പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം മറച്ചുവച്ചുവെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകനായ അനിലിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവം അറിഞ്ഞ് അധ്യാപകനെതിരെ മാനേജ്‌മെന്റ് നടപടിയെടുത്തിട്ടും പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകിയെന്ന് സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളമാണ് സംഭവം മറച്ചുവച്ചത്. പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ 18നാണ് വിദ്യാര്‍ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകിയെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
പീഡന വിവരം മറച്ചുവച്ചതിനും അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമടക്കം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും. സ്‌കൂളിലെ പ്രധാനാധ്യാപകന്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരോട് ഡിവൈഎസ്പി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. വിശദമായ ചോദ്യം ചെയ്യലിനുശേഷം കേസെടുത്തേക്കുമെന്നാണ് വിവരം.
മലമ്പുഴയിലെ സ്‌കൂള്‍ അധ്യാപകനായ അനിലാണ് ഇന്നലെ അറസ്റ്റിലായത്. പീഡനത്തിനിരയായ വിദ്യാര്‍ഥി സുഹൃത്തിനോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് കൂട്ടുകാരന്റെ അമ്മ വഴിയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha

























