കെ.റെയിൽ പദ്ധതിയിൽ മാറ്റങ്ങൾ നിർദേശിച്ച് മെട്രോമാൻ ഇ.ശ്രീധരൻ... പദ്ധതിയിൽ അടിമുടി മാറ്റം നിർദേശിച്ചുകൊണ്ടുള്ള ശ്രീധരന്റെ റിപ്പോർട്ട് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് മുഖ്യമന്ത്രിക്ക് കൈമാറി....

കെ.റെയിൽ പദ്ധതിയിൽ മാറ്റങ്ങൾ നിർദേശിച്ച് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതിയിൽ അടിമുടി മാറ്റം നിർദേശിച്ചുകൊണ്ടുള്ള ശ്രീധരന്റെ റിപ്പോർട്ട് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് മുഖ്യമന്ത്രിക്ക് കൈമാറി. ഈ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിക്കും. പുതിയ പദ്ധതിയുടെ നടത്തിപ്പ് ചുമതല ശ്രീധരനെ ഏൽപ്പിക്കാനും സാധ്യതയുണ്ട്. താമസിയാതെ മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതിന് മുമ്പ് ഇടതുമുന്നണിയിലും ഇത് അവതരിപ്പിക്കും.
നിലവിലെ ഡിപിആർ, റെയിൽപാത തുടങ്ങിയവയൊന്നും പ്രായോഗികമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡിപിആറിൽ മാറ്റം വേണം. റെയിൽവേയുടെ പാതയുമായി ചേർന്നുകൊണ്ടുള്ള പാതയാണ് വേണ്ടത്. ആദ്യം സെമി സ്പീഡ് ട്രെയിൻ സർവീസ് നടപ്പിലാക്കണം. ഹൈ സ്പീഡ് ട്രെയിൻ എന്ന പദ്ധതി പിന്നീട് ആലോചിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പുതിയ രൂപത്തിൽ കെ.റെയിൽ നടപ്പാക്കാനാണ് സർക്കാർ നീക്കം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ശ്രീധരനും കെ.വി.തോമസും വിഷയത്തിൽ ഇടപെട്ടതെന്നാണ് വിവരം. കെ റെയിൽ എന്ന പേരിലും മാറ്റം വരുത്തും.
പുതിയ പാതയെ ദേശീയ റെയിൽപാതയുമായി ബന്ധിപ്പിക്കാൻ കഴിയണം. നിലവിലെ സിൽവർ ലൈൻ ദേശീയ റെയിൽപാതയുമായി ബന്ധിപ്പിക്കാൻ കഴിയില്ല. ബ്രോഡ്ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉൾപ്പടെ കേരളത്തിനു പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കിൽ മാത്രമേ പദ്ധതി പ്രായോഗികമാകൂ. കേന്ദ്രസർക്കാറിന്റെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് കെ.വി തോമസ് പറഞ്ഞു. ഇ. ശ്രീധരന്റെ നിർദേശങ്ങൾ നിലവിൽ മുഖ്യമന്ത്രിയുടെ മുന്നിലാണ്. കൂടുതൽ കാര്യങ്ങൾ സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ. ശ്രീധരനും കെ.വി. തോമസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു കെ-റെയിൽ പദ്ധതിക്ക് വീണ്ടും അനക്കംവെച്ചത്. കെ-റെയിൽ പദ്ധതി പ്രാവർത്തികമാകാൻ ഇ. ശ്രീധരൻ ബദൽ നിർദ്ദേശങ്ങൾ പങ്കുവെച്ചതോടെ അദ്ദേഹവും പദ്ധതിയുടെ ഭാഗമായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കെ- റെയിൽ പദ്ധതി യാഥാർഥ്യമായാൽ കേരളം രണ്ടായി പിളരുമെന്നും പദ്ധതി പൂർത്തിയാക്കാൻ 15 വർഷമെങ്കിലും വേണ്ടിവരുമെന്നുമായിരുന്നു അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്നല്ല താൻ പറഞ്ഞതെന്നും നിലവിലെ രീതിയിൽ പ്രായോഗികമല്ലെന്നാണ് പറഞ്ഞതെന്നുമാണ് കെ.വി. തോമസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 400 കിലോമീറ്റർ നീളത്തിൽ അതിവേഗപാത നിർമ്മിക്കാമെന്ന ബദൽ നിർദേശമാണ് ഇ. ശ്രീധരൻ മുന്നോട്ടുവയ്ക്കുന്നത്. ''കേരളത്തിൽ അതിവേഗ റെയിൽപാത വേണം. അത് സംസ്ഥാന സർക്കാരും കെറെയിലും നിലവിൽ മുന്നോട്ടു വച്ച സിൽവർലൈനല്ല. അതൊരിക്കലും പ്രായോഗികമല്ല. സംസ്ഥാന സർക്കാർ തയ്യാറെങ്കിൽ രാഷ്ട്രീയം നോക്കാതെ പദ്ധതിക്കു മുന്നിൽ നിൽക്കാൻ ഞാൻ തയാറാണ്.'' ശ്രീധരൻ പറയുന്നു.
