ആരുടെയും സഹായമില്ലാതെ കെഎസ്ആര്‍ടിസിയെ മുന്നോട്ടുകൊണ്ടുപോകാന്‍ തൊഴിലാളികളും മാനേജ്‌മെന്റും ഒന്നിച്ചു നിന്നാല്‍ മതിയെന്ന് ബിജു പ്രഭാകര്‍

ആരുടെയും സഹായമില്ലാതെ കെഎസ്ആര്‍ടിസിയെ മുന്നോട്ടുകൊണ്ടുപോകാന്‍ തൊഴിലാളികളും മാനേജ്‌മെന്റും ഒന്നിച്ചു നിന്നാല്‍ മതിയെന്ന് സിഎംഡി ബിജു പ്രഭാകര്‍. ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിച്ചാല്‍ മാത്രമേ മുന്നോട്ട് പോകാനാകു. അതിനായി സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കി കൂടുതല്‍ സര്‍വീസുകള്‍ ഓടിച്ചാല്‍ 30 കോടി രൂപ മാസം അധിക വരുമാനം കണ്ടെത്താനാകും.
അങ്ങനെയാണെങ്കില്‍ ആരുടെയും കാലുപിടിക്കാതെ അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാനാകും. പക്ഷേ ജീവനക്കാരില്‍ ചിലര്‍ സിംഗിള്‍ ഡ്യൂട്ടിയെ മനസിലാക്കാതെ എതിര്‍ക്കുന്നു. 8 മണിക്കൂര്‍ ഡ്യൂട്ടി സമയത്തെ 12 മണിക്കൂര്‍ ജോലിയെന്ന് കുറ്റപ്രചാരണം നടത്തുന്നു. ഫെയ്‌സ്ബുക്കില്‍ ഇന്ന് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
''സ്വിഫ്റ്റ് ബസ് വന്നാല്‍പ്പോലും അനൗണ്‍സ് ചെയ്യാത്ത സമ്പ്രദായമാണുള്ളത്. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാനം ആര്‍ക്കാണ് കിട്ടുന്നതെന്ന് ഒരുവിഭാഗം ജീവനക്കാര്‍ മനസ്സിലാക്കുന്നില്ല. ആളുകളെ വിളിച്ചു കയറ്റുന്നതിനായി മെഗാഫോണ്‍ വാങ്ങി നല്‍കിയിട്ടുപോലും ഉപയോഗിച്ചില്ല. രാവിലെ കൂടുതല്‍ സര്‍വീസ് നടത്തി വരുമാനമുറപ്പാക്കാനാണു ശ്രമം. ഇതിന്റെ ഭാഗമായാണ് ഇടയ്ക്കു വിശ്രമം അനുവദിച്ച് സ്‌പ്രെഡ് ഓവര്‍ ഡ്യൂട്ടി നടപ്പാക്കാന്‍ ശ്രമിച്ചത്.
എന്നാല്‍, അധികസമയം പണിയെടുപ്പിക്കുന്നെന്നാണ് ജീവനക്കാരുടെ പരാതി. രാജ്യത്ത് ട്രാസ്‌പോര്‍ട്ട് സര്‍വീസുകളിലുള്ള ഡ്യൂട്ടി പരിഷ്‌കാരമാണ് ഞാന്‍ നടപ്പാക്കിയത്. ഇത് അധിക പണിയെടുപ്പിക്കലാണെങ്കില്‍ എന്തുകൊണ്ട് കോടതിയില്‍ പോയി ചോദ്യം ചെയ്യുന്നില്ല? കോടതിയില്‍ ചോദ്യം ചെയ്താലും നിലനില്‍ക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ദുഷ്പ്രചരണം നടത്തുന്നത്.
ചില ജീവനക്കാര്‍ പെന്‍ഷന്‍ ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസിയിലുള്ളത്. 1,243 ജീവനക്കാര്‍ ജോലിക്ക് ഹാജരാകുന്നില്ല. ഇടയ്ക്കു വന്ന് ഒപ്പിട്ട് മുങ്ങുകയാണിവര്‍. കെഎസ്ആര്‍ടിസിയില്‍ ഉഴപ്പി നില്‍ക്കാനാകില്ല. ഇവര്‍ ഒന്നില്ലെങ്കില്‍ വിആര്‍എസ് എടുക്കണം, അല്ലെങ്കില്‍ ഇവരെ പിരിച്ചുവിടും ജോലിക്കു ഹാജരാകാത്തവരുടെ പേര് വിവരങ്ങള്‍ വച്ച് മാധ്യമങ്ങളില്‍ ഉടന്‍ പരസ്യം നല്‍കാന്‍ തയാറെടുക്കുകയാണ്. കൃത്യമായി വണ്ടികള്‍ അറ്റകുറ്റപ്പണി ചെയ്യാത്തതാണു മറ്റൊരു പ്രശ്‌നം. എന്നാല്‍ തമിഴ്‌നാട്ടില്‍ കൃത്യമായി വണ്ടികള്‍ക്കു അറ്റകുറ്റപ്പണികള്‍ നടത്തി കൂടുതല്‍കാലം ഓടിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇത് മനസ്സിലാക്കണം'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























