ടി.സി.എസിനെ ഒഴിവാക്കാന്‍ പൂഴിക്കടകന്‍ ഗുരുവായൂരപ്പാ ഇതൊന്നും കാണുന്നില്ലേ? ക്ഷേത്രത്തിന് മൂന്ന് വെബ്‌സൈറ്റ് എന്തിന്

ലോകമെമ്പാടുമുള്ള കൃഷ്ണഭക്തരുടെ പുണ്യക്ഷേത്രമായ ഗുരുവായൂരില്‍ സൗജന്യസേവനങ്ങള്‍ നല്‍കിവരുന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിനെ (ടി.സി.എസ്) ഒഴിവാക്കാന്‍ ദേവസ്വത്തിലെ ചില കോമരങ്ങള്‍ പൂഴിക്കടകന്‍ പുറത്തെടുക്കുന്നു. നിലവില്‍ guruvayurdevaswom.nic.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റും ടി.സി.എസ് നിര്‍മിച്ച guruvayurdevaswom.in എന്ന മറ്റൊരു സൈറ്റും ഉള്ളപ്പോഴാണ് www.guruvayoordevaswom.com എന്ന പുതിയൊരു വെബ്‌സൈറ്റുകൂടി നിലവില്‍ വന്നിരിക്കുന്നത്. ഡോട് കോം എന്ന വെബ് അഡ്രസ് സാധാരണ വ്യാപാര സ്ഥാപനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പല ഭക്തരും ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഗുരുവായൂരമ്പലത്തെ വ്യാപാരസ്ഥാപനമായി കാണുന്ന ദേവസ്വം കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്.
വെബ്‌സൈറ്റിന്റെ സാങ്കേതിക വശം പരിശോധിച്ചത് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററും ദേവസ്വം ഐ.ടി വിദഗ്ധനും ആണെന്നാണ് ദേവസ്വം കമ്മിറ്റി മറുപടി നല്‍കിയതെന്ന് ചില ഭക്തര്‍ പറയുന്നു. വെബ് സൈറ്റ് ഉണ്ടാക്കുന്നതിന് മുമ്പ് സാങ്കേതിക വശങ്ങളും സുരക്ഷയും പരിശോധിച്ച ഐ.ടി വിദഗ്ധ കമ്മിറ്റിയുടെ മിനിറ്റ്‌സ് പുറത്തുവിടാനും ദേവസ്വം അധികൃതര്‍ തയ്യാറാകുന്നില്ല. അതിനാല്‍ ഇതിന് പിന്നിലുള്ള ഉദ്ദേശം എന്താണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെ സൈറ്റുവഴി വഴിപാടുകള്‍ ബുക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അതും ചോദ്യം ചെയ്യപ്പെട്ടു. ടി.സി.എസിന്റെ സോഫ്റ്റ് വെയര്‍ വഴി വഴിപാടുകള്‍ ബുക്ക് ചെയ്യുന്ന ഭക്തരുടെ പണം നഷ്ടപ്പെടുന്നു എന്ന മറുപടിയാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കിയത്. എന്നാല്‍ ടി.എസ്.സിനെ ആശ്രയിച്ചാലും പണം ദേവസ്വത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കല്ലേ വരുന്നത്. അതിനാല്‍ പൂര്‍ത്തിയാകാത്ത ഇടപാടുകളുടെ പണം റീഫണ്ട് ചെയ്യേണ്ടത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമല്ലേ? എന്ന് ചോദിച്ചാല്‍ മറുപടിയുണ്ടാവില്ല.
ടി.സി.എസ് സൗജന്യമായി നല്‍കിയ സോഫ്റ്റ് വെയര്‍ വഴി മാസന്തോറും കോടിക്കണക്കിന് രൂപയാണ് ദേവസ്വം അക്കൗണ്ടിലെത്തുന്നത്. പരാജയപ്പെട്ട ഇടപാടുകള്‍ ഏഴ് മുതല്‍ 15 ദിവസത്തിനുള്ളില്‍ റീഫണ്ട് ചെയ്യുമെന്ന് ദേവസ്വം വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍ റീഫണ്ട് കൃത്യമല്ലെന്ന നിരവധി പരാതികളാണുള്ളത്. ഇമെയിലിലൂടെയും ഫോണിലൂടെയുമാണ് പരാതി അറിയിച്ചിരിക്കുന്നത്. ഭഗവാന്റെ കാര്യമല്ലേ എന്നോര്‍ത്ത് പിന്നീട് പലരും പരാതി പറയുന്നത് ഒഴിവാക്കും. ഇങ്ങിനെ കിട്ടുന്ന പണം എന്ത് ചെയ്യുന്നു എന്നത് അന്വേഷണ വിധേയമാക്കേണ്ട കാര്യമാണ്. ഭക്തരുടെ പണം റീഫണ്ട് ചെയ്യാതെ ടി.സി.എസിന് മേല്‍ പഴിചാരുന്നത് അവര്‍ നല്‍കിവരുന്ന സൗജന്യ സോഫ്റ്റ് വെയര്‍ സേവനം ഒഴിവാക്കാനുള്ള നീക്കമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇനി ടി.എസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കേണ്ടേ, അതിനും ദേവസ്വം തയ്യാറാകുന്നില്ല.
