നീല കാറിൽ തിരിച്ച് എത്തിച്ചു: രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഒപ്പമുണ്ടായിരുന്നതെന്ന് പറയണം; അബിഗേൽ സാറയെ, തട്ടിക്കൊണ്ടുപോകൽ സംഘം ഭീഷണിപ്പെടുത്തി...

കള്ളമൊഴി നൽകാൻ അബിഗേൽ സാറയെ, തട്ടിക്കൊണ്ടുപോകൽ സംഘം ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. നീല കാറിൽ തിരിച്ച് കൊണ്ടാക്കിയെന്ന് പറയാൻ ഒരു സ്ത്രീ നിർബന്ധിച്ചുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്നും പറയാൻ ഉപദേശിച്ചുവെന്നും അബിഗേൽ സാറ പൊലീസിനോട് പറഞ്ഞു. തട്ടികൊണ്ട് പോയ ദിവസം കുട്ടിയെ ഒരു വലിയ വീട്ടിൽ ആണ് പാർപ്പിച്ചതെന്നും, കഴിഞ്ഞ ദിവസം രാവിലെ മുതൽ കാറിനുള്ളിൽ ആയിരുന്നുവെന്നും പോലീസിനോട് പറഞ്ഞിരുന്നു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.
നിലവിൽ അബിഗേൽ സാറാ റെജി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. കുഞ്ഞ് ആഘാതത്തിൽ നിന്ന് പൂര്‍ണമായും മാറാൻ സമയമെടുക്കും. കുട്ടിയോട് സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്.
അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ പിടികൂടാൻ മൂന്നാം ദിവസവും അന്വേഷണം തുടരുകയാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം. കുട്ടിയുടെ വിശമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്.
തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശ്യം , കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്. ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha