ആനക്കൊമ്പ് വേട്ട... വന്‍ റാക്കറ്റുതന്നെ ഇതിനു പിന്നിലുണ്ടെന്ന് അന്വേഷണ സംഘം; കാട്ടാനയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ ഒരു പ്രതികൂടി പിടിയില്‍

മച്ചാട് വനം റേഞ്ചിനു കീഴിലുള്ള അകമല വാഴക്കോട്ട് റബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ ഒരു പ്രതികൂടി പിടിയില്‍. എറണാകുളം പട്ടിമറ്റം സ്വദേശി വിനയനെയാണു അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. റബര്‍തോട്ടത്തില്‍ കാട്ടുപന്നിയെ പിടിക്കാന്‍ അനധികൃതമായി വലിച്ച വൈദ്യുതക്കെണിയില്‍ തട്ടി ഷോക്കേറ്റാണ് ആന കൊല്ലപ്പെട്ടതെന്ന പ്രാഥമിക നിഗമനത്തിലാണു വനംവകുപ്പ്. വൈദ്യുതക്കെണിക്കു വേണ്ടി വലിച്ച കമ്പികള്‍ കണ്ടെടുത്തു. മറ്റു തരത്തില്‍ ആനയെ കൊലപ്പെടുത്തിയതിനു തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. ജൂണ്‍ 14ന് രാത്രി ആന കൊല്ലപ്പെട്ടെന്നും തൊട്ടടുത്ത ദിവസം പ്രതികള്‍ ചേര്‍ന്നു ജഡം കുഴിച്ചുമൂടിയെന്നും സംശയിക്കുന്നു.
ആനക്കൊമ്പ് വ്യാപാരവുമായി ബന്ധപ്പെട്ട വന്‍ റാക്കറ്റുതന്നെ ഇതിനു പിന്നിലുണ്ടെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. അന്വേഷണം സംസ്ഥാന തലത്തിലേക്കു വ്യാപിപ്പിച്ചു. നേരത്തെ, കൊമ്പുകളിലൊന്നു വെട്ടിയെടുത്ത ശേഷം കാട്ടാനയെ റബര്‍തോട്ടത്തിനുള്ളിലെ പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികള്‍ ഒന്‍പതുപേരെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ കുമളി സ്വദേശികളായ ആറംഗ സംഘമാണു കൊമ്പു വെട്ടിയെടുത്തതും കടത്തിയതും. ആനയുടെ ജഡം കിണറ്റില്‍ തള്ളിയശേഷം മണ്ണുമാന്തി യന്ത്രമുപയോഗിച്ചു മൂടാന്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഇതേ സംഘം തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.
മുഖ്യപ്രതിയും തോട്ടം ഉടമയുമായ മണിയന്‍ചിറ റോയ് ഗോവയിലേക്കു മുങ്ങിയെന്ന വിവരത്തിനു പിന്നാലെ അന്വേഷണ സംഘം ഗോവയിലെത്തി തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും കുമളി സംഘം എവിടെയാണെന്ന സൂചന ലഭിച്ചിട്ടില്ല. കൊമ്പ് മുറിക്കല്‍, കടത്തല്‍, ജഡം മറവുചെയ്യല്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയതോടെയാണു പ്രതികളുടെ എണ്ണം കൂടിയത്. മുറിച്ചെടുത്തു കടത്തിയ ആനക്കൊമ്പുമായി എറണാകുളം പട്ടിമറ്റത്തു പിടിയിലായ അഖില്‍ മോഹനില്‍ നിന്നു ലഭിച്ച വിവരങ്ങളും അന്വേഷണ സംഘം സൂക്ഷ്മപരിശോധന നടത്തുന്നുണ്ട്. ആനയുടെ ജഡം മറവുചെയ്യാന്‍ സഹായിക്കാനെത്തിയതാണു കുമളി സംഘമെന്നും സ്ഥലമുടമ റോയിയുടെ കണ്ണുവെട്ടിച്ച് ഇക്കൂട്ടത്തിലൊരാള്‍ കൊമ്പു വെട്ടിയെടുത്തതാണെന്നും അഖില്‍ അന്വേഷണ സംഘത്തിനു മൊഴിനല്‍കിയെന്നാണു വിവരം. അഖില്‍ മോഹനടക്കം 9 പേരെ പ്രതിചേര്‍ത്തു കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. അഖില്‍ മോഹനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























