ഗോവിന്ദാ... ഒന്ന് പൊട്ടിക്കരഞ്ഞൂടേ...എല്ലാ വാണവും ചീറ്റിപ്പോകുന്നുചീറ്റ് ചെയ്‌തെന്ന് ഇ.പി ചിറ്റപ്പനും

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ച ശേഷം അപ്രതീക്ഷിതമായാണ് എം. ഗോവിന്ദന്‍ മാസ്റ്റര്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായത്. വളരെ സൗമ്യമായ പ്രകൃതക്കാരനായ അദ്ദേഹം ആ പദവിയിലെത്തുന്നത് പാര്‍ട്ടിക്കാര്‍ മാത്രമല്ല, മാധ്യമങ്ങളും പൊതുജനങ്ങളും സന്തോഷിച്ചു. കാരണം മസിലുപിടുത്തവും ധാര്‍ഷ്യവും ഇല്ലാത്ത സംസ്ഥാന സെക്രട്ടറി പൊളിക്കുമെന്ന് എല്ലാരും കരുതി. തുടക്കം അങ്ങനെതന്നെയായിരുന്നു. അനാവശ്യവിവാദങ്ങളിലൊന്നും അദ്ദേഹം ചാടിയതുമില്ല. എന്നാല്‍ തന്നെ മറികടന്ന് ഗോവിന്ദന്‍ മാഷെ സംസ്ഥാന സെക്രട്ടറിയാക്കിയത് ഇ.പി ജയരാജന്‍ ചിറ്റപ്പന് പിടിച്ചില്ല. ഇടതുമുന്നണി കണ്‍വീനറായ ചിറ്റപ്പന്‍ ഗോവിന്ദന്‍ മാഷേക്കാള്‍ സീനിയറാണ്. പക്ഷെ, മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ കിട്ടിയില്ല.
കോടിയേരിക്ക് പകരം പി.ബിയില്‍ വന്ന ഒഴിവിലും ഗോവിന്ദന്‍ മാഷ് ഇടംപിടിച്ചു. അതോടെ ചിറ്റപ്പന്റെ സകല പ്രതീക്ഷകളും അസ്തമിച്ചത് പോലെയായി. അദ്ദേഹം മുന്നണി കണ്‍വീനറെന്ന സ്ഥാനത്ത് സജീവമായില്ല. പക്ഷെ, അതിലൊക്കെ ഗോവിന്ദന്‍മാഷ് നയത്തിലുള്ള സമീപനമാണ് സ്വീകരിച്ചത്. ഇ.പിക്കെതിരെ പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചപ്പോഴും അതൊന്നും ആയുധമാക്കാന്‍ നോക്കിയില്ല. മാധ്യമങ്ങളോട് പോലും ഇക്കാര്യത്തില്‍ പ്രതികരണം നടത്താന്‍ തയ്യാറായില്ല. പാര്‍ട്ടിയുടെ നിയന്ത്രണം പിണറായിയുടെ കയ്യില്‍ നിന്ന് തന്റെ കൈപ്പിടിയിലാക്കാനുള്ള ശ്രമങ്ങളും നടത്തി.
സെക്രട്ടറി കസേരയുടെ വിലയറിയാവുന്ന ഒരാള്‍ വന്നതില്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല ജനങ്ങളും സന്തോഷിച്ചു. എ.ഐ ക്യാമറാ വിവാദം ഉയര്‍ന്ന് വന്നപ്പോള്‍ ആദ്യത്തെ 9 ദിവസം പ്രതികരിക്കാന്‍ പോലും സംസ്ഥാന സെക്രട്ടറി തയ്യാറായില്ല. അതിന് ശേഷം അത് സര്‍ക്കാര്‍ കാര്യമാണ് സര്‍ക്കാര്‍ നോക്കുമെന്ന് വ്യക്തമാക്കി. അതോടെ ഗോവിന്ദന്‍ മാഷ്ടെ സ്വീകാര്യത കൂടി. കാരണം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മകന്റെ ഭാര്യാപിതാവിനും അടക്കം എതിരെയാണ് ആരോപണം ഉയര്‍ന്നത്. സി.പി.എമ്മിനൊരു സെക്രട്ടറി ഉണ്ടായി, പിണറായി ഇനി പറ പറക്കും എന്ന് പോലുമുള്ള പ്രതീതി അന്തരീക്ഷത്തില്‍ അലയടിച്ചു.
