മുതലപ്പൊഴി അപകടങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രിതല സമിതിയുടെ യോഗം ഇന്ന്; കേന്ദ്രമന്ത്രി വി. മുരളീധരൻറെ നേതൃത്വത്തിൽ ഫിഷറീസ് വിദഗ്ധരടങ്ങിയ കേന്ദസംഘം ഇന്ന് മുതലപ്പൊഴി സന്ദർശിക്കും

അപകട മരണങ്ങള്‍ തുടരുന്ന മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്തു തീരുമാനമെടുക്കാൻ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ആൻറണി രാജു, ജി.ആർ.അനിൽ എന്നിവരാണ് യോഗം ചേരുന്നത്. ഹാർബർ നിർമ്മാണത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പഠിക്കാൻ കേന്ദ്ര ഏജൻസിയായ പൂണെയിലെ സിഡബ്ല്യുപിആറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
പൊഴിയിൽ അടിയുന്ന മണൽ പമ്പ് ഉപയോഗിച്ച് നീക്കാനാണ് ആലോചന. പൊഴിക്ക് സമീപം കൂടുതൽ ലൈഫ്ഗാർഡുമാരെ നിയോഗിക്കുന്നതും ചർച്ചയാകും. മന്ത്രിതല യോഗത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുതലപ്പൊഴി അപകടത്തിന് പിന്നാലെയാണ് പ്രശ്നപരിഹാര ചർച്ചകൾ സജീവമായത്. മുതലപ്പൊഴിയിൽ അപകടത്തിൽ മരിച്ച നാല് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നൽകുന്നതും ചർച്ച ചെയ്യും. മന്ത്രിതല സംഘം മുഖ്യമന്ത്രിമായും ഇന്ന് തന്നെ ചർച്ച നടത്തിയ ശേഷം പ്രഖ്യാപനമുണ്ടാകും. മുതലപ്പൊഴി അപകടത്തിൽ പ്രതിപക്ഷ സമരം ശക്തമാക്കാനായി തീരുമാനിച്ചിട്ടുണ്ട്. ലത്തീൻ സഭയും സർക്കാരിനെതിരെ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാറിൻറെ അടിയന്തിര ഇടപെടൽ.
അതിനിടെ കേന്ദ്രമന്ത്രി വി. മുരളീധരൻറെ നേതൃത്വത്തിൽ ഫിഷറീസ് വിദഗ്ധരടങ്ങിയ കേന്ദസംഘം ഇന്ന് മുതലപ്പൊഴി സന്ദർശിക്കും. കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗം വൈകിട്ടാണ് എത്തുന്നത്. നാളെ അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ മുതാലപ്പൊഴിയിൽ ഏകദിന ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























