കല്യാണ തലേന്ന് വർക്കലയിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി: താലികെട്ട് നടന്നത് ശിവഗിരിയിൽ വച്ച്...

കല്യാണ തലേന്ന് വർക്കലയിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി. ശിവഗിരിയിൽ വച്ച് അൽപ സമയത്തിനു മുമ്പായിരുന്നു താലികെട്ട് . അച്ഛനെ സംസ്ക്കരിച്ച സ്ഥലത്ത് പ്രാർത്ഥിച്ച ശേഷം കണ്ണീരോടെയാണ് ശ്രീലക്ഷ്മി ചടങ്ങുകൾക്കായി തിരിച്ചത്. ഇത് പോലെ ഒരു തവണ കതിർമണ്ഡപം ഒരുങ്ങിയതാണ്. പക്ഷെ ഒരിക്കലും നിനച്ചിരിക്കാതെയാണ് ആ കുടുംബത്തിന് മേൽ വിധിയുടെ ക്രൂരത അരങ്ങേറിയത്. ഒരിക്കലും നികത്താനാകാത്ത വിടവാണ് ആ കുടുംബത്തിന് ഉണ്ടായതെങ്കിലും ശ്രീലക്ഷ്മിയ്ക്കും, വരനും വിവാഹ മംഗളാശംസകൾ നേർന്ന് ഒരു നാട് മുഴുവൻ കൂടെ ഉണ്ട്. വർക്കല ശാരദാമണ്ഡപത്തിൽ വച്ചാണ് വിവാഹം.
ചേരുന്നയൂർ സ്വദേശി വിനു ആണ് ശ്രീലക്ഷ്മിയെ താലി കെട്ടുന്നത്. കഴിഞ്ഞ മാസം 28ന് വിവാഹം നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയായിരുന്നു വർക്കല വടശേരിക്കോണത്ത് ശ്രീലക്ഷ്‌മിയിൽ രാജുവിനെ മൺവെട്ടികൊണ്ട് തലയ്ക്കടിച്ച് അയൽവാസിയായ ജിഷ്ണുവും സഹോദരന്‍ ജിജിനും ഇവരുടെ രണ്ടു സുഹൃത്തുക്കളും രാജുവിനെ കൊലപ്പെടുത്തിയത്.
ശ്രീലക്ഷ്മിയെ ആക്രമിക്കാനായിരുന്നു ഇവർ എത്തിയത്. വധുവിനെയും വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് സ്ത്രീകളെയും ആക്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍ രാജുവിന് അടിയേറ്റത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലെ രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അക്രമികൾ ആശുപത്രി വരെ പിന്തുടർന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടുവെന്നും ശ്രീലക്ഷ്മിയുടെ ബന്ധു വെളിപ്പെടുത്തിയിരുന്നു.
രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ അയൽവാസി കൂടിയായ ജിഷ്ണു ആഗ്രഹിച്ചിരുന്നു. ഒരു തവണ സഹോദരനൊപ്പവും രണ്ട് തവണ അമ്മയോടൊപ്പവും പെണ്ണുചോദിക്കാൻ ജിഷ്ണു രാജുവിന്റെ വീട്ടിലേക്ക് പോയിരുന്നു. രണ്ട് സമുദായമായതിനാൽ രാജുവിന്റെ കുടുംബം കല്യാണത്തിന് സമ്മതിച്ചില്ല. പണി പൂർത്തിയാകാത്ത ചെറിയ വീടായതിനാൽ ആ വീട്ടിലേക്ക് മകളെ പറഞ്ഞയക്കാൻ രാജുവിനും കുടുംബത്തിനും താൽപ്പര്യം ഉണ്ടായിരുന്നില്ല.
മൂന്നാമത്തെ പ്രാവശ്യം രാജുവിന്റെ വീട്ടിൽ പോയപ്പോൾ ഇനി ഈ കാര്യം പറഞ്ഞ് ഇങ്ങോട്ട് വരരുതെന്ന് താക്കീത് നൽകുകയും ചെയ്തു. തുടർന്നാണ് ശ്രീലക്ഷ്മിക്ക് മറ്റൊരു വിവാഹ ആലോചന എത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞതോടെ മറ്റൊരാളുടെ കൂടെ സുഖമായി ജീവിക്കില്ലെന്ന് ജീഷ്ണു, ശ്രീലക്ഷ്മിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
രാജുവിന്റെ വീടിന് അടുത്ത് തന്നെയാണ് ജിഷ്ണുവിന്റെ വീട്. വിവാഹ തലേന്ന് ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടാക്കുമെന്ന് വീട്ടുകാർ ആരും വിചാരിച്ചിരുന്നില്ല. വിവാഹതലേന്നുള്ള പാർട്ടി കഴിഞ്ഞ് എല്ലാവരും മടങ്ങിയ ശേഷമാണ് ജിഷ്ണുവും സംഘവും എത്തിയത്.
തര്‍ക്കത്തിന് ഒടുവില്‍ പുറത്തിറങ്ങി വന്ന ശ്രീലക്ഷ്മിയെയാണ് ഇവര്‍ ആദ്യം ആക്രമിച്ചത്. ശ്രീലക്ഷ്മിയെ അടിച്ച് നിലത്തിടുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച രാജുവിനെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുവിനെ മണ്‍വെട്ടിയുടെ പിടി കൊണ്ട് ജിജിൻ അടിച്ചുവീഴ്ത്തി. തുടര്‍ന്ന് രാജുവിനെയും സമാനമായ നിലയില്‍ അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. പ്രണയത്തകർച്ചയുടെ പേരിലായിരുന്നു അരുംകൊല. മൺവെട്ടിയുടെ അടിയേറ്റ് നിലത്ത് വീണ രാജുവിനെ നിലത്തിട്ട് വീണ്ടും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.
രാജു മരിച്ചുവെന്ന് ഉറപ്പായതോടെ സംഘം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജുവിന്റെ സംസ്ക്കാരം കഴിഞ്ഞിട്ടും ചിലർ പിന്തുടരുന്നതായി ബന്ധു വെളിപ്പെടുത്തിയിരുന്നു.
ശ്രീലക്ഷ്മിയുടെ പ്രതിശ്രുത വരൻ സംഭവമറിഞ്ഞ സമയം മുതൽ രാജുവിന്റെ സംസ്‌കാര ചടങ്ങിലും മറ്റും സജീവ സാന്നിദ്ധ്യമായിരുന്നു. ശ്രീലക്ഷ്മിയുടെ പിതാവ് ആഗ്രഹിച്ചതുപോലെ വിവാഹം നടത്താനും കുടുംബത്തെ സംരക്ഷിക്കാനും തയ്യാറാണെന്ന് പ്രതിശ്രുത വരൻ അന്നേ പ്രതികരിച്ചിരുന്നു. വിവാഹത്തലേന്ന് സംഭവിച്ച ദുരന്തത്തിൽ പതറാതെ ആ യുവാവ് രാജുവിന്റെ കുടുംബത്തിന് ആശ്വാസമായി ഒപ്പമുണ്ടായിരുന്നു. ഇനിയും ഈ കരുതൽ തുടരുമെന്ന് വിനു പറയുന്നു.
https://www.facebook.com/Malayalivartha



























