കർക്കടക വാവുബലി തുടങ്ങി ; ബലിതര്‍പ്പണം; സ്‌നാനഘട്ടങ്ങളില്‍ ഇന്നലെ രാത്രിയോടെ ഭക്തജനത്തിരക്ക്; ഇക്കുറി കർക്കടകം ഒന്നിനു തന്നെ കറുത്തവാവ്

കർക്കടക വാവുബലി ദിനമായ ഇന്ന് പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം തുടങ്ങി. ഇന്നലെ രാത്രിയോടെ തന്നെ പ്രധാന സ്നാനഘട്ടങ്ങളിലെല്ലാം തിരക്കായി. ഇക്കുറി കർക്കടകം ഒന്നിനു തന്നെ കറുത്തവാവ് എന്ന സവിശേഷതയുമുണ്ട്.
മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍. കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്നാനഘട്ടങ്ങളിൽ ബലിതർപ്പണം നടത്താൻ അനുമതി നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ സ്നാനഘട്ടങ്ങളിൽ ഒരുക്കിയിട്ടുള്ളത്.
പ്രശസ്തമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2.30 മുതലും വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്നു മുതലും ചടങ്ങുകൾ ആരംഭിച്ചു. ആലുവ മണപ്പുറത്ത് രാവിലെ നാലിനാണ് ചടങ്ങുകൾ തുടങ്ങിയത്. വർക്കല പാപനാശം കടപ്പുറത്ത് ഇന്നലെ രാത്രി പത്തരയോടെ ബലി തർപ്പണത്തിനു മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചിരുന്നു. ആലുവ അദ്വൈതാശ്രമത്തിൽ പുലർച്ചെ നാലരയോടെ ബലിതർപ്പണം തുടങ്ങി. തിരുനാവായ മണപ്പുറത്ത് പുലർച്ചെ 2ന് ചടങ്ങുകൾ ആരംഭിച്ചു.
ഹൈന്ദവരുടെ പ്രധാന ആചാരങ്ങളില്‍ പെട്ട ഒന്നാണ് പൂര്‍വ്വികര്‍ക്കായി കര്‍ക്കടക അമാവാസി ദിവസം ചെയ്യുന്ന ശ്രാദ്ധകര്‍മ്മം. പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ ഇങ്ങനെ മൂന്ന് തലമുറകളിലെ പരേതര്‍ക്ക് വേണ്ടി ചെയ്യേണ്ട ശ്രാദ്ധമാണ് കര്‍ക്കടക വാവ് ബലി. കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അര്‍പ്പിക്കുന്നത്. ബുധനാഴ്ച 'ഒരിക്കൽ' എടുത്ത് ഇന്ന് ബലി അർപ്പിക്കും. ഇന്നലെ ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതാണ് ഒരിക്കൽ എന്നറിയപ്പെടുന്നത്.
മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ വ്രതം അനുഷ്ഠിക്കുന്ന സമയത്ത് കഴിക്കാന്‍ പാടില്ല. 48 മണിക്കൂറാണ് വ്രതം അനുഷ്ഠിക്കേണ്ടത്. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ല. വിളക്ക്, കിണ്ടിയിലെ വെള്ളം, എള്ള്, അരി, പുഷ്പം, കര്‍പ്പൂരം, ചന്ദനത്തിരി, വാഴയില, ദര്‍ഭപ്പുല്ല് എന്നിവയാണ് ബലിയിടുന്നതിന് പൂജയ്ക്കായുള്ള സാധനങ്ങൾ.
ജ്യോതിഷ പ്രകാരം കർക്കടകം ഒന്ന് ആരംഭിക്കുന്നത് ഇന്ന് പുലർച്ചെ 5നാണ്. ഉദയസമയം ആറും. കറുത്തവാവ് ഇന്നലെ രാത്രി 10.10ന് ആരംഭിച്ച് ഇന്ന് രാത്രി 12വരെ നീണ്ടു നിൽക്കും. സുര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിനു മുമ്പ് ബലി തർപ്പണം നടത്തുന്നത് ഉത്തമം ആയതിനാൽ ഉച്ചയ്ക്കുമുമ്പ് ചടങ്ങുകൾ തീരുന്ന വിധത്തിലുള്ള ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.
പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ നടത്തുന്നുണ്ട്. തിരുനെല്ലിയിൽ ബലി തർപ്പണത്തിനെത്തുന്നവർക്ക് 21 കിലോമീറ്റർ അകലെയുള്ള കാട്ടിക്കുളത്തു നിന്ന് കെ.എസ്.ആർ.ടി.സി സർക്കുലർ സർവീസ് ആരംഭിച്ചു. കാട്ടിക്കുളത്തു നിന്ന് തിരുനെല്ലിയിലേക്ക് സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























