ഏതോ ഒരു വലിയ വീട്ടിലേക്കാണ് തന്നെ കൊണ്ട് പോയത്; ഒരു സ്ത്രീയും, മൂന്ന് പുരുഷന്മാരും, ഉണ്ടായിരുന്നു..! മഞ്ഞ ചുരിദാർ ധരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞതായി സൂചന...
തന്നെ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എന്തിനാണ് കൊണ്ടുപോയതെന്നോ തിരിച്ചറിയാൻ പോലുമാകാതെ അച്ഛന്റെ കൈകളിൽ അമ്മയെ കാത്ത് എ ആർ ക്യാമ്പിൽ കഴിയുകയാണ് അബിഗേല്‍ സാറ. ഏതോ ഒരു വലിയ വീട്ടിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് അബിഗേല്‍ പറയുന്നു. തന്നെ കൊണ്ടുപോയവരില്‍ ആരെയെങ്കിലും നേരത്തെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് കുട്ടിയുടെ മറുപടി. പോയിട്ട് വരാമെന്നാണ് അവര്‍ പറഞ്ഞതെന്നും അബിഗേല്‍ പൊലീസിനോട് പറഞ്ഞു.
ഇന്നലെ രാത്രി മുഴുവന്‍ ഉറങ്ങാതെ പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു. അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ഓട്ടോയിലെത്തിയ സ്ത്രീ കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ച ശേഷം കടന്നുകളഞ്ഞത്. ഒരുപക്ഷെ ഇനി രക്ഷപ്പെടാനാവില്ലെന്ന് തിരിച്ചറിഞ്ഞാവണം കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞത്. ഈ സംഘത്തെ കണ്ടെത്താനുള്ള ശ്രത്തിലാണ് പൊലീസ്. കുട്ടിയെ മൈതാനത്ത് നിന്നും കണ്ടെത്തുന്നതിന് മുമ്പായി ഇന്‍കം ടാക്‌സ് ക്വാട്ടേഴ്‌സിനുള്ളില്‍ കയറാന്‍ സംഘം ശ്രമിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായി.
ഇതിനു ശേഷമാണ് കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞത്. എ.ആര്‍. ക്യാമ്പിലെത്തിച്ച ശേഷം കുട്ടിയെ വീഡിയോ കോള്‍ വഴി അമ്മയെ കാണിച്ചു. തുടര്‍ന്ന് കുട്ടിയെ അച്ഛന് കൈമാറി. ഇന്നലെ രാത്രി ഒരു വീട്ടിലാണ് തങ്ങിയതെന്ന് കുട്ടി പറഞ്ഞു. ആശ്രമം മൈതാനത്ത് നിന്നും കുഞ്ഞിനെ കണ്ടെത്തിയ നാട്ടുകാരനോടാണ് ഇക്കാര്യം കുട്ടി വ്യക്തമാക്കിയത്. ഇന്ന് രാവിലെയാണ് കാറില്‍ കയറിയതെന്നും കുട്ടി പറഞ്ഞതായി ദൃക്സാക്ഷി പറഞ്ഞു. 'കൊച്ച് വിങ്ങിവിങ്ങിയാണ് സംസാരിച്ചത്. വ്യക്തമായി ഒന്നും പറയാന്‍ സാധിച്ചില്ല.
ഫോട്ടോയൊക്കെ കാണിച്ച് ചോദിച്ചപ്പൊള്‍ കൊച്ച് കാര്യങ്ങളൊക്കെ കൃത്യമായി പറഞ്ഞു. പിന്നെ ഞങ്ങള്‍ ആഹാരം കിട്ടിയോ എന്ന് കൊച്ചിനോട് ചോദിച്ചു. വെള്ളവും ബിസ്‌കറ്റും കൊടുത്തു. ഇതൊക്കെ ഞങ്ങള്‍ പെട്ടെന്ന് ചെയ്തു. അപ്പോഴേക്കും കൊച്ച് നോര്‍മ്മലായി കാര്യങ്ങള്‍ പറഞ്ഞുവെന്ന് കുട്ടിയെ ആദ്യം കണ്ടവരില്‍ ഒരാളായ കെ.വി.ആര്‍ വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചു. വീട്ടില്‍ വിളിക്കാന്‍വേണ്ടി ഫോണ്‍ നമ്പര്‍ ചോദിച്ചപ്പൊ ഫോണ്‍ നമ്പര്‍ മറന്ന് പോയെന്ന് പറഞ്ഞു.
പിന്നെ കുറച്ച് കഴിഞ്ഞപ്പൊള്‍ അഞ്ചക്കം ഡയല്‍ ചെയ്തു. പൂര്‍ണ്ണമായി അടിക്കാന്‍ പറ്റിയില്ല. പിന്നെ ഒന്നുകൂടെ ചോദിച്ചപ്പൊള്‍ നമ്പര്‍ പറഞ്ഞുതന്നു. ഉടനെതന്നെ വീട്ടിലേക്ക് വിളിച്ചു. അപ്പോഴേക്കും കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരാള്‍ വിളിച്ച് പറഞ്ഞിരുന്നു. കുറച്ച് കഴിയുമ്പഴേക്ക് പോലീസുകാര് വന്ന് കൊണ്ടുപോകുകയും ചെയ്തു.
വിനോദ് പറഞ്ഞു. അതിനിടെ ആശ്രമ മൈതാനിയിലേയ്ക്ക് യുവതി എത്തിയ ഓട്ടോ ഓടിച്ച ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞു. സ്ത്രീയെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha