ഉപയോഗപ്പെടുത്തിയും ശേഖരിക്കും.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന് തദ്ദേശ സ്ഥാപന തലങ്ങളിൽ എൻ എസ് എസ് ,എസ് പി സി എൻ സി സി ചുമതലയുള്ള അധ്യാപകർ ,കേഡറ്റുമാർ സന്നധ പ്രവർത്തകർ , പരിസ്ഥിതി പ്രവർത്തകർ യൂത്ത് വോളന്റീയർമാർ എന്നിവരെ ഉൾപ്പെടുത്തി റിപ്പോർട്ടിങ്ങ് കമ്മിറ്റി രൂപീകരിക്കും. യോഗത്തിൽ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കെ. വി കുര്യാക്കോസ്, എ. ഡി. സി ജനറൽ ശ്രീലേഖ സി തുടങ്ങി വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha