കേരള രഞ്ജി ട്രോഫി ടീം മുന്‍ ക്യാപ്റ്റന്‍ കെ. ജയരാമന്‍ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം, സംസ്‌കാരം നാളെ

കേരള രഞ്ജി ട്രോഫി ടീം മുന്‍ ക്യാപ്റ്റന്‍ കെ. ജയരാമന്‍ (ജയറാം-67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച വൈകുന്നേരം നാല് മുതല്‍ ദിവാന്‍സ് റോഡിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് രവിപുരം ശ്മശാനത്തില്‍. ഭാര്യ: രമ ജയരാമന്‍. മകന്‍: അഭയ് ജയരാമന്‍. കേരള ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായിരുന്ന കെ. ജയരാമന്‍ എണ്‍പതുകളില്‍ കേരള രഞ്ജി ടീമിലെ അവിഭാജ്യഘടകമായിരുന്നു.
1986-87 സീസണ്‍ രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നാല് സെഞ്ച്വറി നേടിയ ഈ വലംകൈയന്‍ ബാറ്റര്‍ ഇന്ത്യന്‍ ടീം സെലക്ഷന് തൊട്ടരികെ എത്തിയിരുന്നു. കര്‍ണാടക, ഗോവ, തമിഴ്നാട് തുടങ്ങിയ മുന്‍നിര ടീമുകള്‍ക്ക് എതിരെയായിരുന്നു സെഞ്ചുറി നേട്ടം. ദേശീയതലത്തില്‍ തന്നെ ഈ നേട്ടം ശ്രദ്ധ നേടിയെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ല.
കേരളത്തിന്റെ സീനിയര്‍, ജൂനിയര്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. 1977നും 1989നും ഇടയില്‍ 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. അഞ്ച് സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയുമടക്കം 2358 റണ്‍സും ഒരു വിക്കറ്റും നേടി. 133 ആണ് ഉയര്‍ന്ന സ്‌കോര്‍.
ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനായി കളിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷം വര്‍ഷങ്ങളോളം കേരള ടീമിന്റെ മുഖ്യ സെലക്ടറായി പ്രവര്‍ത്തിച്ചു. കേരള രഞ്ജി ടീമിനൊപ്പം അണ്ടര്‍ 22, അണ്ടര്‍ 25 ടീമുകളുടെ മുഖ്യ സെലക്ടറായിരുന്നു.
"
https://www.facebook.com/Malayalivartha



























