പ്ലസ് ടു കോഴക്കേസ്... കെ എം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി; ആറ് ആഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്ന് സുപ്രീം കോടതി; പ്ലസ് ടു അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് കേസ്

പ്ലസ് ടു കോഴക്കേസില്‍ മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ഷാജിക്ക് നിര്‍ദ്ദേശം നല്‍കി. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ഷാജിക്കെതിരെയുള്ള തുടര്‍നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ 2020ലാണ് വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌ഐആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. കെ എം ഷാജിയുടെ ഹര്‍ജിയിലായിരുന്നു എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്.
കെ എം ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്‌ഐആറിലോ അന്വേഷണത്തില്‍ ശേഖരിച്ച വസ്തുതകളിലോ ഇല്ലെന്നു കോടതി പറഞ്ഞു. അതിനാല്‍ അഴിമതി നിരോധന നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ബാധകമാകില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി നടപടികള്‍ തുടരുന്നതില്‍ കാര്യമില്ലെന്നു വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു. കേസിലെ ഭൂരിഭാഗം സാക്ഷികളും മുസ്‌ലീം ലീഗ് പ്രവര്‍ത്തകരോ ഭാരവാഹികളോ ആണെന്നാണ് ഇതിന് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും 47 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ഷാജിയുടെ വാദം. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍, മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























