ആഗ്രഹം സഫലമാകാതെ... ജർമനിയിലെത്തി ജോലിക്കു കയറും മുൻപേ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ ജോബി ഏതാനും പേരിലൂടെ ഇനിയും ജീവിക്കും

ഏറെ പ്രതീക്ഷയോടെ ജർമനിയിലെത്തി ജോലിക്കു കയറുന്നതിനു മുൻപേ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയെങ്കിലും ഏതാനും പേരിലൂടെ ജോബി ഇനിയും ജീവിക്കും.
തത്തംപള്ളി കുഴിവേലിക്കകത്തു ചിറയിൽ ജോബി കുര്യൻ (40) കഴിഞ്ഞദിവസമാണ് ജർമനിയിൽ അന്തരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ചു. രണ്ടരമാസം മുൻപാണ് ജർമനിയിൽ എത്തിയത്. അവിടെ ജോലിക്കായി തയ്യാറെടുപ്പുനടത്തുമ്പോഴായിരുന്നു അപ്രതീക്ഷിത വിയോഗമുണ്ടായത്.
തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യുന്നതിനായി കുടുംബം തീരുമാനിച്ചത്. വൃക്ക, കരൾ എന്നിവ നൽകുന്നുവെന്നാണ് നാട്ടിലുള്ള ബന്ധുക്കൾക്കു ലഭിച്ച പ്രാഥമികവിവരമുള്ളത്. അവിടത്തെ നടപടിക്രമങ്ങൾ കഴിഞ്ഞാലേ കൃത്യമായി അറിയാൻ കഴിയുകയുള്ളൂ.
വർഷങ്ങൾക്കു മുൻപ് ലിബിയയിലായിരുന്നു ജോബി ജോലി ചെയ്തിരുന്നത്. ആഭ്യന്തര കലാപത്തെത്തുടർന്ന് നാട്ടിലേക്കു മടങ്ങുകയായിരുന്നു. പിന്നീട്, നാട്ടിൽ പല സ്ഥലങ്ങളിലായി ജോലിനോക്കി. അതിനുശേഷമാണ് ജർമനിയിൽ പോകുന്നത്. അവിടെവെച്ച് കുളിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ നേരത്തേ ജർമനിയിലേക്കു പോയിരുന്നു. മകൾക്കൊപ്പമാണ് ജോബി പോയത്.
അതേസമയം അച്ഛൻ കുഴഞ്ഞുവീണത് കണ്ട് മകൾ അടുത്തുള്ള മലയാളി കുടുംബത്തെ വിളിച്ചറിയിക്കുകയായിരുന്നു. അവരെത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്ന്. അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: നിവ്യാ ജോബി. ഒരു മകളുണ്ട്.
"
https://www.facebook.com/Malayalivartha



























