സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്

വാമനപുരത്ത് ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിനെ താന്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി പൊലീസിനോടു സമ്മതിച്ചു. വാമനപുരം കണിച്ചോട് വാരിയംകോണം അശ്വതി ഭവനില്‍ സുഭാഷ്–അശ്വതി ദമ്പതികളുടെ മകള്‍ പവിത്രയാണു 12ന് കൊല്ലപ്പെട്ടത്. തുണിയുപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ തുണി വീട്ടില്‍ നിന്നു കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത അശ്വതി(35)യെ വെഞ്ഞാറമൂട് പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം, ഇന്നലെ തെളിവെടുപ്പിനു വീട്ടിലെത്തിച്ചപ്പോള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് അശ്വതി ജീവനൊടുക്കാന്‍ ശ്രമിച്ചു. മേശയ്ക്കുള്ളില്‍ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചിരുന്ന വിഷദ്രാവകം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കണ്ടെത്തി പിടിച്ചുവാങ്ങുകയായിരുന്നു. മുന്‍പ് ഒന്നിലധികം തവണ അശ്വതി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുഞ്ഞിനുണ്ടായിരുന്ന അസുഖത്തിലും ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന സംശയത്തിലും അവര്‍ വിഷാദ രോഗത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷവും ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതായി അശ്വതി മൊഴി നല്‍കി. ഫാന്‍ തകര്‍ന്ന് താഴെവീണതിനാല്‍ ശ്രമം പരാജയപ്പെട്ടു. തൊഴിലുറപ്പ് ജോലിക്കു പോയിരുന്ന അശ്വതിയുടെ അമ്മ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണു കട്ടിലില്‍ കിടക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടത്. കാരേറ്റുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് വാമനപുരത്തെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം ഭര്‍ത്താവ് സുഭാഷിന്റെ നാടായ പറണ്ടോട് മീനാങ്കലില്‍ സംസ്‌കരിച്ചു. വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് സംഘം എന്നിവര്‍ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.
https://www.facebook.com/Malayalivartha























