മന്ത്രിമാരുടെ മരണപ്പാച്ചിൽ തടയാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെത്തുമോ?വണ്ടിയിടിയിൽ മുമ്പൻ മുഖ്യനും മണിയാശാനും !

മന്ത്രിമാരുടെ മരണപാച്ചിൽ തടയാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വന്നേക്കും. . മന്ത്രിമാരുടെയും അവരുടെ അകമ്പടി വാഹനങ്ങളുടെയും അശ്രദ്ധയിൽ നിരവധി ജീവനുകൾ പൊലിയുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഇരകൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
സംസ്ഥാനത്ത് നിയമങ്ങൾ കാറ്റിൽ പറത്തി ചീറിപ്പായുന്ന വിഐപി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ് '. 2017 മുതൽ ഇതുവരെ 13 അപകടങ്ങളിലായി നിരവധി പേർക്കാണ് പരിക്കേറ്റത്. കൊട്ടാരക്കര ജങ്ഷനിൽ നടന്ന അപകടത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവം അടക്കം കൂട്ടിച്ചേർത്തതാണ് കണക്ക്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017ൽ മന്ത്രി കെടി ജലീലിന്‍റെ ഔദ്യോഗിക വാഹനം എടപ്പാളിൽ അപകടത്തിൽപ്പെട്ടായിരുന്നു തുടക്കം. 2018ൽ മന്ത്രി എ.കെ ശശീന്ദ്രന്‍റെ വാഹനം അങ്കമാലിയിൽ അപകടത്തിൽപ്പെട്ടു. 2018 മെയ് മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രിയുടെയും മന്ത്രിയായിരിക്കെ എംഎം മണിയുടെയും അകമ്പടി വാഹനങ്ങളാണ് കൂടുതൽ അപകടങ്ങളുണ്ടാക്കിയത്.
മുഖ്യമന്ത്രിക്ക് പൈലറ്റ് പോയ ഹൈവേ പട്രോളിംങ് വാഹനം കൊട്ടാരക്കരയിൽ അപകടത്തിൽപ്പെട്ടതും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം കാൽനടയാത്രക്കാരനെ ഇടിച്ചിട്ടതും തിരുവല്ലയിൽ മന്ത്രി എംഎം മണിയുടെ വാഹനമിടിച്ച് ഒരാളുടെ കാൽ തകർന്നതും ഇതേ കാലത്തായിരുന്നു. പിന്നീട് മന്ത്രി എംഎം മണിക്ക് പൈലറ്റ് പോയ പൊലീസ് വാഹനം പന്തളത്ത് അപകടത്തിൽപ്പെട്ട സംഭവവും ഉണ്ടായി. മന്ത്രി എം.എം മണിക്ക് പൈലറ്റ് പോയ വാഹനം 2021 മെയിൽ ചങ്ങനാശ്ശേരിയിൽ അപകടത്തിൽപ്പെട്ടിരുന്നു. മന്ത്രിയായിരിക്കെ സി രവീന്ദ്രനാഥിന്‍റെ വാഹനം കൊരട്ടിയിൽ വെച്ച് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2021 ഒക്ടോബറിൽ മന്ത്രി ചിഞ്ചു റാണിയുടെ കാർ തിരുവല്ലയിൽ അപകടത്തിൽപ്പെട്ടു. തിരുവല്ല ചിലങ്ക ജംങ്ഷനിൽ വച്ചായിരുന്നു അപകടം. 2021 ഡിസംബറിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം കളമശ്ശേരിയിൽ വെച്ച് അപകടത്തിൽപ്പെട്ടു. ഈ അപകടത്തിൽ സിഐ അടക്കം 4 പേർക്ക് പരിക്കേറ്റു. മന്ത്രി വിഎൻ വാസവന്റെ കാർ പാമ്പാടിയിൽ അപകടത്തിൽപ്പെട്ടത് 2022 ജനുവരിയിലാണ്. പാമ്പാടിയിൽ വച്ച് കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 2022 മെയിൽ മന്ത്രിയായിരുന്ന എംവി ഗോവിന്ദന്‍റെ വാഹനം അപകടത്തിൽപ്പെട്ടു. കണ്ണൂർ തളാപ്പിൽ വച്ചായിരുന്നു അപകടം. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം തട്ടിയപ്പോൾ കേസെടുത്തത് ആമ്പുലൻസ് ഡ്രൈവർക്ക് എതിരെയാണ്.
