വർക്കലയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം പോലീസ് അനാസ്ഥയെന്ന് പരാതി; 'കോടതി സംരക്ഷണം നിർദ്ദേശിച്ചിട്ടും പൊലീസ് ഇടപെട്ടില്ല' എന്ന് ബന്ധുക്കൾ

വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവിന്‍റെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി. വർക്കല കളത്തറ സ്വദേശി എംഎസ് വില്ലയിൽ ലീനാമണി (56) യാണ് വീട്ടിൽ കൊല്ലപ്പെട്ടത്. കോടതി ഇവർക്ക് സംരക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു.
ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. ഒന്നര വർഷം മുൻപാണ് ലീനയുടെ ഭർത്താവ് സിയാദ് മരിച്ചത്. ഇതിനു ശേഷം സിയാദിന്റെ പേരിലുള്ള സ്വത്ത് കയ്യടക്കാൻ സഹോദരങ്ങൾ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ രാവിലെ തർക്കത്തിനിടെ ഭർത്താവിൻറെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹസിൻ എന്നിവർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഒരു മാസം മുൻപ് പ്രതികളിലൊരാളായ അഹദും കുടുംബവും ലീനയുടെ വീട്ടിൽക്കയറി താമസമാക്കി. അന്ന് മുതലാണ് ഭിന്നത രൂക്ഷമായത്. ഇതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു. ഇതേ ചൊല്ലി ഇന്ന് രാവിലെ തുടങ്ങിയ വാക്കുതർക്കമാണ് കൊലയിലേക്കെത്തിച്ചത്. ഗുരുതരാവസ്ഥയിൽ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവ ശേഷം പ്രതികൾ ഓടിരക്ഷപ്പെട്ടു.അതേസമയം കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് വേണ്ട സംരക്ഷണം നൽകിയില്ലെന്നാണ് ലീനാമണിയുടെ ബന്ധുക്കളുടെ പരാതി.
https://www.facebook.com/Malayalivartha



























