ലോക്സഭാ തിരഞ്ഞടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കില്ലെന്ന് സൂചന... തിരുവനന്തപുരത്തോ കന്യാകുമാരിയിലോ മോദി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു... തൽകാലം അതുണ്ടാകില്ല... ധനമന്ത്രി നിർമ്മലാ സീതാരാമൻ തന്നെയാകും ദക്ഷിണേന്ത്യയിലെ ബിജെപിയുടെ പ്രധാന സ്ഥാനാർത്ഥി...

ലോക്സഭാ തിരഞ്ഞടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കില്ലെന്ന് സൂചന. തിരുവനന്തപുരത്തോ കന്യാകുമാരിയിലോ മോദി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തൽകാലം അതുണ്ടാകില്ല. ധനമന്ത്രി നിർമ്മലാ സീതാരാമൻ തന്നെയാകും ദക്ഷിണേന്ത്യയിലെ ബിജെപിയുടെ പ്രധാന സ്ഥാനാർത്ഥി. ഇത്തവണ വിജയസാധ്യത ഉറപ്പാക്കാനായി മുതിർന്ന രാജ്യസഭാംഗങ്ങളെ ബിജെപി. സ്ഥാനാർത്ഥികളാക്കും.
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ മധുരയിൽ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപി.യുടെ മധുര അർബൻ മണ്ഡലം പ്രമേയം പാസാക്കിയിട്ടുണ്ട്. മധുര സ്വദേശിയാണ് നിർമല. മധുരയിൽ നിർമല മത്സരിച്ചേക്കും. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് രാജീവ് ചന്ദ്രശേഖറിനെ പ്രധാനമായും പരിഗണിക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു സീറ്റിൽ അണ്ണാമലൈയെ മത്സരിപ്പിക്കുന്നതും പരിഗണനയിലുണ്ട്. തമിഴ്‌നാട്ടിൽ പരമാവധി നേട്ടമുണ്ടാക്കാനാണ് ബിജെപി നീക്കം. പ്രധാന പ്രതിപക്ഷമായി മാറുകയാണ് ലക്ഷ്യം. അതിനിടെ നടൻ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചനയുണ്ട്. ഇതെല്ലാം ബിജെപി പരിശോധിക്കുന്നുണ്ട്.
രാജ്യസഭയിൽ മികച്ച പ്രവർത്തനം നടത്തുകയും ഒന്നിൽക്കൂടുതൽ തവണ അംഗങ്ങളാവുകയും ചെയ്തവരെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനാണ് ആലോചന. വിജയം ലക്ഷ്യമിടുന്നതിനൊപ്പം പാർട്ടി പ്രവർത്തകരിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. പാർട്ടിക്ക് വേരോട്ടം കുറഞ്ഞ 160 മണ്ഡലങ്ങളിൽ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കും. ഈ സീറ്റുകളിൽ പരമാവധി ജയിക്കുകയാണ് ലകഷ്യം.
നിലവിൽ 14 രാജ്യസഭാംഗങ്ങൾ രണ്ട് ടേം പൂർത്തിയാക്കിയവരാണ്. കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ, ഹർദീപ് സിങ് പുരി, ഭുപേന്ദ്ര യാദവ് തുടങ്ങിയവർ ഈ പട്ടികയിൽ ഉൾപ്പെടും. ഇവരിൽ പലരും സ്ഥാനാർത്ഥികളാകും. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. സ്ഥാനാർത്ഥികൾ പരാജയപ്പെടുകയോ നേരിയ വോട്ടിന് വിജയിക്കുകയോചെയ്ത 160 മണ്ഡലങ്ങളിൽ പ്രത്യേക സമീപനം സ്വീകരിക്കണമെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നിർദേശിച്ചു.
ഈ 160 സീറ്റുകളിൽ ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാൻ കഴിയണമെന്ന് നഡ്ഡ പറഞ്ഞു. ലോക്സഭാ മണ്ഡലങ്ങളെ ക്ലസ്റ്ററായി തിരിച്ചാണ് ഇക്കുറി തന്ത്രങ്ങൾ നടപ്പാക്കുന്നത്. പഞ്ചായത്തുതല സമ്മേളനങ്ങളും സംഘടിപ്പിക്കും. ഹരിയാണ, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇത്തരത്തിൽ സമ്മേളനങ്ങൾ വിളിച്ചുചേർക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കേണ്ട ബിജെപി നേതാക്കളുടെ പ്രാഥമിക പട്ടിക തയ്യാറായെന്നാണ് സൂചന. കേന്ദ്രമന്ത്രിമാരായ വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ആറ്റിങ്ങലിലാണ് വി.മുരളീധരൻ മത്സരിക്കുക.
തിരുവനന്തപുരത്ത് കോൺഗ്രസിൽനിന്ന് 'സർപ്രൈസ്' സ്ഥാനാർത്ഥിയെ ബിജെപി. പ്രതീക്ഷിച്ചിരുന്നു. എംപി.യായ ഒരു കോൺഗ്രസ് നേതാവ് ബിജെപി. ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തുകയും ചെയ്തുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കേന്ദ്രമന്ത്രിസഭയിലെ പ്രമുഖൻ ഈ നേതാവിനെ അനുകൂലിക്കുന്നില്ല. ഇതോടെയാണ് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പേര് സജീവമായത്. രാജീവ് ചന്ദ്രശേഖർ കേരളത്തിൽ സജീവമാകും. മത്സരിക്കുമെന്നതിന്റെ സൂചനയും രാജീവ് നൽകിയിരുന്നു. രാജീവ് ചന്ദ്രശേഖർ സാമുദായിക, ആധ്യാത്മിക നേതാക്കളെയും മറ്റും കണ്ടിരുന്നു. ഇടുക്കി, വയനാട് സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകും. സമ്മർദ്ദമുണ്ടായാൽ ചാലക്കുടികൂടി ബി.ഡി.ജെ.എസിന് വിട്ടുകൊടുക്കും.
ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എം ടി.രമേശ്, സി.കൃഷ്ണകുമാർ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് എന്നിവരെല്ലാം ബിജെപിയുടെ സാധ്യതാ പട്ടികയിലുണ്ട്. തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് സ്ഥാനാർത്ഥിത്വം നൽകുമെന്നാണ് വിവരം. സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ള നേതാക്കളെ അതത് മണ്ഡലങ്ങളിലെ പരിപാടികളിൽ പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. രതീഷ് രവിയാണ് ബിജെപിയുടെ സാധ്യതാ പട്ടികയിലെ വിവരങ്ങൾ പുറത്തു വിടുന്നത്.
കൊല്ലം-കുമ്മനം രാജശേഖരൻ, ബി.ബി.ഗോപകുമാർ, പത്തനംതിട്ട-കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, മാവേലിക്കര-പന്തളം പ്രതാപൻ, ആലപ്പുഴ-ലിഷ രഞ്ജിത്ത് (രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ), ഡോ. കെ.എസ്.രാധാകൃഷ്ണൻ, കോട്ടയം-വിക്ടർ ടി.തോമസ്, എറണാകുളം-അനിൽ ആന്റണി, വിനീത ഹരിഹരൻ, ടി.പി.സിന്ധുമോൾ, ചാലക്കുടി-ജേക്കബ് തോമസ്, എ.എൻ.രാധാകൃഷ്ണൻ, പാലക്കാട്-സി.കൃഷ്ണകുമാർ, ശോഭ സുരേന്ദ്രൻ, സന്ദീപ് വാര്യർ, ആലത്തൂർ-പി.സുധീർ, മലപ്പുറം-എ.പി.അബ്ദുള്ളക്കുട്ടി, പൊന്നാനി-പ്രഫുൽ കൃഷ്ണ, കോഴിക്കോട്-എം ടി.രമേശ്, വടകര-പ്രകാശ് ബാബു, കണ്ണൂർ-പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, കെ.രഞ്ചിത്ത് കാസർകോട്-പി.കെ.കൃഷ്ണദാസ്, കെ.ശ്രീകാന്ത് എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചന പുറത്തു വന്നിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പിടിക്കാനാണ് ബിജെപി നിർമലാ സീതാരാമനെ മത്സരിപ്പിക്കുന്നത് എന്നായിരുന്നു വിലയിരുത്തൽ. സംസ്ഥാനത്ത് ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. എന്നാൽ ഇപ്പോൾ രാജീവ് ചന്ദ്രശേഖരറിലേക്ക് ചർച്ചകൾ എത്തുന്നു. വന്ദേഭാരതിന്റെ ഉദ്ഘാടനവമുമായി ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, രണ്ടാം മണ്ഡലമായി തിരുവനന്തപുരം തിരഞ്ഞെടുക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. സാധ്യതകൾ മങ്ങിയതോടെ മോദിയില്ലെങ്കിൽ തലയെടുപ്പുള്ള മറ്റൊരു ദേശീയ നേതാവ് വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തൽകാലം അത്തരം ചർച്ചകൾക്ക് ബിജെപി വിരാമമിടുകയാണ്.
ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ശശി തരൂർ നേടിയെങ്കിലും ശക്തമായ ത്രികോണ മത്സരത്തിലും വോട്ടു കൂട്ടാൻ ബിജെപിക്കായി. തൊട്ടുമുന്നിലെ തെരഞ്ഞെടുപ്പിലെ ശശി തരൂരിന്റെ ഭൂരിപക്ഷം പതിനയ്യായിരം മാത്രമായിരുന്നു. കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിലാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. അതിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം മണ്ഡലമാണ്. തിരുവനന്തപുരത്ത് ദേശീയ നേതാവ് ഇറങ്ങിയാൽ തലസ്ഥാനത്തിന് പുറത്തടക്കം നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ. എന്നാൽ കേരളത്തിലെ വേരുകളുള്ള നേതാവിലേക്കാണ് ഇപ്പോൾ ചർച്ച. നിർണ്ണായക നീക്കങ്ങളുണ്ടായാൽ അത് വീണ്ടും മാറി മറിയാം. വികസനം ചർച്ചയാക്കി വോട്ട് നേടാനാണ് നീക്കം.
https://www.facebook.com/Malayalivartha



