നെയ് വിളക്ക് ചീട്ട് തയ്യാറാക്കുന്നമെഷീനില്‍ രസീതിന്റെ ഡ്യൂപ്ലിക്കേറ്റ് പ്രിന്റ് ചെയ്യാന്‍ സംവിധാനം ഉണ്ടെന്ന് ഓഡിറ്റിനെത്തിയ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ ദേവസ്വം കേസ് കൊടുത്തിരുന്നു. രസീതിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാമോ എന്ന് പരിശോധ നടത്തേണ്ടത് ദേവസ്വം ഐ.ടി വകുപ്പാണ്. അവരത് ചെയ്യാത്തതിനെതിരെ യാതൊരു നടപടിയും ബോര്‍ഡ് സ്വീകരിച്ചിട്ടില്ല. തുലാഭാരം നടത്തുമ്പോള്‍ ദക്ഷിണയെന്ന പേരില്‍ തട്ടില്‍ പണം വയ്ക്കുന്നതിനെതിരെ കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഇത്തരം കാര്യങ്ങള്‍ തടയാന്‍ സി.സി.ടി.വി പോലുള്ള സ്ഥിരം സംവിധാനങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതൊന്നും നടപ്പിലായിട്ടില്ലെന്നാണ് ലഭ്യമായ വിവരം.
ദേവസ്വം മുന്‍ ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വിടാന്‍ തീരുമാനിച്ച തസ്തികകളായ ഐ.ടി മാനേജര്‍, ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് എന്‍ഞ്ചിനിയര്‍ ഉള്‍പ്പെടെയുള്ള പല തസ്തികകളും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വിടാന്‍ നിലവിലെ ചെയര്‍മാന്‍ വി.കെ വിജയന്‍ അധ്യക്ഷനായ ദേവസ്വം മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പിന്നേക്കക്കാരനായ മന്ത്രി ദേവസ്വം വകുപ്പ് ഭരിക്കുമ്പോള്‍ ഗുരുവായൂരില്‍ നിയമനങ്ങളില്‍ സംവരണവ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. നിയമനങ്ങള്‍ ബോര്‍ഡിന് വിടാതെ ഒരു കൊല്ലത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. കാലാവധി കഴിയുമ്പോള്‍ നോട്ടിഫിക്കേഷന്‍ പോലും വിളിക്കാതെ കരാര്‍ കാലാവധി നീട്ടിനല്‍കുന്ന പരിപാടിയും ഇവിടെ നടക്കുന്നുണ്ടെന്ന ആരോപണവും പല ഭക്തരും ഉന്നയിക്കുന്നു. ഇത്തരത്തില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തവരെ പിന്നീട് സ്ഥിരപ്പെടുത്തിയ സംഭവങ്ങളുമുണ്ട്.
ഇതിലൊന്നും സംവരണവ്യവസ്ഥകള്‍ പാലിക്കാറില്ല. അത്യാവശ്യമുള്ള നിയമനങ്ങള്‍ ദേവസ്വം റെഗുലേഷനില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ അങ്ങനെ ചെയ്താല്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വിടേണ്ടിവരും. അത് ചെയ്യാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തും.ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുണ്ട്. ഇതേക്കുറിച്ച് ആരെങ്കിലും അന്വേഷിക്കാനെത്തിയാല്‍ മറുപടി നല്‍കാതിരിക്കുകയോ, സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യും. മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാന്‍ ഒരു വിവരവും പുറത്തുവിടില്ല. എന്തെങ്കിലും പറയണമെന്നുള്ള ഉദ്യോഗസ്ഥര്‍ തന്നെ ഭയം കാരണം എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി, 5 കോടി മുടക്കിയാണ് ഗുരുവായൂരില്‍ സി.സി.ടി.വി സ്ഥാപിച്ചത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് കരാര്‍ ലഭിച്ചത്. അവര്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ക്യാഷ് കൗണ്ടറുകള്‍ അടക്കമുള്ള ചിലയിടങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കാനുള്ള നീക്കം ചില ഉന്നതര്‍ ഇടപെട്ട് അട്ടിമറിച്ചെന്നാണ് വിവരം. അതുകൊണ്ട് ദേവസ്വത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങളും പരാതികളും അന്വേഷിക്കാന്‍ മന്ത്രി ഇടപെടണമെന്ന ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ ഒരു കൂട്ടം ഭക്തര്‍ മുന്നോട്ടുവന്നിട്ടുണ്ട് എന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha



























