അവളെ പേടിയാ സാറെ... വനിത ഹോസ്റ്റല്‍ മുറിയില്‍ ഒരേ മുറിയില്‍ കഴിഞ്ഞ സഹപാഠിയെ ക്രൂരമായി പീഡിപ്പിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍; സഹപാഠിയെ ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും പൊള്ളിച്ചു, മുറിവില്‍ മുളകുപൊടി വിതറി; ഒരു മാസമായി പലപ്പോഴായി തുടര്‍ന്ന ആക്രമണങ്ങളില്‍ ഗുരുതര പരിക്ക്; എന്നിട്ടും പരാതിപ്പെടാന്‍ പേടി

കോളേജ് ഹോസ്റ്റലുകള്‍ പല തരത്തിലുള്ള റാഗിങ്ങുകള്‍ക്ക് വേദിയാകാറുണ്ടെങ്കിലും വെള്ളായണി കാര്‍ഷിക കോളജ് വനിത ഹോസ്റ്റല്‍ മുറിയില്‍ നടന്നത് കൊടിയ പീഡനമായിരുന്നു. വനിത ഹോസ്റ്റല്‍ മുറിയില്‍ ഒരേ മുറിയില്‍ കഴിഞ്ഞ സഹപാഠിയെ വിദ്യാര്‍ഥിനി ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും ശരീരത്തില്‍ മാരകമായി പൊള്ളലേല്‍പ്പിച്ചു. മുറിവില്‍ മുളകുപൊടി വിതറിയ ശേഷം ഇസ്തിരി പെട്ടി ചൂടാക്കി കയ്യിലും പൊള്ളിച്ചു.
സംഭവത്തില്‍ ആന്ധ്ര സ്വദേശിയും മുറിയില്‍ ഒപ്പം താമസിക്കുകയും ചെയ്ത വിദ്യാര്‍ഥിനി ലോഹിത(22)യെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസമായി പലപ്പോഴായി തുടര്‍ന്ന ആക്രമണങ്ങളില്‍ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മര്‍ദനമേറ്റു, ആഴത്തില്‍ മുറിവേറ്റതിന്റെ പാടുകളുമുണ്ട്. ഈ മാസം 18നു നടന്ന ക്രൂര മര്‍ദനം ഒരാഴ്ചയ്ക്കു ശേഷമാണു പുറത്തായത്.
സാരമായി പൊള്ളലേറ്റ ആന്ധ്ര സ്വദേശിനിയായ സീലം ദീപിക ഭയന്നു രഹസ്യമായി നാട്ടിലെത്തി ചികിത്സ തേടി. ചികിത്സയുടെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു സംഭവം പുറത്തായത്. പരാതി നല്‍കാന്‍ തുടക്കത്തില്‍ ദീപിക തയാറായിരുന്നില്ല. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു ദീപിക അവര്‍ക്കൊപ്പം എത്തി കോളജ് അധികൃതര്‍ക്കു പരാതി നല്‍കിയത്.
തുടര്‍ന്നാണ് ഈ വിവരം കോളജ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. കോളജിലെ അവസാനവര്‍ഷ ബിഎസ്‌സി (അഗ്രികള്‍ചറല്‍ സയന്‍സ്) വിദ്യാര്‍ഥിനിയാണു ക്രൂരപീഡനത്തിനിരയായ ആന്ധ്ര കാശിനായക ക്ഷേത്രത്തിനു സമീപം ചിറ്റൂര്‍ സീലം ദീപിക (22). മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു ആന്ധ്ര സ്വദേശിനി ലോഹിതയ്ക്ക് എതിരെയുള്ള കേസ്. ഹോസ്റ്റലില്‍ ഒപ്പം താമസിച്ച മറ്റൊരു സഹപാഠിയും ആക്രമണത്തിനു കൂട്ടുനിന്നുവെന്നാണു കണ്ടെത്തല്‍.
കോളജ് അധികൃതര്‍ നിയോഗിച്ച നാലംഗ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നു പ്രതി ലോഹിതയെ കൂടാതെ മുറിയില്‍ ഒപ്പം താമസമുള്ള മലയാളി സഹപാഠി ജിന്‍സി (22), ആന്ധ്രയില്‍ നിന്നുള്ള മറ്റൊരു സഹപാഠി നിഖില്‍ (22) എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ചു ഹോസ്റ്റല്‍ അസി. വാര്‍ഡന്‍ കോളജ് അധികൃതരെ അന്നു തന്നെ അറിയിച്ചെങ്കിലും ഇക്കാര്യം ഒതുക്കിത്തീര്‍ക്കാനാണ് ഉന്നതര്‍ ശ്രമിച്ചതെന്നും ആരോപണമുണ്ട്.
അതേസമയം, സഹപാഠിക്കു പൊള്ളലേറ്റത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാതെ ഒളിപ്പിച്ചു എന്നതിന്റെ പേരിലാണു മുറിയില്‍ ഒപ്പം താമസിച്ച പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തതെന്നു കോളജ് ഡീന്‍ ഡോ.റോയ് സ്റ്റീഫന്‍ പറഞ്ഞു.
കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ദീപികയെയാണ് ഹോസ്റ്റലില്‍ ഒപ്പംതാമസിക്കുന്ന ലോഹിത പൊള്ളലേല്‍പ്പിച്ചത്. മേയ് 18-ാം തീയതി വ്യാഴാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റ വിദ്യാര്‍ഥിനിയും ആക്രമണം നടത്തിയ പെണ്‍കുട്ടിയും ആന്ധ്രപ്രദേശ് സ്വദേശികളാണ്.
വ്യാഴാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചെന്നുമാണ് വിവരം. പൊള്ളലേറ്റ ദീപിക സംഭവത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ട് ബന്ധുക്കള്‍ കോളേജിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കോളേജ് അധികൃതര്‍ തിരുവല്ലം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാലംഗസമിതിയെയും കോളേജ് അധികൃതര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നാലാംവര്‍ഷ വിദ്യാര്‍ഥിനിയായ ലോഹിതയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്താലാണ് ലോഹിത ആക്രമണം നടത്തിയതെന്നാണ് സൂചന. ഇസ്തിരിപ്പെട്ടി കൊണ്ടാണ് ആക്രമണം നടത്തിയതെന്നായിരുന്നു ആദ്യത്തെ സംശയം. എന്നാല്‍ പാത്രം ചൂടാക്കി അത് ശരീരത്തില്‍വെച്ച് പൊള്ളലേല്‍പ്പിച്ചെന്നാണ് പോലീസ് നല്‍കുന്നവിവരം. മാത്രമല്ല, മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് ദീപികയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.
"
https://www.facebook.com/Malayalivartha