വിലക്കയറ്റത്തില്‍ ജനത്തിന്റെ നടുവൊടിയുന്നു... എന്തേ കേരളമുഖ്യന്‍ പിണറായി വിജയന്‍ സഖാവ് അറിയുന്നില്ലേ....? ഇപ്പോഴും ആ വലിയ മനസ് അമേരിക്കയില്‍ തന്നെ വട്ടംകറങ്ങുകയാണോ...? അതോ ദുബായിയിലെ സ്വഗീയാനുഭവത്തില്‍ ആനന്ദനിര്‍വൃതി അടയുകയാണോ...?

വിലക്കയറ്റത്തില്‍ ജനത്തിന്റെ നടുവൊടിയുന്നതൊന്നും എന്തേ കേരളമുഖ്യന്‍ പിണറായി വിജയന്‍ സഖാവ് അറിയുന്നില്ലേ. അതോ ഇപ്പോഴും ആ വലിയ മനസ് അമേരിക്കയില്‍തന്നെ വട്ടംകറങ്ങുകയാണോ. അതോ ദുബായിയിലെ സ്വഗീയാനുഭവത്തില്‍ ആനന്ദനിര്‍വൃതി അടയുകയാണോ.
സര്‍ക്കാര്‍ മന്ദിരത്തില്‍ സുഖതാമസവും സുഖശാപ്പാടും വിദേശയാത്രയും വിനോദവുമൊക്കെയായി സഖാവും സഹമന്ത്രിമാരും നാടുവാഴുമ്പോള്‍ ഒന്നറിയുക മന്ത്രിമാരേ അരി മുതല്‍ ഇഞ്ചിവരെ പൊള്ളുകയാണ്. ജനങ്ങളുടെ നെഞ്ച് നീറുകയാണ്. പോക്കറ്റ് കീറുകയാണ്.സഖാവേ താങ്കള്‍ ഒന്നറിയുക, ശരിക്കും ഇപ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ക്ക് താങ്കളുടെ ഔദാര്യക്കിറ്റ് അത്യാവശ്യമായിരിക്കുന്നത്. വായുഗുളിക വാങ്ങാന്‍പോലും ഗതിയില്ലാത്ത വിധം വിലക്കയറ്റത്തില്‍ നാടു മുടിയുമ്പോഴും ഈ കയറ്റം പിടിച്ചുനിറുത്താന്‍ ഈ സര്‍ക്കാരിന് പറ്റുന്നില്ല. ഒരു കിലോ പച്ച ഇഞ്ചിയുടെ വില 300 രൂപ കടന്നിരിക്കുന്നു. ഒരു കിലോ പച്ചമുളകിന് 150 രൂപ.
ഉള്ളി വില നൂറും കടന്നു കുതിക്കുന്നു. സഖാവേ ചാളമത്തിയുടെ വില 200 കടന്നിരിക്കുന്നു. ഇത്തിരിയോളം വരുന്ന ചൂടമീനിനും കൊടുക്കണം 200 രൂപ. അയിലയും കിളിയുമൊക്കെ ഇരുന്നൂറിനും മുകളില്‍ പിടയ്ക്കുകയാണ്. മന്ത്രിമന്തിരങ്ങളില്‍ സുഖമായി വാഴുന്ന മന്ത്രിമാരേ നിങ്ങള്‍ അറിയുന്നില്ല നിങ്ങളില്‍ പലരും ആവോളം തിന്നുസുഖിക്കുന്ന മോതയ്ക്കും വറ്റയ്ക്കും കിലോ വില 500ല്‍ എത്തിയെന്ന്.കേരളത്തിലെ അടിമ സഖാക്കളും ഏറാന്‍മൂളികളുമായ ന്യായീകരണത്തൊഴിലാളികളും വായില്‍ വെള്ളം ഇറക്കി അതല്ല വായില്‍ നാക്കില്ലാതെ വെറുതെ വാചകമടിച്ചു കിടക്കുകയാണ്. ഇഞ്ചിയും മുളകും മീനും ഇറച്ചിയുമൊക്കെ മുഖ്യമന്ത്രി ആങ്ങേരുടെ വീട്ടീന്നുകൊണ്ടുവരണോ എന്നതാവും ന്യായീകരണത്തൊഴിലാളികളുടെ വാദം. അല്ല സഖാക്കളേ ഇപ്പോഴാണ് അവശ്യസാധനങ്ങളുടെ കിറ്റ് രണ്ടോ മൂന്നോ എണ്ണം കൊടുത്ത് ജനങ്ങളെ സഹായിക്കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന റേഷന്‍ അരി റേഷന്‍ കടകളില്‍ക്കൂടി വിതരണം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമൊന്നുമല്ല. അരി കൂടാതെ ഉണക്കമീനും പൊടികളും ഉള്ളിയും മുളകുമൊക്കെയായി ഒന്നു രണ്ട് കിറ്റ് നല്‍കാന്‍ സര്‍ക്കാരിന് സാധിക്കണം.
