കൊച്ചിയിലെ റെസ്റ്റോറന്റിൽ പരസ്യ മദ്യപാനം: തടയാൻ ശ്രമിച്ച ജീവനക്കാരെ ആക്രമിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ; വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും, കഞ്ചാവും കണ്ടെടുത്തു....

കൊച്ചിയിലെ റെസ്റ്റോറന്റിൽ പരസ്യ മദ്യപാനം തടയാൻ ശ്രമിച്ച ജീവനക്കാരെ ആക്രമിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായിൽ, മുഹമ്മദ് എന്നിവരെയാണ് പിടിയിലായത്. സംഘത്തിലെ മറ്റ് ചിലർ പിടിയിലാകാനുണ്ട്. കസ്റ്റഡിയിലെടുത്ത സ്കൂട്ടറിൽ നിന്ന് ലഹരി വസ്തുക്കളും കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. മരോട്ടിച്ചോട് ‘താൽ കിച്ചനിൽ' ഭക്ഷണം കഴിക്കുന്നതിനിടെ തീൻമേശയിൽ യുവാക്കൾ മദ്യം വിളമ്പിയപ്പോഴാണു ജീവനക്കാർ തടഞ്ഞത്. ഇതാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു. കുടുംബവുമായി ഭക്ഷണം കഴിക്കാനെത്തിയവർ ഉൾപ്പെടെ ഒട്ടേറെ പേർ ഹോട്ടലിൽ ഉള്ളപ്പോഴാണ് സംഭവം.
ജീവനക്കാരുമായി തർക്കിച്ച ശേഷം ഇറങ്ങിപ്പോയ യുവാക്കൾ അര മണിക്കൂറിനകം കൂടുതൽ പേരുമായി ഹോട്ടലിൽ തിരിച്ചെത്തിയാണ് ആക്രമണം നടത്തിയത്. തടയാൻ ശ്രമിച്ച തന്റെ മകനെയും സുഹൃത്തുക്കളെയും ഇവർ ആക്രമിച്ചതായി ഹോട്ടൽ ഉടമ അനസ് നാസർ പറഞ്ഞു.
പുറത്തു നിന്നു മെറ്റൽ എടുത്തു ഹോട്ടലിനു നേരെ എറിഞ്ഞു. തയാറാക്കി വച്ചിരുന്ന ഭക്ഷണത്തിൽ മണ്ണിട്ടു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. പൊലീസെത്തി മൂന്നു പേരെ പിടികൂടുകയായിരുന്നു. അക്രമികളുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. ഹോട്ടൽ ഉടമയുടെ മകൻ അജീബ് നാസർ (33) ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ അടക്കമുള്ള ആറംഗ സംഘമാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ ഇവരിൽ ചിലർ ബാഗിൽ നിന്ന് മദ്യക്കുപ്പി പുറത്തെടുത്ത് കുടിച്ച് തുടങ്ങി. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെയാണ് വിദ്യാർത്ഥികൾ കയർത്തത്. പ്രശ്‌നം പരിഹരിച്ച് ഇറങ്ങിയ യുവാക്കൾ പുറത്ത് പോയി, മറ്റ് ചില സുഹൃത്തുക്കളെയും കൂട്ടി എത്തിയതോടെ കാര്യങ്ങൾ കയ്യാങ്കളിയിലേയ്ക്ക് എത്തി. തൃക്കാക്കര പോലീസ് സ്ഥലത്ത് എത്തിയാണ് കോഴിക്കോട് സ്വദേശികളായ യുവാക്കളെ കസ്റ്റഡിയിൽ എടുത്തത്.
ഇവരുടെ വാഹനത്തിൽ നിന്ന് തന്നെയാണ് മദ്യക്കുപ്പികളും, കഞ്ചാവും കണ്ടെടുത്തത്. കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ് യുവാക്കളെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഓപ്പൺ കിച്ചണിലേയ്ക്ക് കല്ലും, മണ്ണും എറിഞ്ഞതോടെ ആഹാരത്തിലേയ്ക്ക് വീഴുകയായിരുന്നു. മുഴുവൻ ആഹാരവും വേസ്റ്റിലേയ്ക്ക് കളഞ്ഞെന്ന് ഹോട്ടൽ ഉടമ പറഞ്ഞു. ജീവനക്കാരും പരിക്കേറ്റ് ചികിത്സ തേടിയിരുന്നു. ഹോട്ടൽ ജീവനക്കാരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പോലീസ് തുടർ നടപടികൾ സ്വീകരിക്കുക.
https://www.facebook.com/Malayalivartha



























