ഞെട്ടി കോണ്‍ഗ്രസ് നേതാക്കള്‍... തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബി.െജ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ സുരേഷ് ഗോപി ജയിച്ചാല്‍ സാധ്യതയേറെ
തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചാല്‍, ബിജെപി അധികാരത്തിലെത്തിയാല്‍ പത്മജ വേണുഗോപാലിനെ കാത്തിരിക്കുന്നത് വലിയ സ്ഥാനം. തിരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പി. നേതൃത്വം അനൗദ്യോഗികമായി പറയുന്നത്.
ഇക്കാര്യം പലതലങ്ങളില്‍ നിന്നും കേട്ടെന്നും ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. ബി.ജെ.പി. എനിക്കുവേണ്ടി നല്ലത് ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞു. ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പദവി ഒഴിയാനിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുസീറ്റ് അല്ലെങ്കില്‍ നല്ലൊരു പദവി എന്നതായിരുന്നു പത്മജയ്ക്ക് ബി.ജെ.പി. നല്കിയ വാഗ്ദാനം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടിലിരിക്കെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പത്മജ ബിജെപിയില്‍ ചേരുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെയാണ് ഈ കൂറുമാറ്റം. പത്മജയുടെ ബിജെപി പ്രവേശനം ഒറ്റരാത്രി കൊണ്ടു നടന്ന അത്ഭുതമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു. ബിജെപി കേന്ദ്രനേതൃത്വവുമായി ഏറെ മുമ്പ് തന്നെ പത്മജ നിരന്തരം ചര്‍ച്ചകള്‍ നടത്തിയെന്ന് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിലായിരിക്കെ മുകുന്ദപുരം ലോകസഭാ മണ്ഡലത്തിലും തൃശൂരില്‍ രണ്ട് തവണയും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇനിയും മത്സരിച്ചാലും വിജയിക്കുക പ്രയാസകരമാണ്. ഈ തിരിച്ചറിവ് കൂടിയാണ് ഗവര്‍ണര്‍ സ്ഥാനമോഹത്തിന് പിന്നില്‍.
പാര്‍ട്ടി മാറ്റത്തിന് പിന്നാലെ തൃശൂരില്‍ നിന്നുളള അമ്പതോളം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പത്മജ ബിജെപിയിലെത്തിച്ചിരുന്നു. വിശ്വസ്തരായ ചിലര്‍ക്ക് പാര്‍ട്ടി പദവിയും നിയമനവും പത്മജ ബിജെപി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 4ന് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുക.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് ബിജെപിയിലേക്ക് അസംതൃപ്തരായ നേതാക്കളുടെ ഒഴുക്ക് ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും നിര്‍ബാധം ഉണ്ടാകുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് ഏഷ്യന്‍ അത്ലറ്റിക്സ് മെഡല്‍ ജേതാവും മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ പത്മിനി തോമസും മറ്റു പല നേതാക്കളും ചേര്‍ന്നിരുന്നു. ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന പത്മിനി തോമസും തമ്പാനൂര്‍ സതീഷും തന്റെ സുഹൃത്ത് വലയത്തില്‍ ഉള്ളവരാണ്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഇനിയും ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരനോടും ഉമ്മന്‍ചാണ്ടിയോടും വളരെയധികം അടുപ്പം പുലര്‍ത്തിയ പത്മിനി തോമസ് റെയില്‍വേയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവര്‍ക്ക് പൊതുമണ്ഡലത്തില്‍ ധാരാളം ആളുകളുമായി ബന്ധമുണ്ട്. ഇതെല്ലാം ബിജെപിക്ക് വളരെയധികം ഗുണം ചെയ്യും എന്ന് പത്മജ പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്നശേഷം അതൃപ്തരായ മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുവാന്‍ സമയം ലഭിച്ചിട്ടില്ല. കേരളത്തില്‍ ഉടനീളം പല നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതികളോട് ശക്തമായ അസംതൃപ്തി അറിയിച്ചിട്ടുള്ളതായും അവര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha