തച്ചങ്കരിക്ക് പിന്നാലെ... കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ച ബിജു പ്രഭാകറിനും ചുവട് പിഴയ്ക്കുന്നു; ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയാതെ വന്നതിന് പിന്നാലെ മനസ് മടുക്കുന്നു; ഇപ്പോള്‍ നന്നായില്ലെങ്കില്‍ പിന്നെ ഒരിക്കലും നന്നാകില്ല; എന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം

കെഎസ്ആര്‍ടിസിയെ നന്നാക്കാനായി പരമാവധി ശ്രമിച്ച വ്യക്തിയാണ് ടോമിന്‍ തച്ചങ്കരി. എന്നാല്‍ യൂണിയന്‍കാരുടെ പ്രവര്‍ത്തനം കാരണം തച്ചങ്കരി രാജിവച്ചു. ഇപ്പോഴിതാ ബിജു പ്രഭാകരും ആ വഴിയ്ക്കാണ്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. അവസാനം ബിജു പ്രഭാകര്‍ തുറന്നടിച്ചിരിക്കുകയാണ്.
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയും പരിഹാരങ്ങളും ഇന്ന് മുതല്‍ അഞ്ച് ദിവസം ഫേസ് ബുക്കിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവിലെത്തിയത്.
തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ഒരു വിഭാഗം ജീവനക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അവരുടെ അജണ്ടകള്‍ പലതും നടക്കില്ലെന്ന് തോന്നലാണ് തനിക്കെതിരെ തിരിയാനുള്ള കാരണമെന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ ഞാനുണ്ടാക്കിയതല്ല. കെഎസ് ആര്‍ടിസി എന്ന സ്ഥാപനം നന്നാകണമെങ്കില്‍ അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും പണിയെടുക്കണം. ഇപ്പോള്‍ നന്നായില്ലെങ്കില്‍ കെഎസ്ആര്‍ടിസി പിന്നെ ഒരിക്കലും നന്നാകില്ലെന്നും ബിജു പ്രഭാകര്‍ തുറന്നടിച്ചു. കെഎസ് ആര്‍ടിസിക്ക് വരുമാനമുണ്ടായിട്ടും ശമ്പളം നല്‍കുന്നില്ലെന്ന് പ്രചാരണം തെറ്റാണെന്നും യൂണിയനേക്കാള്‍ മുകളില്‍ കുറെ പേര്‍ പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും സിഎംഡി ആരോപിച്ചു.
കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെ എതിര്‍ക്കുന്നവര്‍ ഒരു ചായക്കട എങ്കിലും നടത്തി പരിചയമുള്ളവരാകണമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് സിഎംഡിയുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് അനുകൂല സംഘടന ഇന്നലെ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ തന്റെ വീഴ്ചയല്ല, ചില ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നായിരുന്നു സിഎംഡി ബിജു പ്രഭാകറിന്റെ പ്രതികരണം.
പതിവായി ശമ്പളം മുടങ്ങിയതോടെ, വീടിന്റെ പടിവാതില്‍ വരെ സമരമെത്തിയ പശ്ചാത്തലത്തില്‍ ഇനിയും തുടരാനില്ലെന്ന നിലപാടിലാണ് ബിജു പ്രഭാകര്‍. ആരോഗ്യകാരണം പറഞ്ഞ് അവധിയില്‍ പ്രവേശിക്കാനാണ് സിഎംഡിയുടെ നീക്കം.
കെഎസ്ആര്‍ടിസി എം ഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. 20 ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് വീട്ടിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി അദ്ദേഹം സര്‍ക്കാരിന് മുന്നിലേക്ക് എത്തിയത്.
സിഎംഡിയുടെ രാജിസന്നദ്ധത അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അങ്ങനെയൊരു കാര്യം സി എം ഡി സംസാരിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൃത്യമായി നല്‍കിയാല്‍ തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി സമ്മതിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തി. ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണ് കടന്ന് പോവുന്നത്. സിഎംഡിയുടെ പ്രതികരണം ശ്രദ്ധയില്‍ പെട്ടിട്ടില്ല. സിഎംഡിയുടെ അവധി ആവശ്യം ഔദ്യോഗികമായ വിഷയമാണ്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. ശമ്പളം നല്‍കാന്‍ വൈകിയത് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ്. ആദ്യ ഘട്ടം കൊടുത്തു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