കേരളത്തില്‍ എവിടെയാണ് തക്കാളി കൃഷി ചെയ്യുന്നതെന്നും അതൊന്നും അന്യനാട്ടില്‍ നിന്ന് വരുന്നതല്ലേയെന്നും സഖാക്കള്‍ ചോദിച്ചേക്കാം. ശരിയാണ് സഖാക്കളേ. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഏതെങ്കിലും ഉത്പന്നത്തിന് ന്യായമായ വില കര്‍ഷകന് കിട്ടുന്നുണ്ടോ എന്നു ചോദിച്ചാല്‍ നിങ്ങള്‍ എന്ത് ഉത്തരം തരും.
രണ്ടു കിലോ റബര്‍ ഷീറ്റ് കൊടുത്താല്‍ കിട്ടും ഇക്കാലത്ത് ഒന്നര കിലോ മത്തി. മൂന്നു കിലോ റബറിനേക്കാള്‍ ഉയരത്തിലാണ് ഒരു കിലോ ഇഞ്ചി.
പിണറായി സര്‍ക്കാര്‍ ഒന്നറിയുക. പാവപ്പെട്ട കര്‍ഷകര്‍ അത്യധ്വാനം ചെയ്ത് കപ്പയും മാങ്ങയും തേങ്ങയും വാഴക്കുലയും മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ കിട്ടുന്നത് ചൊളുവില മാത്രം. അതൊക്കെ പിടിയാ വിലയ്ക്ക് വാങ്ങിയശേഷം കൊള്ളവിലയ്ക്ക് വില്‍ക്കുന്ന ഒരു നിര കച്ചവടക്കാര്‍ക്കും ഇടനിലക്കാര്‍ക്കുമുള്ളതാണ് കൃഷിയുടെ ലാഭം. വിതയ്ക്കാതെ കൊയ്യുന്ന അത്തരം ഇടനിലക്കാരെയും കച്ചവടക്കാരെയും വരുതിയില്‍ നിറുത്താന്‍ സര്‍ക്കാര്‍ മാര്‍ക്കറ്റിലിറങ്ങി കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് വാങ്ങാന്‍ തയാറാവണം. തീരുന്നില്ല സഖാക്കളേ, നമ്മുടെ കടകമ്പോളങ്ങളിലും ഗോഡൗണുകളിലും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉള്ളിയും മുളകും സവോളയും ഇഞ്ചിയുമൊക്കെ പിടിച്ചെടുക്കാന്‍ സിവില്‍ സപ്ലൈസിനെ കളത്തിലിറക്കണം.
വന്‍കിടക്കാരുടെ ഗോഡൗണില്‍ കയറി റെയ്ഡ് നടത്താന്‍ പിണറായി വിജയന്‍ വിറയ്ക്കും. വീരവാദം പറയുന്ന ഡിവൈഎഫ്‌ഐ സഖാക്കളില്‍ എത്ര പേര്‍ തയാറാകും ഇത്തരം ജനകീയ റെയ്ഡുകള്‍ക്ക്. ഓരോ പാര്‍ട്ടി കോണ്‍ഗ്രസിനും ഓരോ പാര്‍ട്ടി സമ്മേളനത്തിനും ഇത്തരം വന്‍കിട കച്ചവടക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി പോക്കറ്റിലിട്ടവരാണ് നമ്മുടെ നാട്ടിലെ പല നേതാക്കളും. അവരൊന്നും റെയ്ഡ് നടത്താന്‍ കുട്ടി സഖാക്കളെ അനുവദിക്കില്ലെന്നു മാത്രമല്ല പലരും മാസപ്പടിയും ആഴ്ചപ്പടിയുമൊക്കെ വാങ്ങി തടിച്ചുകൊഴുത്തുകൊണ്ടിരിക്കുന്നവരുമാണെന്ന് ന്യായീകരണ തൊഴിലാളികളുണ്ടോ അറിയുന്നു.വിലസ്ഥിരത ഉറപ്പാക്കാന്‍ സ്ഥിരതയുള്ള ഒരു മന്ത്രിപോലും ഈ സംസ്ഥാനത്ത് ഇല്ലാതെ പോയല്ലോ. ഉള്ളിവില ചില ആഴ്ചയില്‍ കിലോ പത്തു രൂപ. ഇപ്പോള്‍ നൂറു രൂപ. തക്കാളി ഉത്പാദനം കൂടുമ്പോള്‍ കര്‍ഷകര്‍ തക്കാളി വഴിയില്‍ എറിഞ്ഞുകളയുക എല്ലാ വര്‍ഷവും പതിവാണ്. ഇപ്പോഴാവട്ടെ തക്കാലി നൂറുകള്‍ പിന്നിട്ട് കുതിച്ചുകൊണ്ടിരിക്കുന്നു. ചില മാസങ്ങളില്‍ സവോള വില 150 രൂപ. ചിലപ്പോള്‍ നൂറു രൂപയ്ക്ക് പത്തു കിലോ സവോള.
