വിനീത കൊലക്കേസിൽ നിർണായക മൊഴിയുമായി ഫോറൻസിക് ഡോക്‌ടർ; ശബ്ദം പുറത്ത് വരാതിരിക്കാന്‍ സ്വനപേടകത്തിന് മുറിവേല്‍പ്പിക്കുന്ന രീതി...
തലസ്ഥാനത്തെ ഞെട്ടിച്ച വിനീത കൊലക്കേസിൽ നിർണായക മൊഴിയുമായി ഫോറൻസിക് ഡോക്‌ടർ ആര്‍ രാജ മുരുഗന്‍. വിനീതയെ കഴുത്തറത്ത് കൊലപ്പെടുത്തിയ അതേ രീതിയിലാണ് തമിഴ്‌നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്ന് പേരെ കൊലപ്പെടുത്തിയതെന്ന് ഫോറൻസിക് ഡോക്‌ടർ മൊഴി നൽകി. തമിഴ്‌നാട് തോവാളയിലുള്ള കസ്‌റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വാസന്തി, മകള്‍ അഭിശ്രീ എന്നിവരെയാണ് പ്രതി മുമ്പ് കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിലുള്ള അതേ മുറിവുകളാണ് മൂന്ന് പേരുടേയും കഴുത്തിലുണ്ടായിരുന്നതെന്ന് അന്ന് പോസ്‌റ്റ്‌മോർട്ടം നടത്തിയ ഫോറന്‍സിക് വിദഗ്‌ധൻ ഡോ ആര്‍ രാജ മുരുഗന്‍ കോടതിയിൽ മൊഴി നൽകി.
കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്‌നാട്ടിലും മൂന്ന് കൊലപാതകം നടത്തിയതെന്ന് തമിഴ്‌നാട് സിബിസിഐഡി ഇന്‍സ്‌പെക്‌ടര്‍ എന്‍ പാര്‍വ്വതിയും മൊഴി നല്‍കി. അമ്പലമുക്കിലെ ചെടിക്കടയിൽ ജോലി ചെയ്‌തിരുന്ന വിനീതയെ ഹോട്ടൽ ജീവനക്കാരനായ രാജേന്ദ്രൻ സ്വർണാ ഭരണം മോഷ്‌ടിക്കുന്നതിനായി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്നാട്ടിലും മൂന്നു കൊലപാതകം ചെയ്തതെന്ന് കേസന്വേഷിച്ച തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരും കോടതിയിൽ തിരിച്ചറിഞ്ഞു. ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. പ്രസൂണ്‍ മോഹനന് മുന്നിലാണ് ഡോ. ആര്‍. രാജ മുരുഗന്‍ മൊഴി നല്‍കിയത്.
ഇരകളുടെ ശബ്ദം പുറത്ത് വരാതിരിക്കാന്‍ സ്വനപേടകത്തിന് മുറിവേല്‍പ്പിക്കുന്ന രീതിയാണ് പ്രതി അവലംബിക്കുന്നത്. മുറിവിന്റെ ആഴവും ഉപയോഗിച്ച ആയുധവും ഒരുപോലത്തെതാണെന്ന് ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. ഇരയുടെ പുറകിലൂടെ എത്തിയാണ് കഴുത്തില്‍ കത്തി കുത്തിയിറക്കി ആഴത്തില്‍ മുറിവ് ഉണ്ടാക്കുന്നത്. ഈ മുറിവ് പിന്നീട് മരണ കാരണമായി തീരുമെന്നും ഡോക്ടര്‍ മൊഴി നല്‍കി.
കൊല്ലപ്പെട്ട സുബ്ബയ്യയുടെയും കുടുംബത്തിന്റെയും കൊലപാതകത്തിലെ പ്രതിയാണ് കോടതിയില്‍ ഉളളതെന്ന് പ്രസ്തുത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച തമിഴ്‌നാട് സി.ബി.സി.ഐ.ഡി ഇന്‍സ്‌പെക്ടര്‍ എന്‍. പാര്‍വ്വതിയും മൊഴി നല്‍കി. പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനാണ് തമിഴ്‌നാട്ടിലെ പോലീസ് ഉദ്യോഗസ്ഥരെയും പ്രേത വിചാരണ ചെയ്ത ഡോക്ടറെയും വിളിച്ച് വരുത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. പ്രതിയുടെ കൊലപാതകത്തിലെ സമാനരീതികളും പ്രതി സ്വര്‍ണ്ണത്തിന് വേണ്ടിയാണ് മൂന്ന് കൊലപാതകങ്ങളും ചെയ്തതെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു സാക്ഷികളെ തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചത്.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കനത്ത പോലീസ് നിരീക്ഷണത്തിലായിരിക്കെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച് പട്ടാപകല്‍ കൊലപാതകം നടന്നത്. പേരൂര്‍ക്കടയിലെ അലങ്കാരചെടി വില്‍പ്പന ശാലയിലെത്തിയ തമിഴ്‌നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന്‍ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ നാലരപവന്‍ തൂക്കമുളള സ്വര്‍ണ്ണമാല കവര്‍ന്നത്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ തോവാള കാവല്‍കിണറിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് പേരൂര്‍ക്കടപോലീസ് പിടികൂടിയത്.
വിനീതയുടെ മൃതദേഹം തന്റെ കടയ്ക്കുളളില്‍ മൂടിയിട്ട നിലയിലാണ് കണ്ടെതെന്ന് കടയുടമയും നാലാഞ്ചിറ സ്വദേശിയുമായ തോമസ് മാമന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ചെടി വാങ്ങാന്‍ കടയിലെത്തിയ ഉപഭോക്താവ് കടയ്ക്കുളളില്‍ വിനീതയെ കാണുന്നില്ലെന്ന് ഫോണ്‍ ചെയ്ത് അറിയിച്ചപ്പോഴാണ് താന്‍ കടയിലെത്തിയതെന്നും കോടതിയിൽ നേരത്തെ വ്യക്തമാക്കിരുന്നു. സമീപത്തെ വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരിയെ കൂട്ടി തിരച്ചില്‍ നടത്തുമ്പോഴാണ് ചെടിച്ചട്ടികളുടെ ഇടയില്‍ മൂടിയിട്ട നിലയില്‍ വിനീതയുടെ മൃതദേഹം കണ്ടത്. താന്‍ വിനീതയുടെ മൃതദേഹം കാണുമ്പോള്‍ വിനീത സ്ഥിരമായി ധരിക്കാറുണ്ടായിരുന്ന മാല അവരുടെ കഴുത്തില്‍ ഉണ്ടായിരുന്നില്ലെന്നും തോമസ് മാമൻ മൊഴി നൽകുകയായിരുന്നു.
രാജേന്ദ്രനെ ഭയന്ന് അയാളുടെ മുറിക്കു സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്നു സാക്ഷി മൊഴി പുറത്ത് വന്നിരുന്നു. കാവല്‍കിണര്‍ സ്വദേശി രാജദുരൈയാണ് മൊഴി നല്‍കിയിരുന്നത്. 2022 ഫെബ്രുവരി ആറിനാണ് പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് സ്വദേശിനിയുമായ വിനീതയെ പ്രതി കുത്തി കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha