പുല്ലൂർ-പെരിയയിലെ വിവിധ സ്ഥലങ്ങളിൽ മാസങ്ങളായി ഭീതി പടർത്തിയ പുലി കിണറ്റിൽ വീണു...

പുല്ലൂർ-പെരിയയിലെ വിവിധ സ്ഥലങ്ങളിൽ മാസങ്ങളായി ഭീതി പടർത്തിയ പുലി കിണറ്റിൽ വീണു. കൊടവലം നിരളംകൈയിലെ മധുവിന്റെ കൃഷിയിടത്തിലെ കവുങ്ങുംതോട്ടത്തിലെ കിണറ്റിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പുലിയെ കണ്ടത്. മോട്ടോറിലൂടെ വെള്ളംവരാത്തത് ശ്രദ്ധയിൽപ്പെട്ട മധുവിന്റെ അമ്മ നോക്കിയപ്പോഴാണ് പൈപ്പിൽ പിടിച്ചിരിക്കുന്ന പുലിയെ കണ്ടത്.
വിവരം നാട്ടുകാരെയും ഫോറസ്റ്റ് അധികൃതരെയും അറിയിച്ചു. സുനിൽ സുരേന്ദ്രന്റെ നേതൃത്വത്തിലെത്തിയ സർപ്പ വൊളന്റിയർമാരും നാട്ടുകാരും ചേർന്ന് വാഴത്തടയും മരക്കഷണങ്ങളും കിണറ്റിലിട്ട് പുലിക്ക് കയറിനിൽക്കാൻ സൗകര്യമൊരുക്കി. കിണറ്റിലുള്ള കയർ പുലിയുടെ അടുത്തേക്ക് അടുപ്പിച്ചപ്പോൾ പുലി ഇതിൽ പിടിച്ചുനിന്നു. പിന്നീട് അഞ്ച് വള്ളിക്കുട്ട താഴ്ത്തിയത്തോടെ പുലി അതിൽ കയറി കിടന്നു.വെള്ളത്തിന്റെ പൈപ്പ് പുലി കടിച്ചുമുറിച്ച നിലയിലായിരുന്നു.
സംഭവമറിഞ്ഞ് അമ്പലത്തറ എസ്‌ഐ എ.പി.കൃഷ്ണൻ, എഎസ്ഐ ജയരാജൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ.റീജു, ബിജു കീനേരി എന്നിവരും സ്ഥലത്തെത്തി. കാസർകോട്ടുനിന്ന് വനം വകുപ്പിന്റെ ദ്രുതകർമസേന കൂടുമായി സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലി കൂട്ടിലാകുകയായിരുന്നു.
https://www.facebook.com/Malayalivartha


