മന്ത്രിമാർ ഇത്രയധികം ധൃതിയിൽ എങ്ങോട്ടാണ് പോകുന്നതെന്ന സംശയം എല്ലാവർക്കുമുണ്ട്.പ്രത്യേകിച്ച് വിദ്യാഭ്യാസ മന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമൊന്നും എടുത്തുപറയത്തക്ക ധൃതിയുടെ കാര്യമൊന്നുമില്ല. എന്നിട്ടും മന്ത്രിമാർ ചീറി പായുന്നു. സിഗ്നലുകൾ തെറ്റിക്കുന്നു. വൺവേ മറികടക്കുന്നു. നിയമങ്ങളെല്ലാം കാറ്റിൽ പറത്തുന്നു. ഇന്ത്യയിൽ ഒരിടത്തും മന്ത്രിമാർ അമിതവേഗതയിൽ പായാറില്ല. കേന്ദ്ര മന്ത്രിമാർ ഒച്ചിഴയും വേഗത്തിലാണ് സഞ്ചരിക്കാറുള്ളത്. സാവധാനം സഞ്ചരിക്കേണ്ടവരാണ് മന്ത്രിമാർ. കാരണം ജനങ്ങളുടെ സുരക്ഷിതത്വത്തിനാവണം അവർ മുൻതൂക്കം നൽകേണ്ടത്.
സംസ്ഥാനത്തെ റോഡുകളിലെ കുഴി എ ഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചൂകൂടെയെന്ന് ഹൈക്കോടതി ചോദിച്ച ദിവസം തന്നെയാണ് നിരത്തിലെ വി ഐ പി അപകടങ്ങളും വാർത്തയായത്. ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദേശിച്ചു.വിവിധ റോഡുകളിൽ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് നിർദ്ദേശം.ഹർജിയിൽ ഈ മാസം 26 ന് നിലപാടറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് എഐ ക്യാമറകൾ സ്ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ക്യാമറയുടെ പ്രയോജനത്തെയും അഴിമതിയാരോപണങ്ങളേയും രണ്ടായിത്തന്നെ കാണണം. ഹെൽമറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശികളായ ദമ്പതികള്‍ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം.കുറ്റകൃത്യങ്ങൾ കുറയ്ക്കാനുളള സർക്കാരിന്‍റെയും മോട്ടോർ വാഹനവകുപ്പിന്‍റെയും ശ്രമങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണ്. പദ്ധതി നടത്തിപ്പിലെ സുതാര്യതയും അഴിമതിയാരോപണവും മറ്റൊരു തലമാണ്. ക്യാമറ കൊണ്ട് ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിൽ പ്രതിപക്ഷത്തിന് പോലും സംശയമില്ല. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കാൻ പാടില്ലെന്ന് പറഞ്ഞ കോടതി, അത് ഇരുചക്രവാഹനയാത്രക്കാരുടെ ജീവന്‍റെ രക്ഷാകവചമാണന്നും വ്യക്തമാക്കി.
ഇതാണ് സാഹചര്യമെന്നിരിക്കെയാണ് മന്ത്രിമാർ ഉണ്ടാക്കുന്ന വാഹനാപകടങ്ങളെ കുറിച്ചുള്ള കേസുകൾ ഹൈക്കോടതിയിലെത്താൻ സാധ്യതയേറുന്നത്. എ ഐ ക്യാമറകൾ സ്ഥാപിച്ച സമയത്ത് ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് മനുഷ്യാവകാശ കമ്മീഷനിൽ വന്നിരുന്നു. എ.ഐ.ക്യാമറയിൽ നിന്ന് വി. ഐ പി കളെ ഒഴിവാക്കിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ല എന്നായിരുന്നു ഗതാഗത കമ്മീഷണറുടെ മറുപടി. പിന്നീടാണ് എഐ ക്യാമറയുടെ ഫൈൻ ഉദ്യോഗസ്ഥർ നിർണയിച്ചു തുടങ്ങിയത്. ഇതോടെ വി. ഐ പി.വാഹനങ്ങൾക്ക് പിഴയിടുന്ന സമ്പ്രദായം അവസാനിച്ചു. വിഐ പി എന്ന് കേൾക്കുമ്പോൾ തന്നെ പോലീസുകാർക്ക് മുട്ടിടിക്കുന്ന അവസ്ഥയാണ്.
