സതീശനെ പറപറപ്പിക്കാന്‍ നീക്കം...മുഖ്യമന്ത്രി കസേരയ്ക്ക് കടിപിടി തുടങ്ങി...സര്‍ക്കാരിനൊപ്പം എ, ഐ ഗ്രൂപ്പുകള്‍...!നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചുകൊണ്ട് എ, ഐ ഗ്രൂപ്പുകാര്‍ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി തുടങ്ങി... കര്‍ണാടകയിലെ ഉജ്ജ്വല വിജയത്തെ തുടര്‍ന്നാണ് പലരുടെയും ഉള്ളിലുറങ്ങിക്കിടന്ന കസേര മോഹം സടകുടഞ്ഞെണീറ്റത്..!

പണ്ടൊരു കാര്‍ന്നോര് വീടിന്റെ തിണ്ണയിലിരുന്ന് പറഞ്ഞു, ' മുറ്റത്ത് നില്‍ക്കുന്ന പ്ലാവ് വെട്ടിയിട്ടൊരു പത്തായം പണിയണം'. അത് കേട്ട ചെറുമകന്‍ പറഞ്ഞു ' ഞാനാ പത്തായത്തില്‍ കരിവാരിതേക്കും' അത് കേട്ടതും കാര്‍ന്നോര് കൊച്ചുമകനെ അടിക്കാന്‍ തുടങ്ങി. ഇതേ കാര്യം തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ്സിലും നടക്കുന്നത്. അടുത്ത തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചുകൊണ്ട് എ, ഐ ഗ്രൂപ്പുകാര്‍ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി തുടങ്ങി. കര്‍ണാടകയിലെ ഉജ്ജ്വല വിജയത്തെ തുടര്‍ന്നാണ് പലരുടെയും ഉള്ളിലുറങ്ങിക്കിടന്ന കസേര മോഹം സടകുടഞ്ഞെണീറ്റത്. എല്ലാവരുടെയും മാര്‍ഗ്ഗം പലതാണെങ്കിലും ലക്ഷ്യം ഒന്നാണ്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ കസേര തെറിപ്പിക്കണം. ചെന്നിത്തല ഗാന്ധിക്ക് കസേര മോഹത്തിന്റെ അസ്‌കിത അല്‍പം കൂടുതലാണ്. അദ്ദേഹത്തെ കുറ്റംപറയാനൊക്കില്ല. കാരണം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുമായി രാഷ്ട്രീയമായും നിയമപരമായും നേരിട്ട് ഏറ്റുമുട്ടിയത് ചെന്നിത്തല മാത്രമാണ്.
അദ്ദേഹത്തോട് വലിയ താല്‍പര്യമില്ലാത്ത ലീഗ് പോലും അത് സമ്മതിച്ചിരുന്നു. 2021 ഏപ്രില്‍ - മെയ് മാസങ്ങളില്‍ ചെന്നിത്തലയ്ക്ക് കാലക്കേടും പിണറായിക്ക് ശുക്രദശയും ആയതിനാല്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തി. സ്പ്രിംഗ്ലര്‍, പമ്പാ മണല്‍കടത്ത്, അമേരിക്കന്‍ കമ്പനിക്ക് കേരളത്തില്‍ മത്സ്യബന്ധനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം ഇങ്ങനെ നിരവധി അഴിമതികള്‍ക്ക് ചെന്നിത്തല തടയിട്ടെങ്കിലും സ്വന്തം പാര്‍ട്ടി പോലും അതൊന്നും അംഗീകരിച്ചില്ല. അതുകൊണ്ട് പ്രതിപക്ഷനേതൃസ്ഥാനം തെറിപ്പിച്ചു.
പകരം വന്നത് വി.ഡി സതീശനാണ്. ചെന്നിത്തല ഗൃഹനാഥനായ ഐ ഗ്രൂപ്പിലെ പോരാളി ഷാജിയായിരുന്ന സതീശന്‍ പ്രതിപക്ഷനേതാവായത് ഗാന്ധിയനാണെങ്കിലും ചെന്നിത്തലയ്ക്ക് പിടിച്ചില്ല. അദ്ദേഹമത് പരസ്യമായി പ്രകടിപ്പിച്ചിട്ടുമില്ല. പക്ഷെ, പ്രതിപക്ഷനേതാവ് ചെയ്യേണ്ട പണികളെല്ലാം അദ്ദേഹത്തേക്കാള്‍ നന്നായി ചെന്നിത്തല ചെയ്തുവരുന്നു. അതില്‍ സതീശനും അമര്‍ഷമുണ്ട്. പണിയെടുക്കാതെ, പണിയെടുക്കുന്നവരോട് അമര്‍ഷം കാണിച്ചിട്ട് കാര്യമില്ല. പ്രതിപക്ഷനേതൃസ്ഥാനത്ത് എത്തിയത് മുതല്‍ സതീശനോട് മുതിര്‍ന്ന നേതാക്കള്‍ക്കടക്കം എതിര്‍പ്പുണ്ട്. അതിപ്പോള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്.
സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും തന്നിഷ്ടപ്രകാരമാണ് പാര്‍ട്ടിയിലെയും പാര്‍ലമെന്ററി പാര്‍ട്ടിയിലെയും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് എ, ഐ ഗ്രൂപ്പുകളും കെ.മുരളീധരനും നിരവധി തവണ ആരോപിച്ചിരുന്നു. ഉമ്മന്‍ചാണ്ടി ചികിത്സയിലായതോടെ എ ഗ്രൂപ്പ് ഏതാണ്ട് നിശ്ചലാവസ്ഥയിലായിരുന്നു. പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെട്ടതോടെ ചെന്നിത്തലയുടെ എ ഗ്രൂപ്പ് ആളൊഴിഞ്ഞ സിനിമാ കൊട്ടക പോലെയായി. ഇരുഗ്രൂപ്പിലും ഉള്ള പല പ്രമുഖരും ഹൈക്കമാന്‍ഡില്‍ ശക്തമായ പിടിയുള്ള കെ.സി വേണുഗോപാലിനൊപ്പമാണ്. അങ്ങനെയിരിക്കെയാണ് പുന:സംഘടന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് എ, ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. യോഗത്തിനെത്തിയവര്‍ക്കെല്ലാം ഒരേ മനസ്സായിരുന്നു. അങ്ങനെ സതീശനും സുധാകരനുമെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ തീരുമാനിച്ചാണ് യോഗം അവസാനിച്ചത്.
സോളാര്‍ കമ്മിഷനെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസ്സിനെയും പിണറായി സര്‍ക്കാര്‍ അപമാനിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലുണ്ടായ ശേഷം എ, ഐ ഗ്രൂപ്പുകള്‍ ഇതുപോലെ ഒന്നിച്ചില്ല. സോളാര്‍ കമ്മിഷനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലും ഇവരാരും തയ്യാറായിട്ടില്ല. കസേര മറിച്ചിടുന്നതിന് മാത്രമാണ് ഒത്തൊരുമ. ഇത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്. സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന സമീപനമാണിത്. കര്‍ണാടകയില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് കിട്ടിയെന്ന് കരുതി കേരളം മുഴുവനങ്ങ് ഒപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണ്. കാരണം കര്‍ണാടകയില്‍ സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറും മറ്റ് നേതാക്കളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഐതിഹാസിക വിജയം നേടിയത്. അത് ഓര്‍ക്കുന്നത് നല്ലതാണ്. കേരളത്തിലെ കോണ്‍ഗ്രസ്സിന് തമ്മിലടിയും തൊഴുത്തില്‍ കുത്തുമല്ല ഇപ്പോഴാവശ്യം. അടുത്തകൊല്ലം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുകയാണ്. അതിന് മുന്നോടിയായി സംഘടന എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തനസജ്ജമാകണം. ജനകീയവിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തണം. കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകള്‍ ഏറെ നിര്‍ണായകമാണ്. നിലവില്‍ ദക്ഷിണേന്ത്യ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും ഒപ്പമാണ്. കേരളത്തില്‍ കഴിഞ്ഞ തവണ 19 സീറ്റുകളുമായി ചരിത്രവിജയമാണ് യു.ഡി.എഫ് നേടിയത്. ഇത്തവണ അത് 20ആക്കണം. അതായിരിക്കണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ലക്ഷ്യം.
പ്രതിപക്ഷനേതാവെന്ന നിലയില്‍ സതീശന്‍ ഇത്തിരി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്ന് ഉറപ്പായി. അതുകൊണ്ടാണ് അമേരിക്കയ്ക്ക് പറക്കും മുമ്പ് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രളയ ബാധിത പ്രദേശങ്ങളില്‍ കെ.പി.സി.സി നടത്തിയ പുനര്‍ജനി പദ്ധതിയുടെ മറവില്‍ അനുമതിയില്ലാതെ വിദേശധനസഹായം സ്വീകരിച്ചെന്നാണ് സതീശനെതിരെയുള്ള പരാതി. ഇതിനെതിരെ എ, ഐ ഗ്രൂപ്പുകാര്‍ വായ തുറന്നിട്ടില്ല. ഇന്ന് സതീശനാണെങ്കില്‍ നാളെയത് സുധാകരനാകും മറ്റന്നാള്‍ ചെന്നിത്തലയാകും കാര്യങ്ങള്‍ കൈവിട്ട് പോകും. അധികാരത്തിന്റെ ശക്തിയുപയോഗിച്ച് ഭരണകൂടം എന്തും ചെയ്യും. ജനത്തെ അവര്‍ തെറ്റിദ്ധരിപ്പിക്കും. സോളാര്‍ കമ്മിഷന്‍ ഉമ്മന്‍ചാണ്ടിയെ നാണം കെടുത്തിയത് എന്തിനാണെന്ന സത്യം അഞ്ചാറ് കൊല്ലത്തിന് ശേഷമാണ് പുറത്തായത്. അതുകൊണ്ട് നഷ്ടം കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെയാണ്. എ.ഐ ക്യാമറ അടക്കമുള്ള നിരവധി പദ്ധതികള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കാര്യക്ഷമമായ യാതൊരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. അപ്പോഴാണ് മൂന്നാല് കൊല്ലം മുമ്പുള്ള പ്രളയ ഫണ്ടിന്റെ പേരിലുള്ള കേസ് ഇപ്പോള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ഇപ്പോഴേ കടിപിടി കൂടേണ്ട, അതിന് വേണ്ടി സതീശനെ തള്ളിയിട്ടാല്‍ 2024ല്‍ വീണ്ടും പിണറായി അധികാരത്തില്‍ വന്നേക്കും. അതുകൊണ്ട് ആദ്യം പിണറായിയെയും സി.പി.എമ്മിനെയും സെക്രട്ടറിയേറ്റിന് പുറത്തിറക്കാന്‍ നോക്ക്. അതിന് ശേഷം മുഖ്യമന്ത്രി പദത്തിനായി കസേരകളിക്കാം.
https://www.facebook.com/Malayalivartha