തൃശൂരിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ്...കടന്നു പോയ അവസ്ഥകൾ... ബസ് സ്റ്റാന്‍ഡില്‍ പരിചയം നടിച്ചെത്തിയ ഒരാള്‍ അവനൊരു ബീഡി വലിക്കാന്‍ കൊടുത്തു...പിന്നെ ലഹരിയുടെ പിടിയിൽ...

തൃശൂരിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ്. പന്തീരായിരം രൂപ മാസവേതനം. സ്ഥാപനത്തില്‍ എത്തുന്നവരോട് ഈ ചെറുപ്പക്കാരന്റെ പെരുമാറ്റത്തില്‍ പെട്ടെന്നൊരു മാറ്റം സംഭവിച്ചതായി കടയുടമയ്ക്കു തോന്നി. അകാരണമായി ക്ഷോഭിക്കുന്നു, ജോലിയ്ക്കിടെ ഉറക്കം തൂങ്ങുന്നു, വരവുപോക്കില്‍ സമയം പാലിക്കുന്നില്ല തുടങ്ങി പല താളപ്പിഴകള്‍. പല തവണ ശാസനകള്‍ നല്‍ക്കിയിട്ടും യുവാവിന് മാറ്റമില്ല. ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നുവരെ കടയുടമയ്ക്ക് ശാസന നല്‍കേണ്ടിവന്നു.ഗതികെട്ട കടയുടമ യുവാവിന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവന്റെ അമ്മയ്ക്കു പറയാനുണ്ടായിരുന്നതും സമാനമായ അനുഭവങ്ങള്‍ തന്നെ. വീട്ടിലെത്തിയാല്‍ ഭക്ഷണം കഴിക്കാതെയും പ്രാര്‍ഥനയില്‍ പങ്കെടുക്കാതെയും മുറിയടച്ച് നേരത്തെ ഉറക്കം തുടങ്ങും. രാവിലെ വിളിച്ചുണര്‍ത്തിയാലും എഴുന്നേല്‍ക്കാന്‍ മടി.
ഇരുപത്തിനാലുകാരനായ മകനിലെ ഭാവ മാറ്റങ്ങള്‍ അമ്മയെ ഏറെ ആശങ്കയിലാക്കി. മകനെ ജോലിയില്‍ നിന്ന് പരിച്ചുവിടുമെന്ന് കടയുടമ പറഞ്ഞതോടെ അമ്മയ്ക്ക് അതിലേറെ ആശങ്ക. വിധവയായ അമ്മയുടെ ഇളയ മകനാണ്. വീട്ടിലെ ഏക വരുമാനം മകന്റെ ജോലിയില്‍നിന്ന് കിട്ടുന്നതാണ്. യുവാവിന്റെ അമ്മയും സ്ഥാപനമുടമയും എന്നെ വിളിച്ച് ആ മകനുമായി സംസാരിക്കാമോ എന്നു ചോദിച്ചു. അങ്ങനെ ചെറുപ്പക്കാരന്‍ എന്നെ കാണാനെത്തി. അര മണിക്കൂറോളം സംസാരിച്ചിട്ടും അവന്‍ മനസ് തുറക്കുന്നില്ല. എന്താണ് പതിവില്ലാത്ത നിന്റെ മാറ്റങ്ങള്‍ക്ക് കാരണമെന്ന ചോദ്യത്തിനും ഉത്തരമില്ല. ജോലി നഷ്ടപ്പെട്ടാല്‍ എങ്ങനെ വീടുപോറ്റുമെന്ന് ചോദിച്ചിട്ടും ഉത്തരമില്ല. സംസാരം ഒരു മണിക്കൂര്‍ പിന്നീട്ടതോടെ മകന്‍ അവനിലെ മാറ്റങ്ങളുടെ കാരണം വെളിപ്പെടുത്താന്‍ തുടങ്ങി.
ജോലിസ്ഥലത്തേപോകും വഴി ബസ് സ്റ്റാന്‍ഡില്‍ പരിചയം നടിച്ചെത്തിയ ഒരാള്‍ അവനൊരു ബീഡി വലിക്കാന്‍ കൊടുത്തു. പിറ്റേന്നും രാവിലെ അയാളെ അതേ സ്ഥലത്ത് കണ്ടുമുട്ടി സ്‌നേഹം നടിച്ച് ബീഡി സമ്മാനിച്ചു. ആഴ്ചയൊന്നു പിന്നിട്ടതോടെ സ്‌നേഹം നടിച്ചുവരുന്നയാളും അയാള്‍ വെറുതെ കൊടുക്കുന്ന ബീഡിയും ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമായി. ആ സൗഹൃദം ഏറെ ആഴപ്പെട്ടതോടെ ജോലിക്കു പോകാതെ അയാള്‍ക്കൊപ്പം ഒരു പകല്‍ പലയിടങ്ങളിലും കറങ്ങാന്‍ പോയി. ഭക്ഷണം വാങ്ങിക്കൊടുത്ത് കൂടുതല്‍ അടുപ്പം സ്ഥാപിച്ചയാള്‍ അന്ന് അയാളുടെ തോള്‍സഞ്ചിയില്‍നിന്നും ബബിള്‍ഗം പോലുള്ള ആറേഴു ച്യൂയിംഗമിഠായികള്‍ സമ്മാനമായി കൊടുത്തു.
