ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം

ബിജെപി പ്രവര്‍ത്തകര്‍ ഏറെ ആവേശത്തിലാണ്. കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി ബി ജെ പി. ഇതിന്‍റെ ആദ്യപടിയായി ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയും തിരുവനന്തപുരത്തേക്ക് എത്തുന്നു. ജനുവരി 11 ഞായറാഴ്ചയാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുക. എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയുള്ള പ്രവർത്തനത്തിനാണ് ബി ജെ പി ഇക്കുറി മുൻതൂക്കം നൽകുന്നത്. മിഷൻ 2026 ൽ 35 സീറ്റുകളിലാണ് ബി ജെ പി പ്രധാനമായും കണ്ണുവയ്ക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒന്നാമതും രണ്ടാമതുമെത്തിയ മണ്ഡലങ്ങളും കാര്യമായ നിലയിൽ വോട്ട് നേടിയ മണ്ഡലങ്ങളുമാകും ഇവ. ഭരണം പിടിക്കുന്നതിനപ്പുറം 2026 ൽ കേരളം ആര് ഭരിക്കണമെന്ന് തീരൂമാനിക്കുന്ന നിലയിൽ വളരുക എന്നതാണ് 35 സീറ്റുകളിൽ വലിയ ശ്രദ്ധ വെച്ചുള്ള ബി ജെ പി തന്ത്രം.
ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ബി ജെ പി കോർ കമ്മിറ്റി യോഗത്തിലും തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച കൗൺസിലർമാരുടെ യോഗത്തിലും പങ്കെടുക്കും. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ, മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രധാന നേതാക്കളെല്ലാം യോഗത്തിൽ സംബന്ധിക്കും. ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലസ്ഥാനത്ത് എത്തും. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപറേഷനിൽ ബി ജെ പി ഭരണം നേടിയതിൽ, തലസ്ഥാന ജനതയെ അടക്കം പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനുള്ള സാധ്യതയാണ് കാണുന്നത്. തലസ്ഥാനത്ത് പ്രധാനമന്ത്രി വമ്പൻ പ്രഖ്യാപനം നടത്തുമോയെന്നും ആകാംക്ഷയുണ്ട്.
അതേസമയം മോദിയെ ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രചരണം തന്നെയാകും സംസ്ഥാനത്ത് ബി ജെ പി പിന്തുടരുക. മോദിയെ മുഖമാക്കുന്നതിലൂടെ അക്കൗണ്ട് തുറക്കുന്നതിനപ്പുറം കൂടുതൽ സീറ്റുകൾ നേടാം എന്നതാണ് സംസ്ഥാന ബി ജെ പിയുടെ പ്രതീക്ഷ. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രധാന നേതാക്കളെ സ്ഥാനാര്‍ഥികളാക്കാൻ ഏറെക്കുറെ ധാരണയായിട്ടുണ്ട്. നേമത്ത് മത്സിരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആദ്യം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് വി മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്. കെ സുരേന്ദ്രന്‍റെ പേര് പാലക്കാടാണ് സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രന്‍റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്.
അതേസമയം കേരളത്തിൽ ദേശീയ പാത നിർമ്മാണത്തിൽ പൂർത്തിയാകാനുള്ള മേൽപാലങ്ങൾ ഇനി തൂണുകളിൽ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിലവിലുള്ള സംരക്ഷണ ഭിത്തി മോഡലിന് പകരമായാണ് തൂണുകളിൽ മേൽപാലങ്ങൾ പണിയുന്നതെന്നും അദ്ദേഹം എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ച് കുറിപ്പിൽ വ്യക്തമാക്കി. ഈ പുതിയ രീതി ഹൈവേകളിൽ വലിയ ഗുണമുണ്ടാക്കുമെന്നും യാത്ര സുഗമമാക്കാൻ സഹായിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വിവരിച്ചു. കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിൽ സംരക്ഷണ ഭിത്തി മോഡൽ പലയിടത്തും പാളിയതും അപകടങ്ങളുണ്ടാകുകയും ചെയ്തതുമാണ് മേൽപാലങ്ങൾ തൂണുകളിൽ നിർമ്മിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് ഫെബ്രുവരി - മാർച്ച് മാസത്തോടെ അന്തിമ അംഗീകാരം ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുക കൃത്യമായി നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കേരളത്തിലെ റോഡ് വികസനത്തിന് ഈ പുതിയ നിർമ്മാണ രീതിയും ഔട്ടർ റിംഗ് റോഡ് പദ്ധതിയും വലിയ വേഗത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് വടകര റീച്ചില്‍ അഴിയൂര്‍ മേഖലയിലെ സംരക്ഷണ ഭിത്തി നെടുകെ പിളര്‍ന്നെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ചോമ്പാല്‍ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടര്‍പാസിനും മധ്യേയുള്ള സംരക്ഷണഭിത്തിയാണ് പിളര്‍ന്നിരിക്കുന്നത്. കുഞ്ഞിപ്പളളി അണ്ടര്‍പാസിനായി ഇരുഭാഗങ്ങളിലായി റോഡ് ഉയര്‍ത്തിയിരുന്നു. ഇതൊരു ഭാഗം അവസാനിക്കുന്നത് കുഞ്ഞിപ്പള്ളി ടൗണിലും മറുഭാഗം അവസാനിക്കുന്നത് ചോമ്പാല്‍ ബ്ലോക്ക് ഓഫീസിന് അടുത്തുമാണ്. സര്‍വീസ് റോഡിന് സമീപമാണ് അപകടം നടന്നിരിക്കുന്നത്. നിര്‍മ്മാണത്തിന്റ ഭാഗമായി ഇവിടെ മണ്ണ് നിറയ്ക്കുകയാണ്. ഭാരം കനക്കുന്നതോടെ ദേശീയപാത തകരുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. റോഡ് നിര്‍മ്മാണ ചുമതലയുള്ള കമ്പനിയുടെ എഞ്ചിനീയറിങ് വിഭാഗം പ്രശ്നം നിസ്സാരവത്ക്കരിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. തകര്‍ന്ന സംരക്ഷണ ഭിതി മാറ്റി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മേയർ പദവി നൽകാത്തതിൽ ആര്‍ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്ത തന്റെയോ ഡെപ്യൂട്ടി മേയറുടെയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ്. ഏതോ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത വന്നു എന്ന് പറയുന്നു. താനും ഡെപ്യൂട്ടി മേയറും പല തിരക്കുകളിലാണ്. എന്താണ് കാര്യമെന്ന് അന്വേഷിച്ചിട്ട് ഇക്കാര്യത്തില്‍ വിശദമായ മറുപടി നല്‍കാമെന്നും വി വി രാജേഷ് പറഞ്ഞു.
ഭരണം ലഭിച്ച ദിവസം മുതലുള്ള കോര്‍പ്പറേഷന്റെ കാര്യങ്ങള്‍ വളരെ നന്നായി നടക്കുന്നുണ്ട്. എല്ലാ കൗണ്‍സിലര്‍മാരും വളരെ നന്നായി പ്രവര്‍ത്തിക്കുന്നവരാണ്. ഇന്നലെ സംസ്ഥാന അധ്യക്ഷനും ആര്‍ ശ്രീലേഖയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയിരുന്നു. എല്ലാ കാര്യങ്ങളും നന്നായി പോകുന്നു. ഡെപ്യൂട്ടി മേയര്‍ വളരെ ആക്ടീവാണ്. കഴിഞ്ഞ എട്ട് ദിവസങ്ങളായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും വി വി രാജേഷ് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറാക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ആര്‍ ശ്രീലേഖ പറഞ്ഞിരുന്നു. കൗണ്‍സിലറാകാന്‍ വേണ്ടിയല്ല മത്സരിപ്പിച്ചത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വി വി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറും ആയതെന്നും ശ്രീലേഖ തുറന്നടിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു ശ്രീലേഖയുടെ പരസ്യപ്രതികരണം.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി തിരുവനന്തപുരം മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും. കോർപ്പറേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടിയതായി വി.വി. രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന തലസ്ഥാനങ്ങളിലെ കോർപ്പറേഷനിലേക്കുള്ള കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായും അദ്ദേഹം കുറിച്ചു.
ഇന്ന് രാവിലെ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥുമൊന്നിച്ച് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ച് കോർപ്പറേഷൻ്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ പിന്തുണ തേടി. വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തതിനൊപ്പം, സംസ്ഥാന തലസ്ഥാനങ്ങളിലെ കോർപ്പറേഷനുകളിലേക്കുള്ള കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ട് പോകുവാനുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുവാനും ആവശ്യപ്പെട്ടു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സംസ്ഥാന നേതൃത്വം മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തികാണിച്ച ശ്രീലേഖയെ അവസാനനിമിഷം മാറ്റിയാണ് വി വി രാജേഷിനെ പദവിയിലേക്ക് ഉയര്‍ത്തിയത്. രാജേഷിനെ മേയര്‍ ആക്കാന്‍ ആര്‍എസ്എസിനെ അടക്കം ഇടപെടുത്തി വി മുരളീധര പക്ഷം നടത്തിയ നീക്കം ഫലം കാണുകയായിരുന്നു. ഒടുക്കം യമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിപ്പിക്കാമന്ന വാഗ്ദാനമാണ് നേതൃത്വം ശ്രീലേഖയ്ക്ക് നല്‍കിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ പരാജയപ്പെട്ടാല്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷപദവി അടക്കമുള്ള സ്ഥാനങ്ങളും സംസ്ഥാന നേതൃത്വം ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ധാരണയോട് ശ്രീലേഖ എതിപ്പറിയിച്ചിട്ടില്ല. മേയര്‍ സ്ഥാനത്ത് പരിഗണിക്കാത്തത് സംബന്ധിച്ച് പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം ശ്രീലേഖയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി വി രാജേഷിനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപി സംസ്ഥാന നേതൃത്വത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ഇക്കുറി വിജയം കണ്ടതെന്ന് നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത് മേയര്‍ വി വി രാജേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കോര്‍പ്പറേഷനില്‍ ഇടതുമുന്നണിയും യുഡിഎഫും കാലങ്ങളായി നടത്തിയിരുന്ന ഫിക്‌സ്ഡ് മാച്ച് അവസാനിപ്പിച്ചാണ് ബിജെപി ഭരണം പിടിച്ചെടുത്തതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷനിലേക്ക് വിജയിച്ച എല്ലാ ബിജെപി കൗണ്‍സിലര്‍മാരെയും അഭിനന്ദിക്കുന്നു. വികസിത തിരുവനന്തപുരം എന്ന ബിജെപിയുടെ കാഴ്ചപ്പാടിന് വോട്ടര്‍മാര്‍ നല്‍കിയ അംഗീകാരമാണ് ഈ നേട്ടമെന്നും മോദി കത്തില്‍ പറയുന്നു.