നിലവിലുള്ള റെയിൽ പാതയ്ക്കു സമാന്തരമായും മൺതിട്ടകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിൽ തയാറാക്കിയ പദ്ധതിയുടെ പ്രധാന പ്രശ്‌നം. ഇത്രയധികം ഭൂമി ഏറ്റെടുക്കൽ സാധ്യമല്ല, ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരും. പാതയുടെ ഇരുഭാഗത്തും മതിൽ കെട്ടി വേർതിരിക്കുമ്പോൾ പ്രാദേശിക യാത്രയെയും ചുറ്റുപാടിനെയും ബാധിക്കും. സിൽവർലൈൻ അലൈന്മെന്റിൽ അപാകതയുണ്ട്. ചെറുതും വലുതുമായ മൂവായിരത്തിലധികം പാലങ്ങൾ വേണ്ടിവരും. ഇതിന്റെ ചെലവുകളൊന്നും നിലവിൽ കെ-റെയിൽ പദ്ധതിയിൽ വ്യക്തമാക്കിയിട്ടില്ല
തുരങ്കപാത, ഒപ്പം ആകാശപാത. ഇതു രണ്ടുമാണ് കേരളത്തിലെ സാഹചര്യത്തിൽ പ്രായോഗികമാവുക. ഇതിന് ഒരിഞ്ചു ഭൂമി പോലും വാങ്ങിക്കേണ്ടതില്ലെന്നാണു ഏറ്റവും വലിയ പ്രത്യേകത. എലിവേറ്റഡ് ട്രാക്ക് നിർമ്മിക്കുന്ന സ്ഥലങ്ങളിൽ കുറച്ച് ഭൂമി മാത്രമേ ആവശ്യമായി വരുന്നുള്ളു. ഈ പ്രദേശങ്ങളിൽ ഭൂവുടമകളിൽ നിന്ന് ഭൂമി ലീസിനെടുക്കാം. 10 മീറ്റർ വീതിയിലായിരിക്കും എലിവേറ്റഡ് പാതയുണ്ടാവുക. ഇരുഭാഗത്തും 5 മീറ്റർ വീതം അധികമായി കാണേണ്ടതുണ്ട്. ആകെ 20 മീറ്റർ വീതിയിൽ ഭൂമി ആവശ്യമായി വരും. ഇത്രയും ഭാഗം ഭൂവുടമകളിൽ നിന്ന് ലീസിനെടുക്കുകയും ആ ഭൂമി ഉടമസ്ഥർക്കു തന്നെ ഉപയോഗിക്കാൻ നൽകുകയും ചെയ്യാം.
അവിടെ കെട്ടിട നിർമ്മാണം മാത്രം അനുവദിക്കില്ല. കൃഷിയുൾപ്പെടെ മറ്റെന്തും ഭൂവുടമകൾക്കു ചെയ്യാം. ഇതിനു പുറമേ ഒരു വരുമാന മാർഗമെന്നോണം ലീസ് തുക ഉടമകൾക്ക് മുടക്കമില്ലാതെ ലഭിക്കുകയും ചെയ്യും. ലീസിനെടുക്കുന്ന 20 മീറ്ററിനപ്പുറം കെട്ടിടമോ വീടോ എന്തും ഭൂവുടമകൾക്ക് ഇഷ്ടത്തിനനുസരിച്ച് നിർമ്മിക്കാം. യാതൊരു തടസ്സവുമില്ല. തുരങ്കം കടന്നു പോകുന്ന ഭാഗത്തെ നിർമ്മാണം അതിനു മുകളിലുള്ളവർക്ക് അറിയാൻ കഴിയില്ല-ശ്രീധരന്റെ പദ്ധതി ഇതാണ്.
അതിവേഗപാതയുടെ ആവശ്യം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 400 കിലോമീറ്റർ നീളത്തിൽ മാത്രമാണ്. കണ്ണൂർ മുതൽ കാസർകോട് വരെ യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. 2015ലെ സർവേ അനുസരിച്ചു കുറച്ചു യാത്രക്കാർക്കായി 82 കിലോമീറ്റർ അധികം പാത നിർമ്മിക്കേണ്ടതില്ല. ഭാവിയിൽ അതിനുള്ള സാധ്യത തുറന്നിടുകയും ചെയ്യാം. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ദിവസവും ഒന്നര ലക്ഷം പേർ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഡിഎംആർസിയെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ അനുമതി ലഭിച്ചാൽ 6 വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാകും. 4 വർഷം കഴിഞ്ഞാൽ പൂർത്തിയായ ഭാഗത്ത് ട്രെയിൻ ഓടിച്ചു തുടങ്ങാം.
അതിവേഗ പാത പൂർത്തിയായാൽ മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ വരെ ട്രെയിൻ ഓടിക്കാൻ കഴിയും. വൻ തുക ചെലവഴിച്ച് കേരള സർക്കാർ മുന്നോട്ടു വച്ച കെ റെയിലിനേക്കാൾ ഇരട്ടിയോളം വേഗമാണിത്. തുടക്കത്തിൽ 250 കിലോമീറ്റർ വേഗമെന്നതിൽ നിന്ന് പദ്ധതി പൂർണതയിലെത്തുമ്പോൾ 350 കിലോമീറ്റർ വേഗതയിലേക്ക് എത്തിക്കാൻ സാധിക്കും. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പരമാവധി 1 മണിക്കൂറും 8 മിനിറ്റും മതി. സംസ്ഥാനത്ത് വലിയ ചലനങ്ങളുണ്ടാക്കാൻ ഈ പദ്ധതിക്ക് സാധിക്കും.
https://www.facebook.com/Malayalivartha


























