അരിക്കൊമ്പന് സുഖമാണ്... കൊമ്പന്‍ വിഹരിച്ച 301 കോളനി സന്ദര്‍ശിക്കാനെത്തിയ അരിക്കൊമ്പന്‍ ഫാന്‍സിനെ തടഞ്ഞ് നാട്ടുകാര്‍; നാട്ടുകാര്‍ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ഭാരവാഹികള്‍; അരിക്കൊമ്പന്‍ പോയിട്ടും സജീവമായി ചര്‍ച്ചകള്‍

അരിക്കൊമ്പന് ഇടുക്കിയില്‍ നിന്നും പോയിട്ട് മാസങ്ങളായെങ്കിലും അരിക്കൊമ്പനെച്ചൊല്ലി ഇപ്പോഴും തര്‍ക്കം തുടരുകയാണ്. അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് പറയുമ്പോഴും അരിക്കൊമ്പന്‍ പ്രേമികള്‍ക്ക് ഇരട്ട പ്രഹരമാണ് കിട്ടിയത്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഹരജികള്‍ സമര്‍പ്പിക്കുന്നതില്‍ കടുത്ത അതൃപ്തി സുപ്രീംകോടതി പ്രകടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഇടുക്കിയിലെ 301 ആദിവാസി കോളനി സന്ദര്‍ശിക്കാനെത്തിയ അരിക്കൊമ്പന്‍ ഫാന്‍സ് അംഗങ്ങളെ നാട്ടുകാര്‍ തടഞ്ഞു. മൃഗസംരക്ഷണ സംഘടനയായ അനെക്കിന്റെ പ്രതിനിധികളെയാണ് നാട്ടുകാര്‍ തടഞ്ഞത്.
നാട്ടുകാര്‍ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ആനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റി എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഏഴംഗ സംഘമാണ് ചിന്നക്കനാലില്‍ എത്തിയത്. വനിതകളും സംഘത്തിലുണ്ടായിരുന്നു. അരിക്കൊമ്പനെ പിടിച്ച് മാറ്റിയതില്‍ പ്രതിഷേധിച്ച് 18 ന് മൂന്നാര്‍ ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്താന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
അരിക്കൊമ്പന്‍ വിഹരിച്ച 301 കോളനി സന്ദര്‍ശിച്ച് താമസക്കാരെ ഇതിലേക്ക് ക്ഷണിക്കുകയായിരുന്നു ലക്ഷ്യം. സിങ്കുകണ്ടത്ത് നിന്ന് 301 കോളനിയിലേക്കുള്ള വഴിയില്‍ വച്ച് നാട്ടുകാര്‍ ഇവരെ തടഞ്ഞു. അരിക്കൊമ്പന്‍ സ്‌നേഹികളില്‍ ഒരാളായ ബൈസണ്‍വാലി സ്വദേശിയായ സുരേന്ദ്രന്‍ എന്നയാളുമായി തര്‍ക്കമായി.
അതേസമയം, പ്രദേശത്തെ കാട്ടാന ശല്യത്തെക്കുറിച്ച് സംഘാംഗങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തര്‍ക്കം മാത്രമാണുണ്ടായതെന്നാണ് സിങ്കുകണ്ടത്തെ നാട്ടുകാര്‍ പറയുന്നത്. വിവരമറിഞ്ഞ് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തും മുന്‍പേ ഇരു കൂട്ടരും പിരിഞ്ഞ് പോയി. തുടര്‍ന്ന് സംഘടനാ പ്രതിനിധികള്‍ മൂന്നാര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.
അതേസമയം അരിക്കൊമ്പനുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഹരജികള്‍ സമര്‍പ്പിക്കുന്നതില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹരജി ഫയല്‍ ചെയ്യുകയാണെന്നും ഇതിനാല്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
മൃഗസ്‌നേഹികളുടെ സംഘടനയായ വാക്കിങ് ഐ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജിയാണ് ഇന്ന് തള്ളിയത്. അരിക്കൊമ്പന്‍ എവിടെയാണെന്നോ ജീവനോടെയുണ്ടെന്നോ എങ്കിലും അറിയണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, കാട്ടില്‍ കഴിയുന്ന ആന എവിടെയാണെന്ന് നിങ്ങള്‍ എന്തിനാണ് അറിയുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. കഴിഞ്ഞ ദിവസവും ഒരു ഹരജി തള്ളിയെന്നും ഹരജിയുമായി ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
അതേസമയം അരിക്കൊമ്പന്‍ മുത്തുക്കുഴി ഭാഗത്തെ ചതുപ്പ് ഭാഗത്ത് തുടരുന്നതായി സ്ഥിരീകരിച്ച് തമിഴ്‌നാട് വനം വകുപ്പ്. പുതിയ ദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തു വിട്ടു. കളക്കാട് മുണ്ടന്‍തുറയ് കടുവ സാങ്കേതത്തിന്റെ ഭാഗത്താണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. ജലശയത്തിന് സമീപം ക്യാമറ ട്രാപ്പ് സ്ഥാപിച്ച് നിരീക്ഷിച്ച് വരികയാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. ആരോഗ്യവാനായി തീറ്റ എടുക്കുന്നുണ്ടെന്നും കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.
അതേസമയം, അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹര്‍ജി ഇന്നലെ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്റെ സമര്‍പ്പിച്ച ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. ആനയെ എവിടേ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും കോടതി ഹര്‍ജി പരിഗണിക്കവേ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