പക്ഷെ, പെട്ടെന്നാണ് ഗോവിന്ദന്‍ പ്ലേറ്റ്മാറ്റിയത്. അത് എങ്ങനെ സംഭവിച്ചെന്ന് ഇന്നും പലര്‍ക്കുമൊരു എത്തും പിടിയും കിട്ടിയിട്ടില്ല. എ.ഐ ക്യാറാ ഇടപാടിലെ വഴിവിട്ട നടപടിക്രമങ്ങളുടെ തെളിവുകള്‍ പുറത്തുകൊണ്ടുവന്ന രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗോവിന്ദന്‍മാഷ് രൂക്ഷവിമര്‍ശനം നടത്തി. ചെന്നിത്തല വികസന വിരോധിയാണെന്നും നുണ പറയുകയാണെന്നും പ്രതികരിച്ചു. താന്‍ വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ഉന്നയിച്ച കാര്യങ്ങളിലെ നുണ ഏതെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല തിരിച്ചടിച്ചെങ്കിലും ഗോവിന്ദന്‍ മാഷിന് മറുപടിയുണ്ടായില്ല. പകരം മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ന്യായീകരിച്ചുകൊണ്ടേയിരുന്നു.
കരാറില്‍ വീഴ്ചകളുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പ്രതിപക്ഷം പുറത്തുവിടുകയും സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിച്ഛായ നഷ്ടപ്പെട്ട അവസ്ഥയിലാവുകയും ചെയ്തു. ഈ അവസരത്തിലാണ് മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ ജോലിക്ക് വേണ്ടി മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ പരാതി ഉണ്ടാകുന്നത്. ഇത് അന്വേഷിക്കാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അതിലും വലിയൊരു പൊട്ടാസ് വാര്‍ത്തകിട്ടി, എസ്.എഫ്.എ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചു. റിസല്‍റ്റ് കോളേജിന്റെ സൈറ്റിലുണ്ട്. അതോടുകൂടി സി.പി.എം നാണംകെട്ട് നാറിയ അവസ്ഥയിലായി. എന്നാല്‍ ആര്‍ഷോയുടെ പേര് വിജയിച്ചവരുടെ പട്ടികയില്‍ വന്നത് കേവലം സാങ്കേതിക പിഴവാണെന്ന് മഹരാജാസ് കോളജ് അധികൃതര്‍ വ്യക്തമാക്കിയതോടെ ഗൂഢാലോചനാ സിദ്ധാന്തവുമായി എം. ഗോവിന്ദന്‍ ചാടിയിറങ്ങി.
ഏഷ്യാനെറ്റ് ലേഖിക അഖില നന്ദകുമാറിനെതിരെ കേസെടുത്തു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ എങ്ങനെ കേസെടുക്കും എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ മാഷിന്റെ നിയന്ത്രണം വിട്ടു. സര്‍ക്കാരിനും എസ്.എഫ്.ഐയ്ക്കുമെതിരെ വാര്‍ത്ത കൊടുത്താല്‍ കേസെടുത്ത് കൈകാര്യം ചെയ്യുമെന്ന് വെല്ലുവിളിച്ചു. സംഗതി വേറെ ലെവലിലേക്ക് ഉയര്‍ന്നതോടെ വീണ്ടും മാഷ് മലക്കംമറിഞ്ഞു. ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് ആണയിച്ചു. പക്ഷെ, ചാനലുകള്‍ പറഞ്ഞകാര്യം അതുപോലെ വീണ്ടും സംപ്രേക്ഷണം ചെയ്തതോടെ എല്ലാം തീര്‍ന്നു.