കര്‍ഷകരുടെ വിഭവങ്ങള്‍ അപ്പാടെ വാങ്ങി ശീതീകരണികളില്‍ സൂക്ഷിച്ച് വറുതി മാസങ്ങളില്‍ ന്യായവിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാരിന് സാധിക്കണം. അതിനുള്ള സംവിധാനമില്ലാത്തവര്‍ സംസ്ഥാനം ഭരിച്ചിട്ടു കാര്യമില്ല. കൊട്ടിഘോഷിച്ചു തുടങ്ങിയതാണ് കേരളാ ചിക്കന്‍. 80 രൂപയ്ക്ക് എല്ലാവര്‍ക്കും കോഴിയിറച്ചിയെന്ന് സഖാവ് തോമസ് ഐസക് വിളമ്പരം നടത്തി തുടങ്ങിയ കോഴിക്കടകള്‍ പലതാണ്. കഴിഞ്ഞ മാസം കോഴിയിറച്ചി വില 180 വരെ കുതിച്ചപ്പോള്‍ തോമസ് ഐസക്കെന്നല്ല ഒരു കുട്ടിസഖാവ് പോലും കമാന്ന് ഒരക്ഷരം മിണ്ടിയില്ല.കേരളം വികസിക്കുന്നതിന്റെ ഭാഗമാണ് വിലക്കയറ്റം എന്നാണ് പിണറായി സഖാവ് ചിന്തിച്ചുപോയിരിക്കുന്നത്. ജനങ്ങള്‍ക്ക് തിന്നാല്‍ അരിയില്ലെങ്കില്‍ റൊട്ടി കൊടുക്കൂ എന്ന പറഞ്ഞ രാജാവിനെപ്പോലെ അരിയെവിടെ എന്നു ചോദിച്ചാല്‍ കെ റെയില്‍ വരും എന്നാണ് പിണറായി മൊഴിയുന്നത്. റോഡുകളിലെ വെള്ളക്കെട്ടും കുഴിയും അടയ്ക്കാന്‍ കഴിയാത്തവരാണ് കെ റെയില്‍ വന്നാല്‍ കേരളം പറുദീസ എന്ന മട്ടില്‍ ജനത്തെ പറഞ്ഞു പറ്റിക്കുന്നത്.
കേരളം പഴം, പച്ചക്കറി, മുട്ട, പാല്‍ എന്നിവയില്‍ ഉടന്‍ സ്വയംപര്യാപ്തമാകുമെന്ന് പല മന്ത്രിമാരും തള്ളാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. തമിഴ് നാട്ടിലും കര്‍ണാടകത്തിലും നിന്ന് ലോറി വന്നില്ലെങ്കില്‍ ഇവിടെ മുഴുപ്പട്ടിണിയാകും എന്ന തിരിച്ചറിവ് മന്ത്രിമാരുണ്ടോ അറിയുന്നുപോലും. കോഴിമുട്ട വില എട്ടു രൂപയിലേക്കും താറാവുമുട്ട വില 14 രൂപയിലേക്കും കഴിഞ്ഞ മാസങ്ങളില്‍ കുതിച്ചുകയറിയപ്പോഴും കസേരയില്‍ മൂട്ട അള്ളിയിരിക്കുന്നതുപോലെ മന്ത്രിമാരും അനങ്ങാതെ ഇരുന്നതേയുള്ളു.
ഈ അനങ്ങാപ്പാറ നയമാണ് ഈ സര്‍ക്കാരിന്റെ ശാപം എന്നു പൊതുജനം വിധിയെഴുതിയിരിക്കുന്നു.പശുവിന്റെ കാല്‍ നഖത്തില്‍ ബാധിക്കുന്ന രോഗത്തിന്റെ പേരെന്തെന്ന് പരസ്യമായി വേദിയില്‍ ചോദിച്ച പശുവകുപ്പ് മന്ത്രി. കുളമ്പുരോഗം എന്ന് സെക്രട്ടറി പറഞ്ഞു കൊടുക്കേണ്ട ദയനീയാവസ്ഥ. കുളമ്പുരോഗത്തിന്റെ തുടക്കം മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്നെന്നു പറയുന്ന ഇതേ മന്ത്രി. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് എന്നു പറയാനുള്ള ശരാശരി വിവരം പോലുമില്ലാത്തവര്‍ കേരളം വാഴുന്ന കലികാലത്തിലാണ് ഈ വിലസക്കയറ്റത്തില്‍ ജനം നെട്ടോട്ടമോടുന്നത്. സംഘടിതരായ തൊഴിലാളികള്‍ക്ക് ദിവസം രണ്ടായിരം വരെ കൂലി വരുമാനമുണ്ടായിരിക്കാം.