ദേവൻ രാമചന്ദ്രൻ്റെ ബഞ്ച് റോഡിലെ കുഴികൾ വീണ്ടും പരിഗണിച്ചതിൽ സർക്കാർ വല്ലാത്ത അങ്കലാപ്പിലാണ്. ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രനാണ് മന്ത്രി റിയാസിൻ്റെ വകുപ്പിൻ്റെ ഇമേജ് കളഞ്ഞ പ്രധാനി.കേരളത്തിലെ റോഡുകൾക്കെതിരെ അതിരൂക്ഷമായ വിമർശനം ഉയർത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ ഘട്ടത്തിലും റിയാസിനെ വെറുതെ വിടാൻ തയ്യാറായില്ല. ദേശീയ പാതയെ വിമർശിക്കുമ്പോൾ തന്നെ അദ്ദേഹം സംസ്ഥാന പാതകളെയും വിമർശിച്ചു.സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയാണ് റോഡ് നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകം.റോഡിൻ്റെ പുനർനിർമ്മാണത്തിനും അറ്റകുറ്റപണികൾക്കും സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതി ഏറെ നാളായുണ്ട്. എന്നാൽ ഇക്കാര്യം മിണ്ടാൻ പല വിധ കാരണങ്ങളാൽ അദ്ദേഹത്തിന് കഴിയുന്നില്ല. ഫണ്ട് കിട്ടാത്ത സാഹചര്യങ്ങളിൽ മുൻ മന്ത്രി സുധാകരൻ നിലപാട് കടുപ്പിച്ചിരുന്നു.എന്നാൽ റിയാസിന് അതിന് കഴിയുന്നില്ല. സീനിയർ നേതാവായ ബാലഗോപാലിനെ തിരുത്താൻ റിയാസിന് കഴിയുന്നതേയില്ല. മുഖ്യമന്ത്രി പറഞ്ഞാൽ പോലും കേൾക്കാത്തയാളാണ് ബാലഗോപാൽ. കഴിഞ്ഞ ദിവസവും റിയാസിൻ്റെ വകുപ്പ് പഴി കേട്ടത് ധനവകുപ്പ് കാരണമാണ്. എന്നാൽ ധനവകുപ്പിനെ ഒരിക്കലും മന്ത്രി റിയാസ് കുറ്റം പറഞ്ഞിട്ടില്ല.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരുമായി പണ്ടേ കലിപ്പിലാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി കേരള സർക്കാരിനെ വിടാതെ പിന്തുടരുന്ന ന്യായാധിപനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.എസ്. മണികുമാർ ചീഫ് ജസ്റ്റിസായിരിക്കെ ദേവൻ രാമചന്ദ്രൻ്റെ ബെഞ്ച് പലവട്ടം മാറിയിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും പിണറായിക്ക് മുന്നിൽ മുട്ടുകുത്താൻ ദേവൻ രാമചന്ദ്രൻ തയ്യാറായിട്ടില്ല. തന്നെ നിയോഗിക്കുന്ന ബെഞ്ചുകളിലിരുന്ന് അദ്ദേഹം അനീതിക്കെതിരെ പ്രതികരിച്ചു കൊണ്ടിരുന്നു. ബെഞ്ച് മാറ്റാൻ കഴിയാത്തതുകൊണ്ടാണ് സൈബർ കമ്മികളെ ഉപയോഗിച്ച് തറകളി കളിച്ച് ജഡ്ജിയെ നേരിടാൻ പിണറായി തീരുമാനിച്ചത്.
ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസാണ്.കഴിഞ്ഞ ചീഫ് ജസ്റ്റിസ് പിണറായി പറയുന്നതു മാത്രമാണ് അനുസരിച്ചിരുന്നത്. സുപ്രീം കോടതിയിൽ ജഡ്ജിയാകാൻ കഴിയാതെ വിഷമത്തിലായിരുന്നു മണികുമാർ. സംസ്ഥാനത്ത് ഏതെങ്കിലും ഒരു തസ്തിക ഒപ്പിക്കാൻ മണികുമാർ ഏറെ മുമ്പേ ശ്രമിച്ചിരുന്നു. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാക്കുമെന്ന് ഇതിനകം വാർത്തകൾ വന്നിരുന്നു. ചെന്നൈ സ്വദേശിയായ മണികുമാറിന് മലയാളം തീരെ മനസിലാവില്ല. മണികുമാർ കൈകാര്യം ചെയ്ത കേസുകളുടെ ഉത്തരവുകൾ പരിശോധിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. ദേവൻ രാമചന്ദ്രനിൽ നിന്നും പണി കിട്ടിയപ്പോഴൊക്കെ പിണറായി അദ്ദേഹത്തിൻ്റെ ബെഞ്ച് മാറ്റിയിരുന്നു. പിന്നീട് വന്ന ചീഫ് ജസ്റ്റിസുമായി പിണറായിക്ക് ഒരു പരിചയവുമുണ്ടായിരുന്നില്ല. ഇപ്പോഴത്തെ ആക്റ്റിoഗ് ചീഫുമായും പിണറായിക്ക് അടുപ്പം പോരാ എന്നാണ് കേൾവി. പിണറായിയുടെ എല്ലാ അഴിമതികൾക്കും മുൻ ചീഫിൻ്റെ കൂട്ടുണ്ടായിരുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമർശങ്ങളിലും കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വരുന്നുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞിരുന്നു. ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് കോടതി പറഞ്ഞു.
'32 വര്‍ഷമായി ഞാന്‍ കോടതി നടപടികളുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ്. അടുത്തയാഴ്ച്ച കേസ് ചീഫ് ജസ്റ്റിസിന് മുമ്പിലേക്ക് എത്തുന്നതിനിടെ മറ്റൊരു ദുരന്തം കൂടി ഉണ്ടാവാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണം. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ? ജഡ്‌ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു. അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നു.'- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.ഇതിൽ നിന്നു തന്നെ ഹൈക്കോടതി അനുഭവിക്കുന്ന അസ്വസ്ഥത മനസിലാക്കാവുന്നതേയുള്ളു. ഈ സാഹചര്യത്തിലാണ് മരണപാച്ചിൽ പരിഗണനക്കെത്തുക.
കേരളത്തില്‍ സംഭവിച്ച മിക്ക ബോട്ട് അപകടങ്ങളുടേയും കാരണം അമിതമായി ആളുകളെ കയറ്റിയതാണെന്നും കോടതി വിമര്‍ശിച്ചു. ഇത് തടയാന്‍ എന്താണ് ചെയ്തതെന്ന് കോടതി ആരാഞ്ഞപ്പോള്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ മറുപടി നല്‍കി. എന്നാല്‍, കളക്ടര്‍ എന്നത് ഒരു ജില്ലയുടെ പ്രതിനിധിയാണ്. മിക്കവാറും എല്ലാ ജലാശയങ്ങളിലും ഇപ്പോള്‍ ബോട്ടുകളുണ്ട്. മികച്ച, സുരക്ഷിതമായ ടൂറിസമാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.ഇതാണ് ദേവൻ രാമചന്ദ്രൻ.അങ്ങനെയുള്ള ഒരാൾക്ക് മുന്നിൽ മന്ത്രിമാരുടെ കൊലപാച്ചിൽ എത്തിയാൽ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha



