രണ്ടു ദിവസം പിന്നിട്ടതോടെ ആ മിഠായി കിട്ടാതെ മുന്നോട്ടുപോകില്ലെന്നായി. ആ ഘട്ടം മുതല്‍ യുവാവ് സൗഹൃദം നടിച്ചുവന്നയാളിന്റെ പിടിയിലായിക്കഴിഞ്ഞു. ബീഡിക്കും ച്യൂയിംഗത്തിനും അയാള്‍ ഈ യുവാവില്‍നിന്ന് പണം ഈടാക്കിത്തുടങ്ങി. ആദ്യദിവസങ്ങളില്‍ അന്‍പത്, പിന്നീട് നൂറ്. നിരക്ക് ഇരുനൂറില്‍ എത്തിയതോടെ ചെറുപ്പക്കാരന്‍ പൂര്‍ണമായി ലഹരിക്ക് അടിമപ്പെട്ടുകഴിഞ്ഞിരുന്നു.
വലിക്കാന്‍ കൊടുത്തത് കഞ്ചാവ് ബിഡിയാണെന്നും ച്യൂയിംഗത്തില്‍ മയക്കുമരുന്നുണ്ടായിരുന്നുവെന്നും ഈ നിഷ്‌കളങ്കനായ ചെറുപ്പക്കാരന്‍ മനസിലാക്കിയില്ല. ലഹരിയ്ക്ക് അടിപ്പെട്ടതോടെയാണ് ഇത്തരത്തില്‍ സ്വഭാവമാറ്റങ്ങള്‍ക്ക് വഴിപ്പെട്ടതെന്ന വസ്തുത വെളിപ്പെടുത്തി.
ഒരു മാസത്തോളം ലഹരി വിമുക്ത ചികിത്സയും തുടര്‍ കൗണ്‍സിലിംഗും നല്‍കിയതോടെ ചെറുക്കാരനില്‍ മാറ്റം വന്നുതുടങ്ങി. അക്കാലത്ത് തനിച്ച സംഭവിച്ച പല പാളിച്ചകളും വീഴ്ചകളും കൗണ്‍സിലിംഗില്‍ അവന്‍ വെളിപ്പെടുത്തി. ലഹരി വാങ്ങാന്‍ പണമില്ലാതെ വന്നതോടെ ജ്യേഷ്ഠന്റെയും അമ്മയുടെയും പഴ്‌സിലെ പണം മോഷ്ടിച്ച് ച്ചതും അയല്‍ക്കാരിയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണവള മോഷ്ടിച്ചതുമൊക്കെയായ തെറ്റുകള്‍. ചികിത്സയും കൗണ്‍സിംലിഗും ഫലിച്ചതോടെ ഈ മകന്‍ പൂര്‍ണമായി ലഹരി ആസസ്തിയില്‍നിന്ന് മോചിതനായി ഇപ്പോള്‍ ജോലിക്കു പോകുന്നു. പെരുമാറ്റത്തിലും സ്വഭാവത്തിലും പഴയതുപോലെ അവന്‍ മാന്യനായിരിക്കുന്നു.
ഓര്‍മിക്കുക, ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങളാണ് സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഏതു പ്രായക്കാരെയും റാഞ്ചാനും വീഴ്ത്താനുമാകും വിധം ലഹരിമാഫിയ പിടിമുറുക്കിയിരിക്കുന്നു. കുട്ടികളെയും ചെറുപ്പക്കാരെയും ലഹരിലാഴ്ത്തുക എളുപ്പമാണുതാനും.ഭക്ഷണത്തിലും പാനീയത്തിലുംവരെ മയക്കുമരുന്ന് ചേര്‍ത്ത് ലഹരിയുടെ ആസക്തിയില്‍ വീഴ്ത്തും വിധം അധോലോകം കെണിയൊരുക്കിയിരിക്കുന്നു. മക്കളുടെ ഓരോ ചലനവും പെരുമാറ്റവും ഇക്കാലത്തെ വീടുകളില്‍ രക്ഷിതാക്കള്‍ നിരീക്ഷിക്കേണ്ടതുണ്ട്. പങ്കാളിയില്‍പോലും അപ്രതീക്ഷിതമായി സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് കാരണം ഇത്തരം സ്വാധീനങ്ങാകാം. ഏതു സാഹചര്യത്തിലും ചുറ്റുപാടുകളിലും ബന്ധങ്ങളും സൗഹൃദങ്ങളും സ്ഥാപിക്കുമ്പോള്‍ ആ ആപത്തുകാലത്ത് ജാഗ്രത വേണം. നീരാളിപോലെ മനസിനെയും ശരീരത്തെയും മാത്രമല്ല ലഹരി കീഴടക്കുക. ലഹരിയുടെ കെണിയില്‍പ്പെടുന്നവരുടെ അന്ത്യം ദാരുണമാണ്. മരണശേഷം ബന്ധുക്കളുടെ ജീവിതം പരിതാപകരവും.(സിസ്റ്റര്‍ ഡോ. ജോവാന്‍ ചുങ്കപ്പുര കോട്ടയം മാങ്ങാനം ട്രാഡ സെക്രട്ടറിയാണ്)
https://www.facebook.com/Malayalivartha



