പക്ഷെ ഇവത്തെ ശരാശരി തൊഴിലാളികളും കര്‍ഷകരും ജീവിക്കാന്‍ പെടുന്ന പെടാപ്പാട് പിണറായി സര്‍ക്കാര്‍ അറിയുന്നില്ല. കാട്ടാന ഓരോ ദിവസവും കുത്തിക്കൊല്ലുന്ന മനുഷ്യരുടെ എണ്ണവും കുത്തിമറിക്കുന്ന കൃഷിയുടെ അളവുംപോലും മന്ത്രിമാര്‍ക്ക് അറിവില്ല.കേരളം അരി ഉത്പാദനത്തില്‍ ഉടന്‍ സ്വയംപര്യാപ്തമാകും എന്ന് ഓരോ വര്‍ഷവും കൃഷിമന്ത്രിമാര്‍ വീമ്പിളക്കാറുണ്ട്. എന്നാല്‍ അധ്വാനിച്ചു വിളയിക്കുന്ന നെല്ല് സമയാസമയം സംഭവിരിക്കാനോ അപ്പപ്പോള്‍ വില കൊടുക്കാനോ ഈ സര്‍ക്കാരിന് സാധിക്കുന്നില്ല. കടം വാങ്ങിയ പലിശ കൊടുത്തു മുടിയുന്ന കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന നെല്ലിന് ആറും ഏഴും മാസം കഴിഞ്ഞ് വില കൊടുത്തിട്ട് എന്താണ് പ്രയോജനം സഖാവേ. എന്തിനേറെ പെരുമഴയ്ക്ക് മുന്‍പ് നെല്ല് സമയത്ത് കൊയ്‌തെടുക്കാനുള്ള യന്ത്രങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ പോലും വേണ്ടത്ര സര്‍ക്കാര്‍ സംവിധാനം ഈ കേരള സംസ്ഥാനത്തില്ല.
കേരളത്തില്‍ വിലയില്ലാത്തത് കര്‍ഷകര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ക്കും മാത്രമേയുള്ളു. അവരുടെ നികുതിപ്പണംകൊണ്ട് സര്‍ക്കാര്‍ സുഖഭരണം നടത്തുകയാണ്. റോമിന് തീപിടിച്ചപ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു രസിച്ചു എന്നു പറയുന്നതുപോലെയാണ് പിണറായി സര്‍ക്കാരിന്റെ പോക്ക്. പഴത്തിനും പച്ചക്കറിക്കും കൈപൊള്ളുന്ന വിലയെത്തുമ്പോള്‍ കൈ നീട്ടി വഴിയില്‍ നിന്നോ ഇതാ വരുന്നു കെ റെയില്‍ എന്നാണ് മുഖ്യവചനം. 500 രൂപ ദിവസവരുമാനമുള്ള സാധാരണക്കാരന് അല്‍പം ഇറച്ചിയോ മീനോ പച്ചക്കറിയോ വാങ്ങണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണമെന്ന് ജനക്ഷേമ സര്‍ക്കാര്‍ മനസിലാക്കുക.ഒരു കിലോ പോത്തിറച്ചിക്ക് 400 രൂപ കൊടുക്കണമെന്നിരിക്കെ ഇറച്ചിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കിയിട്ടില്ല. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും വിഴുങ്ങാന്‍ അത്യാര്‍ത്തി പൂണ്ടവര്‍ അറിയുക ജനം തിരിച്ചടിക്കാന്‍ കാത്തിരിക്കുകയാണെന്ന്.മാര്‍ക്ക് വിവാദവും നിയമനങ്ങളും വ്യാജസര്‍ട്ടിഫിക്കറ്റുകളുമൊക്കെയായി ആകെ നാറി കുളമായിരിക്കുന്ന എസ്എഫ്‌ഐക്കാരും ആകാശത്ത് നക്ഷത്രം എണ്ണുന്ന ഡിവൈഎഫ്‌ഐക്കാരും ഇതൊന്നും അറിയാത്ത മട്ടില്‍ നീങ്ങുകയാണ്.
https://www.facebook.com/Malayalivartha



