അങ്ങനെ ഗോവിന്ദന്‍മാഷും സി.പി.എമ്മും മൊത്തത്തില്‍ വെറുപ്പിക്കലിന്റെ ഹിമാലയം കയറുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലൊരു പ്രസംഗം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഏകസിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതില്‍ പിടിച്ച് സി.പി.എമ്മും ഗോവിന്ദന്‍ മാഷും കത്തിക്കയറി. പൗരാവകാശം, മനുഷ്യാവകാശം, രാജ്യത്തിന്റെ വൈവിധ്യം, മതസ്വാതന്ത്ര്യം, ന്യൂനപക്ഷസ്‌നേഹം എന്ന് വേണ്ട സകലതും പുറത്തെടുത്ത് അലക്കി. അപ്പോഴാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നൈസായിട്ടൊരു പടക്കം പൊട്ടിച്ചത്. ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് കേരളത്തിലാദ്യം ആവശ്യപ്പെട്ടത് ഇ.എം.എസ് നമ്പൂതരിപ്പാടാണ്, അദ്ദേഹത്തെ തള്ളിപ്പറയാന്‍ സി.പി.എം തയ്യാറാണോ? അതോടെ സഖാക്കളുടെ കാറ്റ് പോയി. ആദ്യ രണ്ട് ദിവസം ഗോവിന്ദന്‍മാഷോ, ബുദ്ധിജീവി നേതാവായ എം.എ ബേബിയോ ഒന്നും മിണ്ടിയില്ല. സതീശന്‍ വീണ്ടും പടക്കം പൊട്ടിച്ചു. അതോടെ ഇ.എം.എസ് അങ്ങനെ നിലപാട് എടുത്തിട്ടില്ലെന്ന് ഗോവിന്ദന്‍ മാഷ് വ്യക്തമാക്കി. പിന്നാലെ
മാധ്യമങ്ങളില്‍ ഇ.എം.എസിന്റെ പണ്ടത്തെ നിലപാടുകളുടെ വാര്‍ത്തവന്നു. ഇ.കെ നായനാരും സുശീലാഗോപാലനും ഏകസിവില്‍ കോഡിന്റെ വക്താക്കളായിരുന്നെന്നും ജനാധിപത്യമഹിളാ അസോസിയേഷന്‍ അതിന് വേണ്ടി ഒപ്പ് ശേഖരണവും നടത്തിയെന്ന തെളിവ് പുറത്തായി. അതോടെ സഖാക്കള്‍ മാളത്തിലേക്ക് വലിഞ്ഞു. എന്നിട്ട് ഏക സിവില്‍കോഡിനെതിരെ കോഴിക്കോട്ട് സെമിനാര്‍ നടത്താന്‍ തീരുമാനിച്ചു. അതിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിച്ചു. കൂടപ്പിറപ്പായ സി.പി.ഐയെ പോലും വിളിച്ചില്ല. പക്ഷെ, ലീഗ് കോണി വലിച്ചതോടെ ഗോവിന്ദനും സംഘവും ഉജ്ജ്വലമായി പരാജയപ്പെട്ടു. ഇന്ദുലേഖയില്ലെങ്കില്‍ തോഴിയെങ്കിലും മതി എന്ന് സൂര്യനമ്പൂതിരിപ്പാട് പറഞ്ഞത് പോലെ ലീഗ് കൈവെടിഞ്ഞപ്പോ സമസ്തയ ആശ്രയമായി.
എന്നാല്‍ അവരടക്കമുള്ള മുസ്‌ലിം സംഘടനാ നേതാക്കളെ ഭയന്ന് ഇടത്പക്ഷത്തിനൊപ്പം നില്‍ക്കുന്ന മുസ്ലിം സ്ത്രീകളെ പോലും സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച എഴുത്തുകാരി ഡോ. ഖദീജമുംതാസിനെതിരെ മരുമോന്‍ മന്ത്രി വാളോങ്ങി. അടുത്ത യുവരാജാവിന്റെ ശാസന പോലും. ചുരുക്കം പറഞ്ഞാല്‍ കെ.മുരളീധരന്‍ പറഞ്ഞപോലെ എം. ഗോവിന്ദന്റെ നേതൃത്വത്തില്‍ സി.പി.എം വിട്ട വാണമെല്ലാം ചീറ്റിപ്പോയി. സെമിനാറില്‍ ഔദ്യോഗികമായി ക്ഷണിക്കുകയോ, പേര് രേഖപ്പെടുത്തുകയോ ചെയ്യാതെ തന്നെ ഇകഴ്ത്തി സംസാരിച്ച ഗോവിന്ദന്‍ മാഷ് ചീറ്റ് ചെയ്ത കഥ ഇ.പി ചിറ്റപ്പന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളമ്പുക കൂടി ചെയ്തതോടെ എല്ലാം ഗോവിന്ദയായി...
https://www.facebook.com/Malayalivartha



























