കാറിനുള്ളിൽ വിശ്രമിക്കുകയായിരുന്ന ശബരിമല തീർത്ഥാടകൻ്റെ സ്വർണ മാല പറിച്ചോടി കള്ളൻ; സിസിടിവി ദൃശ്യങ്ങളിൽ കണ്ട കാഴ്ച

തിരുവനന്തപുരം നഗരത്തിൽ ശബരിമല തീർത്ഥാടകൻ്റെ സ്വർണ മാല പറിച്ച് മോഷണം. ശബരിമല ദർശനത്തിന് ശേഷം പത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനെത്തിയ തീർത്ഥാടകന്റെ മാലയാണ് മോഷ്ടിച്ചത് . ബംഗളൂരു സ്വദേശിയായ തീർത്ഥാടകൻ വാഹനത്തിൽ വിശ്രമിക്കുമ്പോഴായിരുന്നു 8 പവൻ്റെ സ്വർണ മാല മോഷണം പോയത്. കാറിനുള്ളിൽ നിന്നുമായിരുന്നു മോഷ്ടാവ് മാല പൊട്ടിച്ചത്. തിരുവനന്തപുരം കോട്ടയ്ക്കകത്തെ പാർക്കിംഗ് ഏരിയയിലായിരുന്നു കാർ.
സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രതി മാല മോഷ്ടിക്കുന്നതും ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് . സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി.
ബംഗല്ലൂരു സ്വദേശി പരശുറാം യാലുക്കറും സുഹൃത്തുക്കളും ശബരിമല ദർശനം കഴിഞ്ഞ് രാത്രിയോടെ തലസ്ഥാനത്തെത്തിയിരുന്നു. പുലർച്ചെ കോട്ടയ്ക്കകത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലുമെത്തി. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകാനായിരുന്നു സംഘം അവിടെ കിടന്നത്. കാറിൻറെ ഒരു വാതിൽ തുറന്നു വെച്ചായിരുന്നു എല്ലാവരുടെയും വിശ്രമം . പുലർച്ചെ നാല് മണിയ്ക്കായിരുന്നു മോഷണം നടന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























