വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോട് ചേര്‍ന്ന് 140 കോടി രൂപ ചെലവില്‍ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാന്‍ പദ്ധതി ;അദാനിയെ ഞെട്ടി പിണറായീടെ നീക്കം
വിഴിഞ്ഞം തുറമുഖം 65 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് . നിര്‍മാണക്കാലയളവുള്‍പ്പെടെ 2034 വരെ ആദ്യത്തെ 15 വര്‍ഷം ലാഭവിഹിതം പൂര്‍ണമായും അദാനി ഗ്രൂപ്പിനാകും. ഇതോടെ വിഴിഞ്ഞത്തുനിന്നു ചില്ലിക്കാശ് വകമാറി ചെലവഴിക്കാന്‍ പിണറായിയ്‌ക്കെന്നല്ല ഒരു രാഷ്ട്രീയപാര്‍ട്ടിക്കും കഴിയില്ല . ഇതോടെ കളം മാറ്റിചവിട്ടിയിരിക്കുകയാണ് സര്‍ക്കാര്‍ . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോട് ചേര്‍ന്ന് 140 കോടി രൂപ ചെലവില്‍ പാക്കിംഗ്, പ്രോസസ്സിംഗ് തുടങ്ങിയവയുടെ അനുബന്ധ യൂണിറ്റുകള്‍ ഉള്‍പ്പടെ പുതിയ അത്യാധുനിക മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാന്‍ ആണ്പദ്ധതിയിട്ടിരിക്കുന്നത്
140 കോടിയുടെ എസ്റ്റിമേറ്റില്‍ 70 കോടി തുറമുഖത്തിന്റെ നിര്‍മ്മാണത്തിനും ബാക്കി 70 കോടി നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും ഇടയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുമായി വിനിയോഗിക്കും എന്നാണ് പറയുന്നത്. വിഴിഞ്ഞത്തെ നിലവിലെ മീന്‍പിടിത്ത തുറമുഖത്തിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുമിടയിലുള്ള വലിയ കടപ്പുറത്താണ് തുറമുഖം വരുന്നത്. വമ്പന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കുള്‍പ്പെടെ അടുക്കാന്‍ പറ്റുന്ന രീതിയില്‍ 500 മീറ്റര്‍ നീളമുള്ള ബര്‍ത്താണ് ഇവിടെ പണിയുന്നത്. പൂണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനാണ് രൂപരേഖ തയ്യാറാക്കുന്നത്.
70 കോടി രൂപ തുറമുഖനിര്‍മാണത്തിനും 70 കോടി പുലിമുട്ട് നിര്‍മാണത്തിനുമാണ് ഉപയോഗിക്കുന്നത്. നേരത്തെ അദാനി തുറമുഖ കമ്പനിയെക്കൊണ്ട് നിര്‍മാണം നടത്തിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, ആദ്യഘട്ടത്തിലെ രൂപരേഖയില്‍ കാര്യമായ മാറ്റം വന്നതിനാല്‍, നിര്‍മാണത്തിന് പുതിയ ടെന്‍ഡര്‍ ക്ഷണിക്കേണ്ടിവരും. എന്നാല്‍, തുറമുഖനിര്‍മാണ മേഖലയില്‍ അദാനി ഗ്രൂപ്പിനുള്ള സാങ്കേതികവൈദഗ്ദ്ധ്യം മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തണമെന്ന വാദവും സര്‍ക്കാര്‍ പരിഗണിക്കും.
കേരള സര്‍ക്കാരിനായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡാണ് വിഴിഞ്ഞത്ത് പുതിയ തുറമുഖം രൂപകല്പന ചെയ്തു നിര്‍മിക്കുന്നത്. വാര്‍ഫ്, ജെട്ടി, വലിയ ബോട്ടുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 500 മീറ്റര്‍ നീളമുള്ള ബെര്‍ത്ത്, ബോട്ട് എഞ്ചിനുകളും വലകളും സൂക്ഷിക്കാനുള്ള ലോക്കറുകള്‍, ദിവസം കിട്ടുന്ന മത്സ്യം ലേലം ചെയ്യാനുള്ള ലേല ഹാള്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകള്‍, ടോയ്‌ലറ്റ് ബ്ലോക്കുകളും കാന്റീനും തുടങ്ങിയ ലോക നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് പുതിയ മത്സ്യബന്ധന തുറമുഖം വരുന്നത്. പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം പള്ളിക്കടുത്തുള്ള പഴയ തുറമുഖം നവീകരിക്കാന്‍ 45 കോടി രൂപയും മൊഹിയുദ്ദീന്‍ പള്ളിക്ക് സമീപമുള്ള ഭാഗം നവീകരിക്കാന്‍ 45 കോടി രൂപയും വിനിയോഗിക്കും. ഈ നവീകരണങ്ങള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടത്തുകയും പ്രധാനമന്ത്രി മത്സ്യ അക്തര്‍ യോജനയ്ക്ക് കീഴില്‍ കേന്ദ്രത്തില്‍ നിന്ന് സഹായം തേടുകയും ചെയ്യും.
പ്രവര്‍ത്തനക്ഷമമായാല്‍, കടലില്‍ നിന്ന് ബോട്ടിലെത്തുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റുമതിക്കായി തുറമുഖത്ത് പാക്ക് ചെയ്യാം. ഇതിനൊപ്പംതന്നെ ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണത്തിനും സംസ്ഥാന വിഹിതം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു . ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണത്തിനായി 1629 .24 കോടി രൂപയുടെ പാക്കേജിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. ഭൂമി ഏറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയായ 930.41 കോടി രൂപ സംസ്ഥാനം വഹിക്കും. ഈ തുക കിഫ്ബിയില്‍ നിന്നും അനുവദിക്കും. സര്‍വ്വീസ് റോഡ് നിര്‍മ്മാണത്തിന് 477.33 കോടി രൂപയും സംസ്ഥാനമാണ് വഹിക്കുക. ഈ തുക സംസ്ഥാനം 5 വര്‍ഷത്തിനകം നല്‍കും. ചരക്ക് സേവന നികുതി ഇനത്തില്‍ 210.63 കോടി രൂപയും റോയല്‍റ്റി ഇനത്തില്‍ 10.87 കോടി രൂപയും ഒഴിവാക്കി സംസ്ഥാനം അധികബാധ്യത വഹിക്കാനും തീരുമാനിച്ചു.
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 62.7 കിലോ മീറ്റര്‍ ദൂരത്തില്‍ നാലു വരി പാതയും സര്‍വ്വീസ് റോഡും നിര്‍മ്മിക്കാനാണ് പദ്ധതി. 281.8 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിയ്ക്ക് ആയി ഏറ്റെടുക്കേണ്ടി വരിക. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ ഇനി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് മന്ത്രി റിയാസ് പറയുന്നത്. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി രാജ്യാന്തര ടൂറിസം വര്‍ധിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് .ടൂറിസം രംഗത്ത് ക്രൂയിസ് ടൂറിസത്തിനു പ്രധാന്യമുള്ള ഘട്ടമാണിത്. അത്തരത്തില്‍ ക്രൂയിസ് ഷിപ്പുകള്‍ എത്തിക്കുന്നതു സംബന്ധിച്ച് ആലോചനകളും ഉണ്ടെന്നു മന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha