19 വർഷങ്ങൾക്ക് ശേഷം മകനെ കണ്ടെത്തി;നിമിത്തമായത് ഡൽഹിയിലെ മലയാളി അഭിഭാഷക ദീപ ജോസഫ്

19 വർഷങ്ങൾക്കു ശേഷം മകനെ ചേർത്ത് പിടിച്ച് ശോഭ ഡൽഹിയിൽ. 2003 ൽ ഇംഗ്ലണ്ടിലേക്കു പോയശേഷം കാണാതായ തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജയൻ ഭാസിയെ (37) വീണ്ടും അമ്മയുടെ അരികിലെത്തിച്ചത് ഡൽഹിയിലെ മലയാളി അഭിഭാഷക ദീപ ജോസഫാണ്.
സാമൂഹിക പ്രവർത്തകയായ ദീപ കഴിഞ്ഞദിവസം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിനു പുറത്തെ കഫെറ്റീരിയയിൽ ഇരിക്കുമ്പോൾ ഒരു യുവാവിനോടു ഭക്ഷണ ബില്ലിന്റെ പേരിൽ ജീവനക്കാർ തട്ടിക്കയറുന്നതു കണ്ടു. പ്രശ്നം പറഞ്ഞുതീർത്ത ദീപ, എവിടേക്കാണു പോകേണ്ടതെന്ന് അജയനോട് ഇംഗ്ലിഷിൽ ചോദിച്ചു. യുഎസിലേക്കെന്നു മറുപടി പറഞ്ഞു.
പാസ്പോർട്ട് നോക്കിയപ്പോൾ ഈ മാസം 6 ന് യുകെയിൽ നിന്ന് എമർജൻസി എക്‌സിറ്റിൽ ഡൽഹിയിൽ എത്തിയതാണെന്നു മനസ്സിലായി. ‘കല്ലുവിള വീട്, നെടുംപറമ്പ് പി.ഒ, തിരുവനന്തപുരം’ എന്നായിരുന്നു വിലാസം. യുകെയിൽ സഹോദരനുണ്ടെന്നു പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ അജയന്റെ ഓർമയിൽ ഇല്ലായിരുന്നു. കയ്യിലെ പഴയ മൊബൈൽ ഫോണിൽ സിം കാർഡുമില്ലായിരുന്നു. ജോലിത്തിരക്കുകൾ കാരണം ദീപയ്ക്കു മടങ്ങേണ്ടിവന്നു.
പിന്നീട് അജയന്റെ ഫോട്ടോ സഹിതമുള്ള ദീപയുടെ ഫെയ്സ്ബുക് പോസ്റ്റ് കണ്ട് അജയന്റെ അമ്മ ശോഭ കല്ലമ്പലം എസ്ഐയെ ബന്ധപ്പെട്ടു. അപ്പോഴേക്കും അജയൻ എങ്ങോട്ടുപോയെന്ന് ആർക്കുമറിയില്ലായിരുന്നു. ദീപയുടെ പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
അതിനിടെ, അജയനെ വിമാനത്താവളത്തിൽ വീണ്ടും കണ്ട വിവരം കഫെറ്റീരിയ ജീവനക്കാരി സിഐഎസ്എഫിനെ അറിയിച്ചു. തുടർന്നു ദീപയും സുഹൃത്ത് ഗംഗാധരനുമെത്തി അജയനെ ഒപ്പം കൂട്ടി. ശോഭ ഇന്നലെ രാത്രി ഡൽഹിയിലെത്തി 19 വർഷത്തിനുശേഷം മകനെ വീണ്ടും കണ്ടു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇരുവരും നാളെ തിരുവനന്തപുരത്തേക്കു മടങ്ങും. ശോഭയുടെ ഇരട്ട ആൺമക്കളിൽ ഒരാളാണ് അജയൻ. ഭർത്താവ് 23 വർഷം മുൻപു മരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