തിരുവനന്തപുരം സന്ദര്‍ശിച്ചതിന്റെ മനോഹരമായ ഓര്‍മ്മകള്‍ ഇപ്പോഴും എന്നിലുണ്ട്. ശ്രീ പത്മനാഭസ്വാമിയാല്‍ അനുഗ്രഹിക്കപ്പെട്ട നഗരമാണിത്. കേരളത്തിന്റെ തലസ്ഥാന നഗരമാണ്. ചിന്തകന്മാരായ നേതാക്കള്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍, കവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സന്യാസിമാര്‍ തുടങ്ങിയവരെ വളര്‍ത്തിയെടുത്ത നഗരമാണ്. ഈ നഗരം ബിജെപിയെ അനുഗ്രഹിക്കുമ്പോള്‍, അത് വളരെ വിനീതമാണ്. ഈ പിന്തുണയ്ക്ക് നഗരത്തിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നുവെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി അഭിനന്ദനസന്ദേശം പുതുവത്സരസമ്മാനം ആണെന്ന് കത്ത് പങ്കുവെച്ചുകൊണ്ട് മേയര്‍ വി വി രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോദിജിയുടെ സഹായ വാഗ്ദാനം ലഭിച്ചതിലൂടെ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണ് കൈവന്നിട്ടുള്ളത്. കഴിഞ്ഞ നീണ്ട നാളുകളായുള്ള കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന് നമ്മുടെ പ്രധാനമന്ത്രി തിരിച്ചു നല്കുന്ന സ്‌നേഹവും കരുതലും ഈ സംസ്ഥാനത്തിനുള്ള അംഗീകാരം കൂടിയാണ്. വി വി രാജേഷ് പറഞ്ഞു.
ശബരിമലയിൽ മകരവിളക്കിന് ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. മകരവിളക്ക് കാലത്ത് മുറികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയകളെ തടയാൻ ഇത്തവണ കർശന നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി മുറികൾക്കായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കും. തിരിച്ചറിയൽ രേഖകൾ നൽകി മാത്രമേ മുറികൾ ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ദർശന പാസുകളുടെ കാര്യത്തിലും ഇത്തവണ കർശന നിയന്ത്രണമുണ്ടാകും. പാസുകൾ കൈമാറ്റം ചെയ്യുന്നത് തടയാൻ ഫോട്ടോ പതിപ്പിച്ച പാസുകളായിരിക്കും തിരുമുറ്റത്തെ ദർശനത്തിനായി നൽകുകയെന്നും കെ ജയകുമാർ വിവരിച്ചു.
ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ബോർഡ് തീരുമാനിച്ചതായി പ്രസിഡന്‍റ് അറിയിച്ചു. പമ്പയെ ശബരിമലയുടെ പ്രവേശന കവാടം എന്ന നിലയിൽ കൂടുതൽ മനോഹരമാക്കും. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങൾ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്ത് നടത്താനാണ് ശ്രമിക്കുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. തിരുമുറ്റത്തെ സ്ഥലപരിമിതി പരിഹരിക്കാൻ ചില വികസന പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികൾ മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വികസന പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്നും ഫണ്ട് കണ്ടെത്തുന്നതിനൊപ്പം സ്പോൺസർമാരിൽ നിന്നും സുതാര്യമായ രീതിയിൽ പണം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. പമ്പാ വികസനം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കഴിഞ്ഞതായും ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് മുൻഗണനയെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ മകരവിളക്ക് തീർത്ഥാടനത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങളും കൂടുതൽ ശക്തമാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
"https://www.facebook.com/Malayalivartha

























