ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്; കുട്ടികള്‍ തന്നെ കണ്ട് പഠിക്കരുതെന്ന് വേടന്

പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. താന്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ആളാണെന്നും സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യമാണ് വാങ്ങുന്നതെന്നും വേടന്‍. തന്നെ കാണുന്ന കൊച്ചുകുട്ടികളില്‍ ഇത് സ്വാധീനം ചെലുത്തുന്നുണ്ട്. ആ കാര്യത്തില്‍ തന്നെ കണ്ട് സ്വാധീനിക്കപ്പെടരുതെന്നാണ് പറയാനുള്ളതെന്നും വേടന്‍ പറഞ്ഞു. മാദ്ധ്യമങ്ങളോടായിരുന്നു പ്രതികരണം. വേടന് അനുവദിച്ച ജാമ്യ ഉത്തരവിലാണ് പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്നത് ശാസ്ത്രീയമായി ഇതുവരെ തെളിയിച്ചിട്ടില്ല. സമാനമായ കുറ്റകൃത്യത്തില്‍ വേടന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
'എന്നെ തിരുത്താന്‍ പരമാവധി ശ്രമിക്കും. കള്ളുകുടിയും പുകവലിയും നിര്‍ത്താന്‍ ശ്രമിക്കും. ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്. ഇരട്ട നീതി ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. അതിനെക്കുറിച്ച് വേടന് ഒന്നും പറയാനില്ല. മന്ത്രിയുടെ വാക്കുകളില്‍ അഭിപ്രായം പറയാന്‍ ആളല്ല. ഞാന്‍ ഒരു കലാകാരനാണ്. വേടന്‍ പൊതുസ്വത്താണ്, ഒരു കലാകാരന്‍ പൊതുസ്വത്താണ്. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുക എന്നുള്ളത് എന്റെ ജോലിയാണ്. അതുഞാന്‍ മരിക്കുന്നതുവരെ ചെയ്യും. സമൂഹത്തില്‍ എല്ലാവരും തുല്യരല്ല എന്നുള്ളത് എല്ലാവരുടെയും മനസില്‍ ഉണ്ടായിരിക്കണം. വിവേചനപൂര്‍ണമായ സമൂഹമാണ് നമ്മുടേത്. എന്റെ എഴുത്തും വായനയും പാട്ടുകളുമെല്ലാം ഇതിനെതിരെയുള്ള പോരാട്ടമാണ്'- വേടന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha