നവ ഫാസിസ്റ്റുകള്‍ക്ക് നാട്ടുകാരെ വേണ്ട...! പനി...ദുരന്തം..വിലക്കയറ്റം, പൊറുതിമുട്ടി ജനം, ഇതുപോലൊരു ഗതികെട്ട ഭരണം വേറെയില്ല...!

ഒരു വശത്ത് പകര്‍ച്ചപ്പനി, മറുവശത്ത് മത്സ്യത്തൊഴിലാളി വള്ളംമറിഞ്ഞും തൊഴിലാളി കിണറ്റിലകപ്പെട്ടും ദാരുണമായി മരിച്ചു. വിലക്കയറ്റം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തേക്കാള്‍ അതിവേഗം കുതിക്കുന്നു. പ്ലസ് ടു പാസ്സായിട്ടും തുടര്‍പഠനത്തിന് സാഹചര്യമില്ലാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷ നഷ്ടപ്പെട്ട് കഴിയുന്നു. എച്ച്.വണ്‍.എന്‍.വണ്‍, മലേറിയ തുടങ്ങിയ അതീവഗുരുതരമായ രോഗങ്ങള്‍ പടരുന്നു. ഇതിലൊന്നും കാര്യക്ഷമമായി ഇടപെടാന്‍ സര്‍ക്കാര്‍ സമയം കണ്ടെത്തുന്നില്ല. മുഖ്യമന്ത്രിയും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മും ഏക സിവില്‍ക്കോഡിനെതിരെ സമരം സംഘടിപ്പിക്കാനും സെമിനാറ് നടത്താനുമുള്ള തിരക്കിലാണ്.
ചുരുക്കം പറഞ്ഞാല്‍ ഇത്രയ്ക്ക് അനാസ്ഥ കാട്ടുന്ന ഭരണം കേരള രൂപീകരണത്തിന് ശേഷം ഉണ്ടായിട്ടില്ലെന്നു തന്നെ വേണം വിലയിരുത്താൻ. അഴിമതി, സ്വജനപക്ഷപാതം, അരാജകത്വം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, വ്യാജരേഖ ചമയ്ക്കല്‍, നേതാക്കളുടെ ബന്ധുക്കള്‍ക്ക് വഴിവിട്ട് ഉപകരാറുകള്‍ നല്‍കുക, നികുതി കുത്തനെ കൂട്ടുക, അത് കൂടാതെ ഇന്ധന സെസ് ലിറ്ററിന് ഒരു രൂപാ വീതം കൂട്ടി, അതോടെ സംസ്ഥാനത്ത് നിന്ന് ഇന്ധനം നിറയ്ക്കുന്നത് നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളും അതിര്‍ത്തിയിലെ വണ്ടികളും നിര്‍ത്തി. ഇതിലൂടെ വലിയ നഷ്ടമാണ് ഉണ്ടായത്.
മുടിയാന്‍ നേരത്ത് മുട്ടിട്ടാ നില്‍ക്കുമോ എന്ന് പണ്ടാരോ ചോദിച്ച അവസ്ഥയിലാണിപ്പോള്‍. ഇതിനെല്ലാം വില നല്‍കേണ്ടത് ഭൂരിപക്ഷം വരുന്ന സാധാരണക്കാരും. തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയില്‍ കുറേ വര്‍ഷങ്ങളായി അപകടങ്ങള്‍ പതിവായി നടക്കുന്നു. എന്നിട്ടും ശാശ്വതപരിഹാരം കാണാന്‍ സര്‍ക്കാരിനായില്ല. 2018ലെ പ്രളയകാലത്ത് ആയിരങ്ങളുടെ ജീവന്‍രക്ഷിച്ച് സര്‍ക്കാരിന്റെ മാനംകാത്ത മത്സ്യത്തൊഴിലാളികളോടാണ് ഈ അവഗണന. നിരന്തരം അപകടം ഉണ്ടാകുന്ന പ്രദേശമാണെന്ന് അറിയാമായിരുന്നിട്ടും അടിയന്തര രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഇതുവരെ ഒരുക്കിയിട്ടില്ല.
അനാസ്ഥയുടെ അങ്ങേയറ്റം എന്നല്ലാതെ ഇതേക്കുറിച്ച് എന്ത് പറയാന്‍. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നത്. അത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളികളുടെ നെഞ്ചത്ത് കയറാനായിരുന്നു മന്ത്രി പുങ്കവന് താല്‍പര്യം. അല്ലാതെ കാണാതായവരെ എങ്ങനെയും കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനായിരുന്നില്ല. മത്സ്യത്തൊഴിലാളികള്‍ അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അവതരിപ്പിക്കുമ്പോള്‍ ഷോ കാണിക്കുകയാണെന്ന് പറയുന്ന മന്ത്രി സാക്ഷരകേരളത്തിന് അപമാനമാണ്.
അതോ മരിച്ച മത്സ്യത്തൊഴിലാളി രക്തസാക്ഷിയല്ലാത്തത് കൊണ്ടാണോ ഇത്തരത്തിലുള്ള സമീപനം. ഇത്തരം മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ജനാധിപത്യമായ രീതിയില്‍ ശക്തമായ താക്കീത് കൊടുക്കണം. തെരഞ്ഞെടുപ്പ് സമയത്ത് കടപ്പുറം നെരങ്ങാന്‍ വരുന്ന നേതാക്കളെ അവഗണിക്കണം. ഇവരുടെയൊന്നും പൊതുയോഗങ്ങള്‍ക്കോ, ജാഥകള്‍ക്കോ ഒരാള് പോലും പോകരുത്. നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ നിങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ ഓടിവരണം, നിങ്ങളുടെ ഏത് പ്രശ്‌നവും അനുകമ്പയോടെ കേള്‍ക്കുകയും പരിഗണിക്കുകയും വേണം. അല്ലാത്തവരുടെ കവലപ്രസംഗം പോലും കേള്‍ക്കാള്‍ കാത് കൊടുക്കരുത്.
നല്ല മാര്‍ക്ക് വാങ്ങി പത്താംക്‌ളാസ് പാസ്സായിട്ടും പ്ലസ്ടുവിന് അഡ്മിഷന്‍ ലഭിക്കാത്ത ആയിരക്കണക്കിന് കുട്ടികളാണ് വടക്കന്‍കേരളത്തിലുള്ളത്. അവിടേക്ക് അധിക സീറ്റ് നല്‍കുമെന്ന് പറഞ്ഞ് ഈ സര്‍ക്കാര്‍ വഞ്ചിച്ചു. ഇനി സപ്‌ളിമെന്ററി അലോട്ട്‌മെന്റ് എന്ന ഔദാര്യം ഉണ്ടാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രി എഴുന്നെള്ളിച്ചിരിക്കുന്നത്. നിങ്ങളെ ഔദാര്യം അവര്‍ക്ക് വേണ്ട, പഠിക്കാനുള്ള അവരുടെ മൗലിക അവകാശത്തിന് മേലാണ് നിങ്ങള്‍ കത്തിവച്ചിരിക്കുന്നത്. ഏക സിവില്‍ കോഡിനെതിരായ സമരത്തിന് മുന്നോടിയായുള്ള സെമിനാറിന് സി.പി.എം തെരഞ്ഞെടുത്തിരിക്കുന്നത് മലബാറാണല്ലോ. മലപ്പുറം അടക്കമുള്ള ജില്ലകളിലാണ് പ്ലസ്ടുവിന് സീറ്റില്ലാത്തത്. സമ്മേളനം നടത്താന്‍ വരുന്നവരോട് ആദ്യം പഠിക്കാനുള്ള അവസരം നല്‍കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടാൽ പിന്നെ അതും തീർന്നു..
രാജ്യത്തെ ഉപഭോക്തൃസൂചിക താഴേക്കാണ് പോകുന്നതെങ്കിലും രാജ്യത്തിന് മാതൃകയെന്ന് പറയുന്ന കേരളത്തിൽ ആകാശത്തേക്ക് കുതിക്കുകയാണ്. അരിവില ഓണത്തോടെ കിലോയ്ക്ക് 60 രൂപ കടന്നേക്കും. പച്ചക്കറിയുടെയും പലവ്യഞ്ജനത്തിന്റെയും കാര്യം പറയാതിരിക്കുന്നതാണ് ഭേദം. സ്മാര്‍ട് റേഷന്‍കട വഴി എല്ലാം ജനങ്ങളുടെ കയ്യിലെത്തിക്കുന്നുണ്ടെന്നാണ് ലക്ഷങ്ങള്‍ മുടക്കി എടുത്ത പരസ്യം പറയുന്നത്. നാട്ടിലിറങ്ങി അന്വേഷിച്ചാല്‍ ഇതിന്റെ സത്യാവസ്ഥ മനസ്സിലാകും. സര്‍ക്കാരും നേതൃത്വം നല്‍കുന്ന സി.പി.എമ്മും കാണിക്കുന്ന കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവരെ കൈകാര്യം ചെയ്യുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭീഷണി.
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ കേസിന്റെ മറവില്‍ അവിടുത്തെ ജീവനക്കാരെ വരെ പിണറായി പോലീസ് വേട്ടയാടി. അത്രയ്ക്ക് തരംതാണ രീതിയിലാണ് ഭരണനേതൃത്വം പ്രവര്‍ത്തിക്കുന്നത്. കാരണം അവര്‍ക്ക് അവരെ പോലും വിശ്വാസമില്ലാതായി. അതുകൊണ്ടാണ് ചാനൽ ജീവനക്കാരുടെ ഫോണും ലാപ്‌ടോപും വരെ പിടിച്ചെടുത്തത്. ഇവര്‍ കാണിച്ചുകൂട്ടിയ നെറികേടുകള്‍ ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും.
ആ ഭയം ഇവരെ അന്ധകാരത്തിലാക്കിയിരിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടിയില്ലെങ്കില്‍ മറച്ചുവെച്ചതെല്ലാം ഇരുമ്പുമറയ്ക്കുള്ളില്‍ നിന്ന് പുറത്തേക്കൊഴുകും. അതിന് തടയിടാന്‍ കൂടിയാണ് ലീഗിന്റെ കോണി കയറാന്‍ നോക്കിയത്. അവര് കോണികൊണ്ടോടി. ആ തിരിച്ചടിയുടെ ഷോക്ക് മാറുംമുമ്പ് സുപ്രീംകോടതി ഇരട്ട ഷോക്കടിപ്പിച്ചു. ഷാജന്‍ സ്‌കറിയയുടെ അറ്സറ്റിന് സ്റ്റേ കിട്ടി. അങ്ങനെ എല്ലാം കൊണ്ടും തിരിച്ചടിയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























